മണര്‍കാട് സംഘം ശബരിമല ദര്‍ശനം നടത്തി

December 18, 2012 ക്ഷേത്രവിശേഷങ്ങള്‍

മണര്‍കാട് സംഘത്തിലെ അയ്യപ്പസന്നിധിയില്‍ പെരിയസ്വാമി വലിയകാണിക്ക സമര്‍പ്പിക്കുന്നു.

ശബരിമല: പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി ശബരിമല ദര്‍ശനം നടത്തിവരുന്ന മണര്‍കാട് സംഘം ചൊവ്വാഴ്ച സന്നിധാനത്ത് എത്തി പൂര്‍വ്വാചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ നടത്തി.  കഴിഞ്ഞ ഞായറാഴ്ചയാണ് മണര്‍കാട് ശ്രീധര്‍മ്മശാസ്താ സംഘത്തില്‍ നിന്നും 60 അംഗ സംഘം പുറപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചക്ക് നടതുറക്കുന്ന സമയത്ത് സംഘം ദര്‍ശനം നടത്തി.  മണര്‍കാട് ദേശവഴിക്കരയില്‍ നിന്ന് സംഭരിച്ച നീലപ്പട്ടില്‍ പൊതിഞ്ഞ പണക്കിഴി സോപാനനടയില്‍ സമര്‍പ്പിച്ചു.  തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരില്‍ നിന്നും തീര്‍ത്ഥവും പ്രസാദവും സ്വീകരിച്ച് പരമ്പരാഗത ആചാരം തുടര്‍ന്നു.

ഇത്തവണ പെരിയ സ്വാമി ആര്‍.രവി മനോഹര്‍, സി.എസ്.രാജപ്പന്‍, പി.മോഹനചന്ദ്രന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  ആദ്യകാലത്ത് പാരമ്പര്യശാന്തിക്കാരെ സംരക്ഷിച്ച് ശബരിമലയില്‍ എത്തിച്ചിരുന്നത് മണര്‍കാട് സംഘമായിരുന്നു. സംഘം മാളികപ്പുറത്തും നവഗ്രഹനടയിലും മറ്റ് ഉപദേവതാപ്രതിഷ്ഠാ സ്ഥാനങ്ങളിലും ദര്‍ശനവും വഴിപാടും നടത്തി ചൊവ്വാഴ്ച തന്നെ മലയിറങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍