ലോകത്തിലെ ഏറ്റവും വലിയ വായെന്ന റെക്കോഡുമായി ഫ്രാന്‍സിസ്‌കോ ഡൊമിങ്കോ ഗിന്നസ്‌ ബുക്കില്‍

October 31, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

അംഗോള: ലോകത്തിലെ ഏറ്റവും വലിയ വായെന്ന റെക്കോഡുമായി ഗിന്നസ്‌ ബുക്കില്‍ ഇടംപിടിക്കാന്‍ പോവുകയാണ്‌ ഫ്രാന്‍സിസ്‌കോ ഡൊമിങ്കോ. ചില്ലറക്കാരനൊന്നുമല്ല ഈ കക്ഷി. ഒരു കൊക്കോകോള ക്യാനൊക്കെ തന്റെ ആനവായ്‌ക്കുള്ളിലേക്ക്‌ നിഷ്‌പ്രയാസം കടത്തി വയ്‌ക്കും ഈ ഇരുപതുകാരന്‍. ഇനി വായ്‌ തുറന്നാലോ ഒരു തുരങ്കത്തിലൂടെ തീവണ്ടി പാത ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കും അതുപോലെയാണ്‌. 17 സെന്റീമീറ്ററോളം വായ്‌ പിളര്‍ത്താന്‍ കഴിയും ഡൊമിങ്കോവിന്‌.
കൊക്കോകോള ക്യാന്‍ മാത്രമല്ല, ചായക്കപ്പ്‌, സോസര്‍, ബിയര്‍ ബോട്ടില്‍ എന്നിവയൊക്കെ ഡൊമിങ്കോ നിഷ്‌പ്രയാസം തന്റെ വായ്‌ക്കുള്ളിലേക്ക്‌ കടത്തും. ലുവാണ്ട ദ്വീപുകളില്‍ ഈ അപൂര്‍വ പ്രകടനം കാഴ്‌ചവച്ച ഡൊമിങ്കോ ഒരു ഇറ്റാലിയന്‍ ടി.വി ഷോയിലും തന്റെ കഴിവ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഒരു മിനിട്ടില്‍ 14 തവണയാണ്‌ ഇയാള്‍ വായിലേക്ക്‌ കുപ്പി ഇറക്കിയത്‌. യു ട്യൂബില്‍ ഡൊമിങ്കോയുടെ സാഹസപ്രകടനങ്ങള്‍ കണ്ടാണ്‌ അംഗോള സ്വദേശിയായ അദ്ദേഹത്തെ ഗിന്നസ്‌ അധികൃതര്‍ നോട്ടമിട്ടത്‌. ഏതായാലും തന്റെ സ്വപ്‌നം സഫലമായതിന്റെ ആഹ്‌ളാദത്തിലാണ്‌ ഡൊമിങ്കോ.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍