ഒരു ബൈക്കില്‍ നാല്‌പത്തിയെട്ടുപേര്‍; മിലിട്ടറി പോലീസിന് ലോകറെക്കോഡ്

October 31, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ബാംഗ്ലൂര്‍: ഒരു മോട്ടോര്‍സൈക്കിളില്‍ എത്രപേര്‍ക്ക് യാത്രചെയ്യാം? രണ്ട് മുതിര്‍ന്നവര്‍ക്കെന്ന് നിയമം അനുശാസിക്കുന്നെങ്കിലും 48 പേര്‍ ഒരുമിച്ച് യാത്രചെയ്ത് ഇന്ത്യന്‍ കരസേനയിലെ പ്രത്യേക പോലീസ് വിഭാഗം റെക്കോഡിട്ടു.
ശനിയാഴ്ച ബാംഗ്ലൂര്‍ യലഹങ്കയിലെ വ്യോമസേനാ റണ്‍വേയിലൂടെ അഞ്ഞൂറ് സി.സി.യുടെ ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിളിലാണ് 48 പോലീസ് സേനാംഗങ്ങള്‍ ഒരു കിലോമീറ്റര്‍ യാത്രചെയ്ത് പുതിയ ലോകറെക്കോഡിട്ടത്. കരസേനാ പോലീസ് വിഭാഗത്തിലെ മോട്ടോര്‍സൈക്കിള്‍ അഭ്യാസികളുടെ സംഘമായ ‘ശ്വേത് അശ്വ’യാണ് ബ്രസീല്‍ ആര്‍മിയുടെ റെക്കോഡ് തിരുത്തിക്കുറിച്ചത്. 1995 ഡിസംബര്‍ 15ന് 1200 സി.സി.യുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ 47പേരുമായി ബ്രസീലിയന്‍ കരസേനാ സംഘം നടത്തിയ യാത്രയുടെ റെക്കോഡാണ് ഇന്ത്യന്‍ സംഘം തിരുത്തിയത്.
ഒരാളെ കൂടുതല്‍ കയറ്റി യാത്ര ചെയ്തുവെന്നുമാത്രമല്ല, 1200 സി.സി.യുടെ ബൈക്കിലാണ് ബ്രസീലിയന്‍ സേന റെക്കോഡ് കുറിച്ചതെങ്കില്‍ അതിന്റെ പകുതിപോലും കരുത്തില്ലാത്ത 500 സി.സി.യുടെ ബുള്ളറ്റാണ് ഇന്ത്യന്‍ സേനാംഗങ്ങള്‍ ഉപയോഗിച്ചത് എന്ന പ്രത്യേകതയും ഇതിലുണ്ട്.
കഠിന പരിശീലനവും സാങ്കേതികമായ ധാരണയും യോജിപ്പോടെയുള്ള പ്രവര്‍ത്തനവുമാണ് ഈ സാഹസിക യാത്ര സാധ്യമാക്കിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.
മേജര്‍ ജനറല്‍ എസ്.എസ്. ജോസ്, എയര്‍ കമ്മഡോര്‍ ബി.എസ്. ഭാരതി, ഐ.ജി. ഡോ. പരാഗിന്‍ മൂര്‍ത്തി, കളക്ടര്‍ എം.കെ.അയ്യപ്പ തുടങ്ങിയവര്‍ സാക്ഷ്യംവഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം