കന്നുകാലി സമ്പത്തിനായി ഗോവര്‍ധിനി പദ്ധതി നടപ്പാക്കും: മന്ത്രി കെ.പി.മോഹനന്‍

December 21, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായകമായ തരത്തില്‍ സര്‍ക്കാര്‍ ഗോവര്‍ധിനി പദ്ധതി നടപ്പാക്കുമെന്ന് കൃഷി മന്ത്രി കെ.പി.മോഹനന്‍. കേരള മൃഗ സംരക്ഷണ വകുപ്പ് പ്രസിദ്ധീകരണമായ ജീവജാലകം ദ്വൈമാസികയുടെ പതിപ്പ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പഞ്ചായത്തുകള്‍ വഴി 100 പശുക്കള്‍ വീതം നല്‍കി കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനു വഴിയൊരുക്കുന്നതാണ് പദ്ധതി. മൃഗസംരക്ഷണ മേഖലയിലെ നൂതന പരിപാലന രീതികളും വകുപ്പിന്റെ പുത്തന്‍ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കര്‍ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവജാലകം പുറത്തിറക്കുന്നത്. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പലാക്കുന്നതിനൊപ്പം മൃഗ സംരക്ഷണ മേഖലയില്‍ വിജയം നേടിയ കര്‍ഷകരുടെ അനുഭവ പാഠങ്ങളും ജീവജാലകം വഴി പങ്കുവയ്ക്കും.

സ്കൂള്‍ കുട്ടികള്‍ മുതല്‍ ആധുനിക സംരംഭകര്‍ വരെ എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന പദ്ധതികളാണ് വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നത്. പൈതൃക സമ്പത്തായ തനതു ജനുസുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനൊപ്പം ഉത്പാദന വര്‍ധനവിനായി സാങ്കേതിക വിദ്യയിലുള്ള അറിവും കാലത്തിന്റെ ആവശ്യമാണെന്ന് ദ്വൈമാസിക പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി വ്യക്തമാക്കി.

മാസികയുടെ ആദ്യ പതിപ്പ് തിരുവനന്തപുരം പ്രസ് ക്ളബ്ബ് സെക്രട്ടറി ജി.രാജീവിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റര്‍ ഡോ.കെ.ജി.സുമ , നോഡല്‍ ഓഫീസര്‍ എസ്.എസ്.റാണി എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം