ടൊയോട്ട ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം ധാരണാപത്രം ഒപ്പുവച്ചു

December 21, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പിലാക്കിയ വിവിധ സ്കില്‍ ഡെവലപ്പ്മെന്റ് പദ്ധതികളുടെ ഭാഗമായി ടൊയോട്ട ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചാലക്കുടിയിലെ സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സിന്റെ സഹകരണത്തോടെ ആട്ടോമൊബൈല്‍ ബോഡി പെയ്ന്റ് റിപ്പയറിങ്ങിലും, ആട്ടോമൊബൈല്‍ ബോഡി മെയിന്റനന്‍സ് റിപ്പയറിലും പരിശീലന പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവച്ച് കൈമാറ്റം ചെയ്തത്.

ടൊയോട്ടയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയുടെ ചാലക്കുടി ഐ.റ്റി.ഐ. യില്‍ നൂതന പരിശീലന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഐ.റ്റി.ഐ യെ ഉയര്‍ത്തുന്നതിനുമാണ് ലക്ഷ്യം വയ്ക്കുന്നത്.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഐ.ടി.ഐകളുടെയും (74 ഐ.ടി.ഐ.കള്‍) വെബ്സൈറ്റിന്റെ പ്രകാശനവും മന്ത്രി ഷിബു ബേബിജോണ്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു. ഡി.ജി.ഇ.റ്റി ഉത്തരവനുസരിച്ച് കേരളത്തിലുള്ള എല്ലാ സര്‍ക്കാര്‍ ഐടിഐകള്‍ക്കും വേണ്ടി സ്റ്റാന്‍ഡേര്‍ഡൈസ്ഡ് രൂപത്തിലുള്ള വെബ് സൈറ്റും അതിലേക്ക് എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിനും മാറ്റങ്ങള്‍ വരുത്തുവാനുള്ള കണ്ടന്റ് മാനേജ്മെന്റ് സിസ്റവും പൂര്‍ത്തിയായിട്ടുണ്ട്. ഐടിഐ പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ ഡാറ്റാ അപ്ലോഡ് ചെയ്ത് എല്ലാ വെബ് സൈറ്റുകളുംwww.kerala.gov.in സബ് ഡൊമൈന്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ വെബ് സൈറ്റുകള്‍ക്കും ഏകീകൃത ഘടനയും ഡൊമൈന്‍ നെയിമുമാണുള്ളത്. ഈ സംവിധാനം വഴി ഐടിഐകളില്‍ നിന്നു തന്നെ മറ്റാരുടേയും സഹായമില്ലാതെ അപ്പപ്പോള്‍ എല്ലാ വിവരങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം