ത്രിശ്ശിവപേരൂര്‍ പണ്ടൊരു ദീപായിരുന്നു (ഭാഗം 2)

December 23, 2012 ലേഖനങ്ങള്‍

ടി.വി.അച്യുതവാര്യര്‍

നൂറ്റാണ്ടുകളായി സാമൂതിരിയില്‍നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ശല്യം അവസാനിപ്പിക്കാനാണ് കൊച്ചി തിരുവിതാംകൂറുമായി സന്ധിചെയ്‌തെങ്കിലും അതു തൃശ്ശൂരിലെ നമ്പൂതിരിമാരുടെയും അവരുടെ ആചാര്യനായ യോഗാതിരിയുടെയും പ്രതാപത്തിന് അറുതിവരുത്തകകൂടി ചെയ്തു. തൃശ്ശൂരിലെ അവസാനത്തെ യോഗാതിരി 1754-ല്‍ മരിച്ചിരുന്നു. അതായത്, തൃശ്ശൂര്‍ യോഗക്കാര്‍ സാമൂതിരിയെ തൃശ്ശൂരല്‍ കൊണ്ടുവന്ന് വാഴിക്കുന്നതിന് രണ്ടുകൊല്ലംമുമ്പ്. സാമൂതിരിവന്ന് ഭരണം ആരംഭിച്ചശേഷം പുതിയ യോഗാതിരിയെ അവരോധിക്കാന്‍ ശ്രമം നടന്നുവെങ്കിലും ഈ ചടങ്ങില്‍ അനിവാര്യമായി സംബന്ധിക്കേണ്ടിയിരുന്നവരില്‍ പലരും അതില്‍ വിസമ്മിതിക്കുകയാണ് ഉണ്ടായത്. തന്മൂലം നിസ്സഹരണ മനോഭാവക്കാരെയെല്ലാം ഒഴിവാക്കിക്കൊണ്ട്, സാമൂതിരി സ്വേച്ഛയാ പാതാക്കര നമ്പൂതിരിയെ യോഗാതിരിയായി അവരോധിച്ചു. എന്നാല്‍ 1862-ല്‍ സാമൂതിരി തൃശ്ശൂരില്‍നിന്ന് പുറത്താക്കി.

തൃശ്ശൂരിലെ ഭരണാധികാരം വീണ്ടെടുത്ത കൊച്ചിമാഹാരാജാവ് പാതാക്കര നമ്പൂതിരിയെയും പുറത്താക്കി. രാജ്യാതിര്‍ത്തി കടത്തിവിട്ടു. യോഗാതിരി അവരോധം എന്ന ഏര്‍പ്പാട് പിന്നെ ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ചിട്ടുള്ള ഗ്രന്ഥവരി സ്വയം സംസാരിക്കുന്ന ഒന്നാണ്. അതിലെ പ്രസക്തഭാഗം ‘ഗ്രാമത്തിലുള്ള നമ്പൂതിരിമാരെ ക്ഷേത്രത്തോടും യോഗത്തോടും സ്വരൂപത്തോടും പല ഏറ്റങ്ങളും നെടിയിരിപ്പില്‍ (സാമൂതിരി) സ്വരൂപത്തെക്കൊണ്ട് ചെയ്യിക്കക്കൊണ്ട്, അവരുടെ സ്ഥാനമാനങ്ങളും സ്വത്തും (കൊച്ചി) വലിയതമ്പുരാന്‍ തിരുമനസ്സുകൊണ്ട് കല്പിച്ച് പണ്ടാരവകയില്‍ എടുത്തതിനുശേഷം, ക്ഷേത്രത്തില്‍നിന്ന് നമ്പൂതിരിമാര്‍ക്ക് കൊടുത്തുവരുന്ന കീഴേക്കടങ്ങളും, അല്ലാതെയും (ഉള്ള) പലസ്ഥാനങ്ങളും അവരെക്കൊണ്ട് നടത്തിക്കണ്ട് എന്ന് തിരുമനസ്സുകൊണ്ട് കല്പിക്കണമെന്ന് (കൊല്ലവര്‍ഷം) 938-ാമാണ്ട്മുതല്‍ …………………… അവര്‍ക്ക് കൊടുക്കാറുമില്ല.’ സാമൂതിരിയെ പുറത്താക്കിയതിന് പിന്നാലെ അദ്ദേഹം അവരോധിച്ച യോഗാതിരിയെ വടക്കേപടികടത്തി. എന്നുമാത്രമല്ല തൃശ്ശൂരിലെ സാമൂതിരിപക്ഷക്കാരായിരുന്ന നമ്പൂതിരിമാരുടെ സ്ഥാനമാനങ്ങളും സ്വത്തുക്കളും രാജാവു പിടിച്ചെടുക്കുകയും ചെയ്തു. ഏതാണ്ട് 1000 കൊല്ലത്തിലധികം കാലം തൃശ്ശൂരില്‍ പ്രതാപികളായി വാണിരുന്ന നമ്പൂതിരിമാര്‍ ആരുമല്ലാതായി. 1792-ല്‍ ശക്തന്‍ തമ്പുരാന്‍ വടക്കുനാഥന്‍ ക്ഷേത്രം പിടിച്ചെടുത്തതോടെ ക്ഷേത്രസങ്കേതം ഏര്‍പ്പാട് അസ്തമിക്കുകയും ചെയ്തു. തൃശ്ശൂരിനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരദ്ധ്യായം അവസാനിക്കുകയും മഹത്തായമറ്റൊരദ്ധ്യായം ആരംഭിക്കുകയും ചെയ്ത ദശാസന്ധിയാണ് 1792-ലെ ഈ പിടിച്ചെടുക്കല്‍.

വടക്കുംനാഥ ക്ഷേത്രം ഇന്നും പ്രസിദ്ധവും പരിപാവനവുമാണ്. എന്നാല്‍ ഇന്ന് വടക്കുംനാഥക്ഷേത്രത്തിലുള്ളതിനേക്കാള്‍ പ്രസിദ്ധിയും പ്രസക്തിയും തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കാണ് ഈ രണ്ടു ക്ഷേത്രങ്ങള്‍ക്കും നമ്പൂതിരിയുമായി ഒരു ബന്ധവുമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. നാട്ടുകാരുടെ ക്ഷേത്രങ്ങളാണിവ. രാജ്യത്തോടു കൂറില്ലാതെ പെരുമാറിയ നമ്പൂതിരിയോട് ശക്തന്‍തമ്പുരാനുണ്ടായിരുന്ന വൈരാഗ്യംതന്നെയാണ് തിരുവമ്പാടി – പാറമേല്‍ക്കാവ് ക്ഷേത്രങ്ങള്‍ക്ക് പൊലിമയുണ്ടാക്കിയതെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

വടക്കുംനാഥക്ഷേത്രമതില്‍ക്കെട്ടിനകത്തുള്ള എരിഞ്ഞിത്തറ പ്രസിദ്ധമാണ്. നമ്പൂതിരിമാരുടെ ആഗമനത്തിനുമുമ്പുണ്ടായിരുന്ന പാറമേല്‍ക്കാവ് അവിടെയായിരുന്നു. നമ്പൂതിരിമാര്‍ ഇവിടെ ക്ഷേത്രവും ക്ഷേത്രസങ്കേതവും സ്ഥാപിച്ച അവസരത്തിലാണ് പാറമേല്‍ക്കാവ് ഭഗവതിയെ കിഴക്കേഭാഗത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചത്. അന്നത്തെ സ്ഥിതിക്ക് നമ്പൂതിരിമാരുടെ ആജ്ഞ അനുസരിക്കുകയേ നാട്ടുകാര്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ.

തിരുവമ്പാടിയെക്കുറിച്ചുള്ള ഐതീഹ്യം കുറച്ചു സങ്കീര്‍ണ്ണമാണ്. ഇന്ന് തിരുവമ്പാടിക്ഷേത്രം സ്ഥിതിചെയ്യുന്നസ്ഥലത്ത് പണ്ട് കാച്ചാനപ്പള്ളി എന്ന് ഒരു നമ്പൂതികുടുംബം ഉണ്ടായിരുന്നു. അവിടുത്തെ ഒരു നമ്പൂതിരി കൊടുങ്ങല്ലൂരില്‍പോയി ഭജിച്ച് ഭഗവതിയെ ആവാഹിച്ചുകൊണ്ടുവന്നു എന്നാണ് ഐതീഹ്യം. ഇതിനിടയില്‍ ഗുരുവായൂരിനടുത്ത ഇടക്കളത്തൂരില്‍ ലഹളയുണ്ടായപ്പോള്‍, അന്നാട്ടുകാര്‍ അവിടത്തെ ശ്രീകൃഷ്ണവിഗ്രഹം എടുത്തുരക്ഷപ്പെട്ടുവെന്നും ആ വിഗ്രഹം കാച്ചാനപ്പള്ളിമനയ്ക്കല്‍ കൊണ്ടുവന്നേല്‍പ്പിച്ചുവെന്നും പറയുന്നു. അങ്ങനെ ഇല്ലത്തെ രണ്ടുപ്രതിഷ്ഠകളായി കേരളത്തിലും തമിഴകത്തും ശ്രീകൃഷ്ണനെ ഉപദേവനായി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ക്ക് പണ്ടുകാലത്ത് ‘തിരുവയ്യമ്പാടി’ എന്നുംപറയാറുണ്ടെന്ന് ക്ഷേത്രവിജ്ഞാനകോശത്തില്‍ കാണുന്നു. ഭഗവതി പ്രധാനപ്രതിഷ്ഠയും ശ്രീകൃഷ്ണന്‍ ഉപദേവനുമാകയാല്‍ ആയിരിക്കാം ഈ ക്ഷേത്രത്തിന് തിരുവമ്പാടി എന്ന പേര്‍ വന്നത്. കാച്ചാനപ്പള്ളി ഇല്ലം കുറ്റിയറ്റുപോയപ്പോള്‍ ക്ഷേത്രം നാട്ടുകാരുടെ ഭരണത്തിലായെന്ന് പറയുന്നു. ഇതിലെന്തെല്ലാമോ യുക്തിഭംഗം കാണുന്നുണ്ട്. ഇല്ലങ്ങള്‍ കുറ്റിയറ്റുപോകുന്നത് സാധാരണമായിരുന്നുവെങ്കിലും ഒരു ഇല്ലംവക സ്വത്തുക്കള്‍ നാട്ടുകാര്‍ക്ക് കൈവരുന്നത് അസാധാരണമാണ്. തിരുവമ്പാടി ക്ഷേത്രത്തിലുള്ള രണ്ട് ബ്രഹ്മരക്ഷസുകള്‍ കാച്ചാനപ്പള്ളി മനയ്ക്കലെ നമ്പൂതിരിയുടെയും അന്തര്‍ജനത്തിന്റേയും ആണെന്നു പറയുന്നു. പ്രായശ്ചിത്തമില്ലാത്ത മഹാപാപം ചെയ്യുകയോ അപമൃത്യുവിന് ഇരയാകുകയോ ചെയ്ത നമ്പൂതിരിമാരാണ് ബ്രഹ്മരക്ഷസുകളായി തീരാറുള്ളത് എന്ന വസ്തുത എന്തെല്ലാമോ സൂചിപ്പിക്കുന്നുണ്ട്.

തൃശ്ശിവപേരൂരിന്റെ സ്രഷ്ടാവ് ശക്തന്‍തമ്പുരാനാണ്. നമ്പൂതിരിമാരുടെ ആധിപത്യം അവസാനിപ്പിച്ച് വടക്കുംനാഥക്ഷേത്രം പിടിച്ചെടുത്ത്, ക്ഷേത്രസങ്കേതം ലിക്യുടേറ്റ് ചെയ്ത്, ക്ഷേത്രത്തിനുചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ച് തമിഴ്ബ്രാഹ്മണരേയും ക്രിസ്ത്യാനികളെയും വിളിച്ചുവരുത്തി ബിസിനസ്സിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കി. തൃശ്ശൂര്‍പൂരത്തിന് വ്യവസ്ഥചെയ്ത്, വടക്കേചിറയുടെ കരയില്‍ കൊട്ടാരംപണിത് നാടിനെ പുരോഗതിയിലേക്ക് നയിച്ച ശക്തന്‍തമ്പുരാനെ നഗരശില്പി എന്നു വിശേഷിപ്പിക്കുന്നതില്‍ അസാംഗത്യമൊന്നുമില്ല. തൃശ്ശൂര്‍പൂരം സംഘടിപ്പിച്ചപ്പോള്‍ അതില്‍ തിരുവമ്പാടിക്കും പാറമേല്‍ക്കാവിനും തമ്പുരാന്‍ പ്രാമുഖ്യം കല്പിച്ചുകൊടുത്തത് മനപ്പൂര്‍വ്വമാണ്. പൂരത്തില്‍പങ്കെടുക്കുന്ന മറ്റുക്ഷേത്രങ്ങള്‍ ഏതെങ്കിലും നമ്പൂതിരികുടുംബങ്ങളുടെ പൂരായ്മയിലുള്ള ക്ഷേത്രങ്ങളാണ്. രാജ്യദ്രോഹം കാണിച്ച നമ്പൂരിമാരോടുള്ള വെറുപ്പ് പ്രകടമാക്കാനോ അവരെ കൊച്ചാക്കാനോ വേണ്ടിയായിരിക്കണം, നാട്ടുകാരുടെ ക്ഷേത്രങ്ങളായ തിരുവമ്പാടിക്കും പാറമേല്‍ക്കാവിനും അദ്ദേഹം പ്രാമുഖ്യം കല്പിച്ചത്. ദയനീയമായ ഗതികേടില്‍ വീണുകഴിഞ്ഞിരുന്ന നമ്പൂതിരിമാര്‍ക്ക് ശക്തന്‍തമ്പുരാന്റെ കഥയെ അനുസരിക്കുകയില്ലാതെ മറ്റുപോംവഴിയൊന്നുമുണ്ടായിരുന്നില്ല. ശക്തന്‍തമ്പുരാന്റെ കാലംമുതല്‍ക്കുള്ള തൃശ്ശൂരിന്റെ ചരിത്രം സ്പഷ്ടമാണ്. ഗേവഷണകൗതുകമുള്ള ചരിത്രവിദ്യാര്‍ത്ഥിക്ക് സഹായമാകുന്ന രേഖകള്‍ സുലഭവുമാണ്.

ത്രിശ്ശിവപേരൂരിനെ കേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്നത് പലര്‍ക്കും അരോചകമായി തോന്നാറുണ്ട്. ഇത്രപൊങ്ങച്ചംപറയാന്‍ എന്താണിവടെയുള്ളതെന്ന് പലരും അത്ഭുതപ്പെടുന്നു. സംസ്‌കാരം എന്നത് ഒരു ഭാവമാണ്. അത് വിലക്കുവാങ്ങാനോ സൃഷ്ടിച്ചെടുക്കാനോ കഴിയുന്ന ഒന്നല്ല. സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും സമജ്ജസ സമ്മേളനത്തില്‍ നിന്ന് ഉല്‍ഭൂതമാകുന്ന പക്വതയാണ് സംസ്‌കാരമെന്ന് നിര്‍വ്വചിക്കാമെന്ന് തോന്നുന്നു. എണ്ണമറ്റ നമ്പൂതിരകുടുംബങ്ങളുടെ സങ്കേതമായിരുന്നു ത്രിശ്ശിവപേരൂര്‍ എന്ന് ആദ്യം പറയുകയുണ്ടായി. ഈ കുടുംബങ്ങളെല്ലാം അതിസമ്പന്നവുമായിരുന്നു. പടിഞ്ഞാറ്റിയേടം എന്ന ഇല്ലക്കാര്‍ക്ക് വടക്കുനാഥനുള്ളതിനേക്കള്‍ ഒരുപറയ്ക്ക് കൂടുതല്‍ നിലം ഉണ്ടായിരുന്നുവത്രേ. കിഴക്കിനിയേടം എന്ന ഇല്ലക്കാര്‍ പെരുമ്പടപ്പില്‍ മൂപ്പിന്നിന് ക്ഷണിച്ചുവരുത്തി വില്‍ക്കാശുകൊണ്ട് നിറപറവച്ച് സ്വീകരിക്കുകയും സ്വര്‍ണ്ണംകൊണ്ടുള്ള ഇലയില്‍ ഭക്ഷണം നല്‍കുകകയും സ്വര്‍ണ്ണംകൊണ്ടുള്ള പാത്രങ്ങളില്‍ വിഭവങ്ങള്‍ വിളമ്പുകയും ചെയ്തുവെന്ന് ഐതീഹ്യമുണ്ട്. എന്നാല്‍ സമ്പത്തുപോലെതന്നെ വിജ്ഞാനവും നമ്പൂതിരിമാര്‍ക്കുണ്ടായിരുന്നു. പണ്ടു വിദ്യാഭ്യാസത്തിനു അവസരംലഭിച്ചിരുന്ന ഒരേയൊരു സമൂഹം നമ്പൂതിരിമാരുടേതായിരുന്നു. യോഗാതിരിയുടെ മേല്‍നോട്ടത്തില്‍ ബ്രഹ്മസ്വം മഠത്തില്‍ നമ്പൂതിരിബാലന്മാര്‍ക്ക് വിദ്യാഭ്യാസം നല്‍കിയിരുന്നതിനുപുറമേ നമ്പൂതിരിമാരുടെ ഇല്ലങ്ങളിലും വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നു. വിത്തവും വിജ്ഞാതാവും സമ്മേളിക്കുന്നിടത്ത് നാഗരികത വളരുകയും കലകള്‍ പുഷ്ടിപ്പെടുകയും ചെയ്യും. ത്രിശ്ശിവപേരൂരിന് സാംസ്‌കാരിക ഔന്നിത്യം ഉളവാക്കിയത് ഇതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ലേഖനങ്ങള്‍