ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തിരുവടികളുടെ രാഷ്ട്രീയ ചിന്തകള്‍

December 24, 2012 സ്വാമിജിയെ അറിയുക

ഡോ.എ.ബാലകൃഷ്ണന്‍ നായര്‍
തൂലിക കണ്ണുനീരില്‍ മുക്കി മാത്രമേ എനിക്ക് സ്വാമിജിയുടെ രാഷ്ട്രീയ ചിന്തകളെക്കുറിച്ച് അപര്യാപ്തമാംവിധം എഴുതുവാന്‍ കഴിയുകയുള്ളൂ. 1997-ല്‍ ചട്ടമ്പിസ്വാമികളുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കണ്ണമ്മൂല ഉദ്ഘാടനം ചെയ്യുവാന്‍ ആഗതനായ കാഷായ വസ്ത്രം ധരിച്ച ശാന്തനും നിര്‍മ്മലനുമായ സന്യാസിയെ ആരെന്നറിയാതെ നോക്കിനിന്നു. സ്തബ്ധനായി നോക്കിനിന്ന എന്റെ മനസ്സില്‍ ആ ദിവ്യന്റെ ചിന്തകള്‍ വിട്ടുമാറിയില്ല. ഞാന്‍ പുണ്യം നേടി.

ലോകം ഒരു കുടുംബം എന്ന ലളിത ഗംഭീരമായ തത്വവും സന്ദേശവും ലോകത്തിന് നല്‍കിയ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ ശിഷ്യനായ സത്യാനന്ദസരസ്വതി തിരുവടികളുടെ ബൃഹത്തായ ചിന്താമണ്ഡലത്തില്‍ രാഷ്ട്രീയചിന്ത, സാമൂഹ്യചിന്ത, ചരിത്രബോധം ആത്മീയത എന്നിവയെല്ലാം പരസ്പരം വേര്‍തിരിക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ധാര്‍മ്മികതയെ വേറിട്ട് ചരിത്രത്തിനും രാഷ്ട്രമീമാംസയ്ക്കുമൊന്നും നിലനില്‍പ്പില്ലെന്നതാണ് സ്വാമിജിയുടെ സുചിന്തിതമായ അഭിപ്രായം.

സാന്‍മാര്‍ഗ്ഗികതയിലും, ധര്‍മ്മത്തിലും അധിഷ്ഠിതമായ സമൂഹക്രമത്തില്‍ നിന്നു ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയ ചിന്തകളാണ് സ്വാമിജിയുടേത്. അതുതന്നെയാണ് പ്രചരിപ്പിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും സ്വാമി തിരുവടികള്‍ പരിശ്രമിച്ചത്. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകളിലും തത്തുല്യമായ ലേഖനങ്ങളിലും പ്രദിപാദിച്ചിട്ടുള്ളതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രയോഗിച്ചുനോക്കിയതും സത്യത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതവുമായ പ്രവര്‍ത്തന രീതിയായിരുന്നു സ്വാമി തിരുവടികളും സ്വീകരിച്ചിരുന്നത്. സത്യവും ധര്‍മ്മവും ഒന്നുതന്നെയാണെന്ന് ഗാന്ധിജി വിശ്വസിച്ചു. സത്യവും സാന്മാര്‍ഗ്ഗികതയും ധര്‍മ്മവുമില്ലാത്ത മതം അനുകരണീയ മതമല്ല. അതിനാല്‍ രാഷ്ട്രീയത്തെ മതത്തില്‍ നിന്നും വേര്‍തിരിക്കേണ്ട കാര്യമില്ലായെന്നു സ്വാമി അടിവരയിട്ടു പഠിപ്പിച്ചു.

സമൂഹത്തിന്റെ ഘടനാപരമായ കെട്ടുറപ്പിന് ഗുരുപാദര്‍ നിര്‍ദ്ദേശിച്ച കുടുംബസമിതിയെന്ന സാമൂഹ്യഘടന സത്യാനന്ദസ്വാമികള്‍ സ്വീകരിച്ചു പ്രചരിപ്പിച്ചു. ക്ഷേത്രം കേന്ദ്രീകരിച്ചുള്ള സമൂഹ ജീവിതം ധര്‍മ്മബോധവായ്പിനു ഉപകരിക്കും. എത്ര കെട്ടുറപ്പുള്ള സമൂഹമായാലും നിലനില്‍ക്കണമെങ്കില്‍ അന്നം പ്രധാനമായും ഉത്പാദിപ്പിക്കണം. ഗാന്ധിജിയുടെ കണ്‍സ്ട്രക്ടീവ് പ്രോഗ്രാം സമൂഹത്തിന്റെ കെട്ടുറപ്പിനും സാമ്പത്തിക നിലനില്‍പ്പിനും വേണ്ടിയായിരുന്നു. ജീവസന്ധാരണത്തില്‍ അന്നത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്വാമിജി കൃഷി പൂജയാണെന്ന ആശയം സമൂഹത്തെ പഠിപ്പിച്ചു. ഗവണ്‍മെന്റ് ഒരു ട്രസ്റ്റ് (വിശ്വസിച്ച് ഏര്‍പ്പിക്കുന്നത്) മാത്രമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിനും വ്യക്തികളുടെ മുതല്‍കൂട്ടിനും പ്രാധാന്യം നല്‍കണമെന്നുള്ള ഗാന്ധിജിയുടെ ആശ്രയം സത്യാനന്ദസരസ്വതി തിരുവടികളുടെ പ്രവര്‍ത്തികളിലും കാണാന്‍ സാധിക്കും.

ഭരണകേന്ദ്രത്തിന്റെ കാര്യത്തിലും ഭരണനടത്തിപ്പിലും പുരാതനകാലത്തെ ഭരണ സംവിധാനത്തിലും രാമായണം നല്‍കിയ സന്ദേശത്തിലും സ്വാമിജി വിശ്വസിച്ചു. ശ്രീരാമന്റെ ത്യാഗമനോഭാവവും കൃത്യനിഷ്ഠയും സ്വാമിജിയെ സ്വാധീനിച്ചു. പഴയകാലത്തെ രാജ്യാഭിഷേക ചടങ്ങില്‍ അഭിഷിക്തനാകുന്ന രാജാവിനെ ഒരു വടികൊണ്ട് ശിരസില്‍ തൊടുമായിരുന്നു. രാജാവ് നിയമത്തിന് വിധേയനാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചടങ്ങ്. കൂടാതെ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തില്‍ അഭിഷേകച്ചടങ്ങിന്റെ ഒരുക്കത്തില്‍ സമുദ്രത്തിലെ ജലം കൂടാതെ അന്യതീര്‍ത്ഥങ്ങളിലെ സലിലവും എന്നത് പ്രജകള്‍ തമ്മില്‍ ഉച്ചനീചത്വമില്ലെന്ന സൂചനയാണ് നല്കുന്നത്. രാമായണത്തിലെ രാജനീതിയിലും ഭരണത്തിലും സ്വാമിജി വിശ്വസിച്ചു. ഹ്രസ്വമായിപ്പറഞ്ഞാല്‍ രാമായണവും ഗാന്ധിജിയും വിഭാവനം ചെയ്ത രാമരാജ്യം സ്വാമിജിയുടെ രാഷ്ട്രീയ ചിന്തകളില്‍ സ്പഷ്ടമായിക്കാണാം.

താത്വികാടിസ്ഥാനത്തില്‍ സ്വാമിജിയുടെ രാഷ്ട്രീയചിന്താസ്വഭാവത്തെ പരിഗണിച്ചാല്‍ ഗാന്ധിജിയോടും, ഹെഗലിനോടും, കാറല്‍മാക്‌സിനോടും ചില കാര്യങ്ങളില്‍ യോജിക്കുകയും മറ്റുചിലതില്‍ വിയോജിക്കുകയും ചെയ്തതായി മനസ്സിലാകും. ഗവണ്‍മെന്റ് ഒരു ‘ട്രസ്റ്റീഷിപ്പ്’ (നോട്ടക്കാരന്‍) ആണെന്ന ഗാന്ധിയന്‍ ആശയം സ്വാമിജിക്കും സ്വീകാര്യം തന്നെ. എന്നാല്‍ ധര്‍മ്മാടിസ്ഥാനത്തിലുള്ള ലക്ഷ്യം നേടുന്നതിനു വേണ്ടി ഫലേച്ഛകൂടാതെ ശക്തമായ ചെറുത്തു നില്‍പ്പ് വേണ്ടുന്നിടത്തെല്ലാം ആകാമെന്നു സ്വാമിജി വിശ്വസിച്ചു. ഭാരതയുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ ചെയ്തതും അതുതന്നെയാണല്ലോ.

ജഗത്തിന്റെ ഉത്ഭവം മനസ്സാക്ഷിയില്‍ ആണെന്നുള്ള ഹെഗലിന്റെ നിഗമനം ഭാരതീയ ചിന്തയില്‍ നിന്നും കടംകൊണ്ടതാണ്. സ്വാമി തിരുവടികള്‍ അതിനോടു യോജിക്കുന്നു. എന്നാല്‍ ഹെഗല്‍ എന്ന പാശ്ചാത്യ ചിന്തകന്റെ അനിയന്ത്രിത അധികാരമുള്ള (Idealist) സ്‌റ്റേറ്റിനോട് സ്വാമിജി വിയോജിക്കുകയാണ് ചെയ്യുന്നത്. അതുപോലെ മാര്‍ക്‌സിന്റെ എല്ലാ Value (ധനം) ഉത്ഭവിക്കുന്നതും പ്രയത്‌നത്തില്‍ നിന്നാണ്. (അതായത് ഭൂമി പ്രകൃതിയുടെ ധനമാണ്) എന്നുള്ള സ്വാമിജിക്കും ഇഷ്ടംതന്നെ. ഭൂമിയുടെ കാര്യത്തില്‍ പ്രത്യേകിച്ച് വനസമ്പത്തിന്റെ കാര്യത്തില്‍ ആര്‍ക്കും പ്രത്യേക അവകാശമില്ലെന്ന് സ്വാമിജിയുടെ നാവില്‍ നിന്നുതന്നെ കേട്ടിട്ടുണ്ട്. അതേസമയം മാര്‍ക്‌സിന്റെ വര്‍ഗ്ഗസമര സിദ്ധാന്തത്തോട് സ്വാമിജി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യ, പൗരസ്ത്യചിന്താസരണികളില്‍ ചിലതിനോട് ഇങ്ങനെ സ്വാമിജി യോജിച്ചെങ്കിലും അവയുടെ സ്വാധീനം ഉണ്ടായെന്നു കരുതാനാവില്ല. സ്വാമിജിയുടെ രാഷ്ട്രീയ ചിന്തകള്‍ തിരുവടികളുടെ ബോധമണ്ഡലത്തില്‍ സ്വയം രൂപംകൊണ്ടതുതന്നെയാകുന്നു.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക