ഷോഡശ സംസ്‌കാരങ്ങള്‍ – ഭാഗം 3

December 22, 2012 സനാതനം

സ്വാമി പരമേശ്വരാനന്ദ സരസ്വതി
ഗര്‍ഭാധാന സംസ്‌ക്കാരം

വധൂവരന്മാര്‍ ഭാര്യഭര്‍ത്തൃപദവിയിലേക്ക് പദാര്‍പ്പണം ചെയ്യുന്ന സംസ്‌കാരമാണിത്. ജന്തുസഹജമായ കാമം പ്രേമാത്മകമാക്കി, ധാര്‍മ്മികഭാവങ്ങളാല്‍ സ്വയം നിയന്ത്രിതരായി സത്‌സന്താനലാഭോദ്ദ്യേശപൂര്‍വ്വം ഈ സംസ്‌കാരകര്‍മ്മം ചെയ്യണം. ഋതുകാലത്തിനുമുമ്പ് വിധിച്ചിട്ടുള്ള ഔഷധങ്ങള്‍ സേവിച്ചും വിശുദ്ധാഹാരങ്ങള്‍ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധര്‍മ്മതത്ത്വം മുതലായ സദ്ഭാവനകളാല്‍ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികള്‍ ഗര്‍ഭാധാന സംസ്‌കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്തു ഗര്‍ഭാധാനം നിര്‍വഹിക്കണമെന്ന് ധര്‍മ്മശാസ്ത്രങ്ങളില്‍ വിധിച്ചിരിക്കുന്നു.

‘മനുസ്മൃതി’ പ്രകാരം സ്ത്രീ രജസ്വ്വലയാവുന്ന നാള്‍തൊട്ട് പതിനാറുദിവസങ്ങളാണ് ഋതുകാലം. ഇതില്‍ ആദ്യത്തെ നാലുദിവസങ്ങള്‍ ബാഹ്യാഭ്യന്തരമായ പലകാരണങ്ങളാല്‍ ഗര്‍ഭാധാനത്തിന് നിഷിദ്ധങ്ങളാണ്.

ആ ദിവസങ്ങളില്‍ സ്ത്രീയെ പുരുഷന്‍ സ്പര്‍ശിക്കാന്‍പാടില്ലെന്നുമാത്രമല്ല അവള്‍ സ്പര്‍ശിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുകയുമരുത്. ഋതുകാലത്തെ പതിനൊന്ന് പന്ത്രണ്ട് എന്നീദിവസങ്ങളിലും ഗര്‍ഭാധാനം വര്‍ജ്യമാണ്. അതേപോലെ പൗര്‍ണ്ണമി, അമാവാസ്യ, ചതുര്‍ദ്ദശ്ശി, അഷ്ടമി, എന്നീ തിഥിദിനങ്ങളും രതിക്രീയക്കു നിഷിദ്ധമായി വിധിച്ചിരിക്കുന്നു.

നിശ്ചിതദിനത്തില്‍ സംസ്‌കാരകര്‍മ്മത്തോടുകൂടി വധൂവരന്മാര്‍ പത്‌നീ-പതിത്വം വരിച്ച് ഗര്‍ഭാധാനം ചെയ്യണം. അവര്‍ ഗ്രഹാശ്രമത്തിലായാലും ആത്മീയോല്‍ക്കര്‍ഷത്തിനുള്ള ബ്രഹ്മചര്യം നശിക്കുകയില്ല. ഈ ക്രമത്തിനെ ‘ഉപനിഷദഗര്‍ഭലംഭനം’ എന്ന് ആശ്വലായനഗൃഹ്യസൂത്രത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു.

ഗര്‍ഭാധാനത്തിനുമുമ്പായി ഗര്‍ഭാധാന സംസ്‌കാരകര്‍മ്മം അനുഷ്ഠിച്ചിരിക്കണം. മുന്‍പറഞ്ഞ മാതിരിയില്‍ ഈശ്വരപ്രാര്‍ത്ഥന, ഹോമം, പൂജ മുതലായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ വരന്‍ പശ്ചിമാഭിമുഖമായും വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം. പുരോഹിതനും, ഗുരുജനങ്ങളും, ബന്ധുമിത്രാദികളും ചുറ്റുമിരുന്നുവേണം സംസ്‌കാരകര്‍മ്മം അനുഷ്ഠിക്കുവാന്‍.

വധൂവരന്മാര്‍ ഒന്നിച്ച് ആഗ്നി, വായൂ, ചന്ദ്രന്‍, സൂര്യന്‍, അന്നം തുടങ്ങിയ ദേവതാസങ്കല്പത്തോടുകൂടി പ്രാര്‍ത്ഥിക്കണം. അഥവാ ഹോമം – യജ്ഞം ചെയ്യണം. തഥവസരത്തില്‍ വധു വരന്റെ തോളത്ത് കരതലം വച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിതമന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് അഷ്ടാജ്യാഹൂതിയും പിന്നീട് ആജ്യാഹൂതിയും (മന്തോച്ചാരണപൂര്‍വ്വം അഷ്ടഗന്ധം, നെയ്യ്, മുതലായ ദ്രവ്യങ്ങള്‍ ഹോമാഗ്നിയില്‍ ആഹൂതി) നല്‍കണം.

പിന്നീട് ഹവനംചെയ്തവശേഷിച്ച നെയ്യ് ആചാരചൂഢം തേച്ചുകുളിക്കണം. ശുഭ്രവസ്ത്രം ധരിച്ച് പൂര്‍വ്വസ്ഥാനത്ത് വരുന്നവധുവിനെ വരന്‍ സ്വീകരിച്ച് പൂജാസ്ഥാനത്തിന് (ഹോമകുണ്ഡത്തിന്) പ്രദിക്ഷിണമായി ചെന്ന് ഇരുവരും സൂര്യദര്‍ശനം ചെയ്യണം. എന്നിട്ട് വധു വരനേയും മറ്റു ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശീര്‍വാദം സ്വീകരിക്കുന്നതോടുകൂടി ഈ സംസ്‌കാരത്തിന്റെ ഭാവാര്‍ത്ഥം വ്യജ്ഞിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധു പത്‌നിയുടെ പദവിയും വരന്‍ ഭര്‍ത്താവിന്റെ പദവിയും പ്രാപിക്കുന്നു. അനന്തരം പുരോഹിതരും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നല്‍കി സല്‍ക്കരിക്കുകയും പതിപത്‌നിമാര്‍ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂര്‍വ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം.

ഈ ഗര്‍ഭാധാന സംസ്‌കാരാനന്തരം പതിപത്‌നിമാരുടെ മനശ്ശരീരങ്ങള്‍ ഒരുപോലെ പ്രസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ യഥാവിധി ഗര്‍ഭാധാനം നിര്‍വ്വഹിക്കാം. അതിനുശേഷം സ്‌നാനംചെയ്ത് വീണ്ടും പവിത്രസങ്കല്‍പങ്ങളാലും ആചരണങ്ങളാലും മനശുദ്ധിയും കായശുദ്ധിയും പാലിക്കണം. പുത്രേഷ്ടം, നിഷേകം, എന്നീ പേരുകളിലും അറിയപ്പെടുന്ന ഗര്‍ഭാധാനം കൊണ്ടുദ്ദേശിക്കപ്പെടുന്നത് ഗര്‍ഭധാരണം അഥവാ വീര്യം പ്രതിഷ്ഠിച്ച് സ്ഥിരീകരിക്കുക എന്നതാണ്.

ഗര്‍ഭാസ്യാധാനം വീര്യസ്ഥാപനം
സ്ഥിരീകരണം
അസ്മിന്യേന വാ കര്‍മ്മണാ
തദ്ഗര്‍ഭാധാനം

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം