തങ്ക അങ്കി ഘോഷയാത്ര 22-ന് ആരംഭിക്കും

December 17, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ശബരിമല മണ്ഡലപൂജയ്ക്ക് ശ്രീധര്‍മ്മശാസ്താവിന് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഈ മാസം 22-ന് ആരംഭിക്കും.  ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ വെളുപ്പിന് അഞ്ച് മണിമുതല്‍ ഏഴ് മണിവരെ തങ്ക അങ്കി ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി വയ്ക്കും.  തുടര്‍ന്ന് രാവിലെ ഏഴ് മണിക്ക് അങ്കി അലങ്കരിച്ച രഥത്തില്‍ കയറ്റും.  ശബരിമല ശാസ്താവിന്റെ അതേ രൂപത്തിലുള്ള വിഗ്രഹത്തില്‍ അങ്കി അണിയിച്ചാണ് രഥത്തില്‍ കയറ്റുന്നത്.  22-ന് രാത്രി 9.45 ന് ഓമല്ലൂര്‍ രക്തകണ്ഠന്‍ ക്ഷേത്രത്തിലെത്തി വിശ്രമിക്കും.

അടുത്ത ദിവസം (23ന്) രാവിലെ എട്ടുമണിക്ക് അവിടെ നിന്നും തിരിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി 7.30 ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തും.  അന്ന് അവിടെ തങ്ങിയശേഷം 24 ന്  രാവിലെ 7.30 ന് യാത്ര ആരംഭിച്ച്  പര്യടനം പൂര്‍ത്തിയാക്കി രാത്രി 8.30 ന് റാന്നി പെരിനാട് അമ്പലത്തിലെത്തിച്ചേരും.  25-ന് രാവിലെ എട്ട് മണിക്ക് പെരിനാട്ടില്‍ നിന്നും പുറപ്പെട്ട് ഒന്‍പത് മണിക്ക് ളാഹ സത്രം, 10 മണിക്ക് പ്ലാപ്പള്ളി.  11 മണിക്ക് നിലയ്ക്കല്‍.  ഒരു മണിക്ക് ചാലക്കയം വഴി ഉച്ചയ്ക്ക് 1.30 ന് പമ്പയിലെത്തും.  പമ്പയിലെത്തുന്ന രഥഘോഷയാത്രയെ പമ്പ എ.ഒ., എസ്.ഒ, എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് പമ്പ ഗണപതി ക്ഷേത്ര സന്നിധിയിലെത്തിക്കും.  അവിടെ ഉച്ചക്ക് മൂന്ന് മണിവരെ ദര്‍ശനത്തിന് വച്ചശേഷം തങ്ക അങ്കി വിഗ്രഹത്തില്‍നിന്നും അഴിച്ചുമാറ്റി ഒരു പേടകത്തിലാക്കും.

പേടകം അയ്യപ്പസേവാസംഘം വോളന്റിയര്‍മാര്‍ ചുമന്ന് ശരംകുത്തിയിലെത്തിക്കും.  വൈകിട്ട് അഞ്ച് മണിയോടുകൂടി ശരംകുത്തിയില്‍ നിന്നെത്തുന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്തിലെത്തിക്കും.  വൈകിട്ട് ആറ് മണിയോടുകൂടി 18-ാം പടിയുടെ മുകളിലെത്തുന്ന പേടകത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍, ബോര്‍ഡംഗം സുഭാഷ് വാസു, പോലീസ് അധികൃതര്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തെത്തിക്കും.  സോപാനത്തെത്തുന്ന പേടകം ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും.  തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തി സന്ധ്യാദീപാരധന നടത്തും.  തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴിയായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവാണ് തങ്ക അങ്കി നടയ്ക്കുവച്ചത്.  26 ബുധനാഴ്ചയാണ് മണ്ഡലപൂജ.  അന്ന് ഉച്ചപൂജയാണ് മണ്ഡലപൂജ.  മണ്ഡലപൂജ പൂര്‍ത്തിയാക്കി അന്നുരാത്രി ഹരിവരാസനം പാടി തിരുനട അടക്കുന്നതോടെ 41 ദിവസം നീണ്ടുനിന്ന മണ്ഡലപൂജ മഹോത്സവം പൂര്‍ത്തിയാകും.  തുടര്‍ന്ന് മൂന്ന് ദിവസത്തെ ഇടവേളക്കുശേഷം മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30-ാം തീയതി നട തുറക്കും.  മണ്ഡലപൂജക്കെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ആവശ്യമായ അപ്പം, അരവണ പ്രസാദങ്ങള്‍ നല്‍കുവാനുള്ള കരുതല്‍ ശേഖരമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍