മോണോറെയില്‍ : ജനവരിയില്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടക്കും

December 22, 2012 പ്രധാന വാര്‍ത്തകള്‍

Monorailകോഴിക്കോട്: തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മോണോറെയില്‍ പദ്ധതികള്‍ സംബന്ധിച്ച് ഡി.എം.ആര്‍.സി.യുമായുള്ള ചര്‍ച്ചകള്‍ക്കായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലേക്ക് പോകും. ജനവരി രണ്ടാം വാരം ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡി.എം.ആര്‍.സി.യുടെ ഭാഗത്തു നിന്ന് കൊച്ചി മെട്രോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്  അനുകൂലമല്ലാത്ത സമീപനമുണ്ടായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണായകമാവും.

രണ്ട് പദ്ധതികളും ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി. ഏറ്റെടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ താത്പര്യം. ഇക്കാര്യം ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കും. കോഴിക്കോട് മോണോറെയിലിന്റെ കണ്‍സള്‍ട്ടന്‍സി ഏറ്റെടുക്കുമ്പോള്‍ പദ്ധതിയുടെ ആറുശതമാനം കമ്മീഷനായി നല്‍കണമെന്ന് ഡല്‍ഹിമെട്രോ റെയില്‍കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്‍ തുക കുറയ്ക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. ഇക്കാര്യത്തില്‍ അന്ന് ധാരണയുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇ. ശ്രീധരനും ചര്‍ച്ചയില്‍ പങ്കെടുക്കും.

ചര്‍ച്ചയില്‍ മന്ത്രിക്കു പുറമെ ഗതാഗത അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഏലിയാസ് ജോര്‍ജ്, പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, മോണോറെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.സി. ഹരികേഷ് എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍