ശബരിമല ദിവസ വേതനം: നവംബര്‍ നാലു വരെ അപേക്ഷിക്കാം

October 31, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലപൂജ മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് രണ്ടുമാസം ദിവസവേതന വ്യവസ്ഥയില്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയം നവംബര്‍ നാലാം തീയതി വൈകീട്ട് അഞ്ചുവരെ നീട്ടി. അപേക്ഷകള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തിരുവനന്തപുരം നന്തന്‍കോട് ആസ്ഥാന ഓഫീസ് കോമ്പൗണ്ടിലുള്ള ചീഫ് എന്‍ജിനീയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി ഡോക്ടര്‍മാരെ നിയോഗിച്ചതോടെ പല താലൂക്ക് ആസ്​പത്രികളിലും ഓപ്പറേഷന്‍ തിയേറ്ററുകള്‍ പത്ത് ദിവസമെങ്കിലും അടച്ചിടേണ്ടിവരും. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ഡോക്ടര്‍മാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളതിനാലാണിത്.

ശബരിമലയിലേക്ക് ആരോഗ്യവകുപ്പ് പുറത്തിറക്കിയ പട്ടികയില്‍ സര്‍വീസില്‍ നിന്നു വിരമിച്ചവരും അമ്പതിനുമേല്‍ പ്രായമുള്ളവരും കടന്നുകൂടിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് ഉപേക്ഷിച്ച് വിദേശത്ത് ജോലി തേടിയവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

മുന്‍ വര്‍ഷത്തെ പട്ടിക പകര്‍ത്തി പുതിയതുണ്ടാക്കിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. സ്‌പെഷ്യാലിറ്റി കേഡര്‍ നിലവില്‍ വന്നതിനുശേഷം ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതൊന്നും ലിസ്റ്റ് പുറത്തിറക്കിയ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് അറിഞ്ഞിട്ടുപോലും ഇല്ല. ലിസ്റ്റില്‍ പലരുടേയും പേര് ഒരു വര്‍ഷം മുന്‍പ് സര്‍വീസിലുണ്ടായിരുന്ന ആസ്​പത്രികള്‍ക്കൊപ്പമാണ്. പുതുതായി സര്‍വീസില്‍ കയറിയവരെ ആരോഗ്യവകുപ്പ് ഇതിനായി പരിഗണിച്ചിട്ടുപോലുമില്ല.

മുന്നൂറോളം ഡോക്ടര്‍മാരെയും 265 പാരാമെഡിക്കല്‍ ജീവനക്കാരേയുമാണ് നവംബര്‍ 16 മുതല്‍ ജനവരി 21 വരെ വിവിധ ഘട്ടങ്ങളായി ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളളത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലെ ഡിസ്‌പെന്‍സറികള്‍, പത്തനംതിട്ട ജനറല്‍ ആസ്​പത്രി, സന്നിധാനത്തെ ഓപ്പറേഷന്‍ തിയേറ്റര്‍, അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിലെ കാര്‍ഡിയോളജി സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ഇവരെ താത്കാലികമായി നിയമിച്ചിട്ടുള്ളത്.
മിക്ക താലൂക്ക് ആസ്​പത്രികളിലും അനസ്‌തെറ്റിസ്റ്റ് അടക്കമുള്ള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ മാരുടെ ഓരോ തസ്തികകള്‍ മാത്രമാണുള്ളത്. അവരെയാണ് പകരം യാതൊരു സംവിധാനവും ഇല്ലാതെ ഏഴ് ദിവസത്തേക്ക് ശബരിമല ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. യാത്രയ്ക്കുള്ള ദിവസം കൂടി കണക്കിലെടുത്ത് പത്ത് ദിവസത്തോളം അവര്‍ സ്വന്തം ആസ്​പത്രിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.മകരവിളക്ക് സമയത്ത് നിയോഗിച്ചിട്ടുള്ളവര്‍ക്ക് ഇത് പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ വരുകയും ചെയ്യും. ശബരിമല ഡ്യൂട്ടിക്കായി ഡോക്ടര്‍മാര്‍ പോയിക്കഴിഞ്ഞാല്‍ പകരം സംവിധാനം ഒരുക്കേണ്ടത് ഡി.എം.ഒ മാരോ ആസ്​പത്രി മേധാവികളോ ആണ്. എന്നാല്‍ നിലവിലുള്ള ഒഴിവുകളില്‍ പോലും ഡോക്ടര്‍മാരില്ലാത്ത സ്ഥിതിക്ക് പത്ത് ദിവസത്തോളം പല വകുപ്പുകളിലും ഡോക്ടര്‍മാര്‍ ഇല്ലാത്ത സ്ഥിതിയാകുമെന്ന് ആസ്​പത്രി മേധാവികളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം