യു.ഡി.എഫ്‌. മുന്നേറ്റത്തിനിടെ കോഴിക്കോട്‌ ജില്ലയില്‍ ഇടതിന്‌ ആശ്വാസജയം

November 1, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ്‌. തരംഗത്തിനിടെ കോഴിക്കോട്‌ ജില്ലയില്‍ എല്‍.ഡി.എഫിന്‌ ആശ്വാസജയം. കോഴിക്കോട്‌ കോര്‍പ്പറേഷനിലും കൊയിലാണ്ടി, വടകര നഗരസഭകളിലും ഇടതുമുന്നണി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ കൂടുതല്‍ ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ അധികാരം പിടിച്ചെടുത്തുകൊണ്ട്‌ ജില്ലയില്‍ യു.ഡി.എഫ്‌. ശക്തമായ തിരിച്ചുവരവു നടത്തി. തദ്ദേശതിരഞ്ഞെടുപ്പില്‍ ഇതോടെ എല്‍.ഡി.എഫിന്‌ അഞ്ച്‌ കോര്‍പ്പറേഷനുകളില്‍ മൂന്നിടത്ത്‌ ഭരണം നിലനിര്‍ത്താനായി. തിരുവനന്തപുരവും കൊല്ലവുമാണ്‌ മറ്റ്‌ രണ്ടെണ്ണം. കൊച്ചിയും തൃശ്ശൂരും യു.ഡി.എഫ്‌. തിരിച്ചു പിടിക്കുകയും ചെയ്‌തു. മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്‌, ഗ്രാമപ്പഞ്ചായത്ത്‌ തലങ്ങളില്‍ യു.ഡി.എഫാണ്‌ മുന്നില്‍.
കോഴിക്കോട്‌ ജില്ലയില്‍ സമീപകാല തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു ചരിത്രത്തിലെ മികച്ച നേട്ടമാണ്‌ യു.ഡി.എഫിന്റേത്‌. പുതിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തില്ലായിരുന്നുവെങ്കില്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ഭരണം യു.ഡി.എഫിന്‌ ലഭിച്ചേനെ. 55 വാര്‍ഡുള്ള പഴയ കോര്‍പ്പറേഷന്‍ പ്രദേശത്ത്‌ 31 ലും വിജയിച്ചത്‌ യു.ഡി.എഫാണ്‌. ബേപ്പൂര്‍, ചെറുവണ്ണൂര്‍നല്ലളം, എലത്തൂര്‍ പഞ്ചായത്തുകള്‍ കോഴിക്കോട്‌ കോര്‍പ്പറേഷനിലേക്ക്‌ കൂട്ടിച്ചേര്‍ത്തശേഷം ജില്ലയില്‍ 75 ഗ്രാമ പഞ്ചായത്തുകളാണുള്ളത്‌. അതില്‍ ഇടതുമുന്നണിയും യു.ഡി.എഫും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്‌. കഴിഞ്ഞതവണ ഒമ്പത്‌ ഗ്രാമപ്പഞ്ചായത്തുകള്‍ മാത്രമാണ്‌ യു.ഡി.എഫിന്‌ ലഭിച്ചത്‌. അവിടെ നിന്നാണ്‌ പുതിയ മുന്നേറ്റമുണ്ടായത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം