കൊലക്കയര്‍ തന്നെ പ്രതിവിധി

December 19, 2012 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

സ്ത്രീകളെ ദേവതയായി കരുതുന്ന സങ്കല്പമാണ് ആര്‍ഷഭാരതത്തിന്റേത്. എവിടെയാണോ സ്ത്രീകള്‍ ആരാധിക്കപ്പെടുന്നത് ആ സ്ഥലം സ്വര്‍ഗ്ഗസമാനമാകുമെന്നാണ് സഹസ്രാബ്ദങ്ങളായി ഭാരതം ഉരുവിടുന്നത്. ആ ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഏറ്റവും ഞെട്ടിപ്പിക്കുന്നതും ഭീവത്സവുമായ ഉദാഹരണമാണ് കഴിഞ്ഞദിവസം രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയിലുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഒരു ബസില്‍വച്ച് ആറു നരാധമന്മാര്‍ ചേര്‍ന്ന് മൃഗീയമായി മാനഭംഗപ്പെടുത്തി ജീവച്ഛവമാക്കുകയായിരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാണ് ആ പെണ്‍കുട്ടി.

ഒരു സിനിമ കണ്ടശേഷം കൂട്ടുകാരനോടൊപ്പം രാത്രി ഒന്‍പത് മുപ്പതിനാണ് ഈ പെണ്‍കുട്ടി ബസില്‍ കയറിയത്. രാജ്യത്ത് ഏറ്റവുമധികം സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന തലസ്ഥാന നഗരിയില്‍വച്ചാണ് ആണ്‍ സുഹൃത്തിന്റെ മുന്‍പില്‍വച്ച് ഈ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിനിരയായത്. ഈ സംഭവം കളങ്കപ്പെടുത്തിയിരിക്കുന്നത് ഭാരതത്തിന്റെ യശസ്സിനെയാണ്. ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.

ഈ സംഭവത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരു സംഭകളിലും ഒച്ചപ്പാടുണ്ടാവുകയും ഭരണ പ്രതിപക്ഷഭേദമന്യേ വനിതാ അംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരികയും ചെയ്തു. മാത്രമല്ല, ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ കിരാത സംഭവത്തിനെതിരെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് ലോകസഭയില്‍ ഉന്നയിച്ചത്. ഇത് രാജ്യത്തിനെ ഒരു പൊതു വികാരമായി മാറിയെന്നുവേണം കരുതാന്‍. രാജ്യ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ബലാല്‍സംഗ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത ശിക്ഷതന്നെ ഇതിന് നല്‍കേണ്ടിയിരിക്കുന്നു. ബലാല്‍സംഗ കേസുകളിലെ പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ലോകസഭയില്‍ വെളിപ്പെടുത്തിയത്.

ബലാല്‍സംഗ കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുകയാണ് പലപ്പോഴും സംഭവിക്കുന്നത്. ശിക്ഷിക്കപ്പെടുന്നവര്‍ക്കുതന്നെ നാലോ ആറോ കൊല്ലത്തെ ശിക്ഷയാണ് പരമാവധി ലഭിക്കുന്നത്. അതേസമയം ഈ സംഭവത്തിലെ ഇരകള്‍ ആയിത്തീരുന്ന പെണ്‍കുട്ടികളും സ്ത്രീകളുമൊക്കെ ജീവിതകാലം മുഴുവന്‍ പേറേണ്ടിവരുന്ന അപമാനഭാരവും തീവ്രമായ ദുഃഖവുമൊക്കെ കണക്കിലെടുക്കുമ്പോള്‍ അവരുടെ പിന്നീടുള്ള ജീവിതം മരിച്ചുജീവിക്കുന്നതിനു തുല്യമാണ്. അതേസമയം ബലാല്‍സംഗകേസുകളിലെ പ്രതികള്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങി ”മാന്യന്മാരാ”യി നടക്കുകയാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ സ്ത്രീത്വത്തെ ഏറ്റവും ആദരവോടും ദൈവിക പരിവേഷത്തോടുംകൂടി കാണുന്ന ഭാരതീയ സമൂഹത്തിനു മുന്നില്‍ ഈ പ്രശ്‌നം വലിയൊരു ചോദ്യം ഉയര്‍ത്തുകയാണ്. ബലാല്‍സംഗം തടയാന്‍ ഏറ്റവും കടുത്ത ശിക്ഷതന്നെ നല്‍കണം. ഒരു സ്ത്രീയെസംബന്ധിച്ച് ഏറ്റവും അമൂല്യമായ ചാരിത്ര്യം കവര്‍ന്നെടുക്കുക എന്നത് ആ സ്ത്രീയെ ആത്മീയമായി കൊലചെയ്യുക എന്നതിനു തുല്യമാണ്. ഈ അര്‍ത്ഥത്തില്‍ ബലാല്‍സംഗകേസിലെ പ്രതികള്‍ക്ക് കൊലക്കയര്‍തന്നെ നല്‍കുക എന്നതാണ് സ്ത്രീകളുടെ മാനം രക്ഷിക്കുവാന്‍ ഒരു ജനാധിപത്യ ഭരണകൂടത്തിനു ചെയ്യാന്‍ കഴിയുക. അതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തീകരിച്ചുകൊണ്ട് സ്ത്രീകളുടെ മാനം രക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍