സയ്യദ് അലിഷാ ഗീലാനിക്കുമെതിരെ ശ്രീനഗറില്‍ വ്യാപകമായി പോസ്റ്ററുകള്‍.

October 31, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന ഹൂറിയത്ത് കോണ്‍ഫറന്‍സ് തീവ്രവിഭാഗത്തിനും ചെയര്‍മാന്‍ സയ്യദ് അലിഷാ ഗീലാനിക്കുമെതിരെ ശ്രീനഗറില്‍ വ്യാപകമായി പോസ്റ്ററുകള്‍.

അതിനിടെ, ഹൂറിയത്ത് ആഹ്വാനംചെയ്ത പണിമുടക്കിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയിലെ മൂന്ന് പട്ടണങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ലാല്‍ചൗക്കിലും ശ്രീനഗറിലുമാണ് ഹൂറിയത്ത് തീവ്രവിഭാഗത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ അഞ്ചുമാസമായി മേഖലയിലെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത് ഗീലാനി നയിക്കുന്ന ഹൂറിയത്ത് വിഭാഗമാണ്. താഴ്‌വരയില്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ ഇനിയും തുടരുമോ എന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം മറുപടി നല്‍കണമെന്ന് അന്ത്യശാസനം നല്‍കിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതുവരെ അറിയപ്പെടാത്ത ‘ജമ്മുകശ്മീര്‍ ഇസ്‌ലാമി ഇത്തേഹാദ്’ എന്ന സംഘടനയുടെ പേരിലുള്ളതാണ് പോസ്റ്റര്‍.
ബാരാമുള്ള ജില്ലയിലെ ദെലീന, പല്‍ഹാലന്‍, ബന്ദിപോര എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീനഗറുള്‍പ്പെട്ട മേഖലയില്‍ കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നെങ്കിലും ഉള്‍പ്രദേശങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും കടകള്‍ തുറക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം