അക്ഷരപുരസ്കാരം പി.വത്സലയ്ക്ക്

December 18, 2012 കേരളം

തിരുവനന്തപുരം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷരപുരസ്കാരം പി.വത്സലയ്ക്ക് നല്‍കും. ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു എന്ന പി.വത്സലയുടെ കൃതിക്കാണ് അവാര്‍ഡ്. ഡോ.കെ.എസ്.രവികുമാര്‍ ചെയര്‍മാനും പ്രൊഫ.തുമ്പമണ്‍ തോമസ്, ഡോ.എ.ജി.ഒലീന എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് കൃതി തെരഞ്ഞെടുത്തത്. ഒന്നേകാല്‍ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

2013 ജനുവരി മൂന്നാംവാരം കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച പുസ്തകങ്ങളില്‍ നിന്നാണ് അവാര്‍ഡ് കൃതി തെരഞ്ഞെടുത്തത്. കഥാവിഭാഗത്തിനാണ് ഇത്തവണത്തെ പുരസ്കാരം. ആദ്യപുരസ്കാരം തകഴി ശിവശങ്കരപിള്ള (നോവല്‍) വയലാര്‍ രാമവര്‍മ്മ (കവിത) എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി നല്‍കി. 20 മാസത്തില്‍ ഒരു തവണ എന്ന നിലയ്ക്കാണ് പുസ്കാരം. നിയമസഭയില്‍ സഹകരണവകുപ്പുമന്ത്രി നടത്തിയ പ്രത്യേക പ്രഖ്യാപനത്തിലൂടെ 2010 ഒക്ടോബര്‍ ഒന്നിനാണ് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ്കാരം നിലവില്‍ വന്നത്. സഹകരണ നവരത്നം കേരളീയം പദ്ദതി അനുസരിച്ചുള്ള ഭാഗ്യക്കുറി ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയതിന്റെ പലിശയാണ് അവാര്‍ഡ് തുക. നിയമസഭയിലെ പ്രസ്റൂമില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, അവാര്‍ഡ് നിര്‍ണയ സമിതിയംഗം പ്രൊഫ.തുമ്പമണ്‍ തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം