ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരദീപക്കാഴ്ച ശനിയാഴ്ച

December 20, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദേവസ്വം ജീവനക്കാര്‍ നടത്തിവരാറുള്ള കര്‍പ്പൂരദീപകാഴ്ച 22-ാം തീയതി  നടക്കും.  22-ശനിയാഴ്ച സന്ധ്യാദീപാരാധന കഴിഞ്ഞ് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കൊടിമരച്ചുവട്ടിലെത്തി ഉരുളിയില്‍ സജ്ജമാക്കിയിട്ടുള്ള കര്‍പ്പൂരത്തില്‍ തിരി തെളിക്കും.  അതോടെ കര്‍പ്പൂര ഘോഷയാത്രയ്ക്ക് തുടക്കമാവും.  തുടര്‍ന്ന് ഘോഷയാത്ര ക്ഷേത്രത്തിന് ഒരുവലം വച്ചശേഷം മാളികപ്പുറം ഫ്‌ളൈ ഓവറിലൂടെനീങ്ങി മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലെത്തി വലംവെച്ച് പടിയിറങ്ങി താഴെവന്ന് പതിനെട്ടാം പടിക്ക് മുന്നിലെത്തി അവരവരുടെ കലാപ്രകടനങ്ങളും വാദ്യമേളങ്ങളും കാഴ്ചവയ്ക്കുന്നതോടെ കര്‍പ്പൂരദീപക്കാഴ്ചയ്ക്ക് പരിസമാപ്തിയാവും.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ കൊടിമരച്ചുവട്ടില്‍ വിവിധയിനം നാട്യകലാരൂപങ്ങള്‍ അരങ്ങേറും.  അയ്യപ്പന്‍, വാവര്‍, വെളിച്ചപ്പാട് തുടങ്ങി 14-ല്‍ പരം പുണ്യവേഷങ്ങള്‍ അണിഞ്ഞ് വെളിച്ചപ്പാടിന്റെ വേഷമണിയുന്ന പ്രശസ്ത സീരിയല്‍ താരം പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ വിവിധ ദേവസ്വം ജീവനക്കാരും താത്കാലിക ജീവനക്കാരും രംഗത്തെത്തും.  പഞ്ചവാദ്യം, കനലാട്ടം, മയിലാട്ടം തുടങ്ങി എട്ടോളം വാദ്യമേളങ്ങളും കര്‍പ്പൂരകാഴ്ചയെ അകമ്പടി സേവിക്കും.  ഒപ്പം താലപ്പൊലി ചടങ്ങിന് കൊഴുപ്പേകും.

രാജാവായി സീരിയില്‍ താരം തിരുവല്ല സുരേഷ് വേഷമിടും.  ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ജയകൃഷ്ണന്‍, അനില്‍ദേവ്, അശോകന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഭക്തിസംഗീത അര്‍ച്ചനയുമുണ്ടാകും.  കൊച്ചുമാളികപ്പുറങ്ങളുടെ നൃത്തപരിപാടികളും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍