എയര്‍ ഇന്ത്യ 434 ഗള്‍ഫ് സര്‍വീസുകള്‍ കൂടി റദ്ദാക്കി

November 1, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലേക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 434 എയര്‍ഇന്ത്യ എക്‌സ്​പ്രസ് വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കി. ആഴ്ചയില്‍ 24 ഫൈ്‌ളറ്റ് എന്ന നിലയില്‍ 2011 ഫിബ്രവരി 28 വരെയാണ് ഈ നടപടി. ഞായറാഴ്ച പ്രാബല്യത്തില്‍വന്ന ശൈത്യകാല ഷെഡ്യൂളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഒക്ടോബര്‍ 27 വരെ കേരളത്തില്‍ നിന്നുള്ള മുന്നൂറിലേറെ എയര്‍ഇന്ത്യ എക്‌സ്​പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയതു സംബന്ധിച്ച് വ്യാപക പ്രതിഷേധം നേരത്തെ ഉയര്‍ന്നിരുന്നു. അന്ന് പ്രശ്‌നത്തില്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേല്‍ ഇടപെടുകയും വിമാനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, റദ്ദാക്കിയ സര്‍വീസുകള്‍ കാര്യമായൊന്നും പുനഃസ്ഥാപിക്കപ്പെട്ടില്ല. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന പ്രതിഷേധം ക്രമേണ കെട്ടടങ്ങിയപ്പോഴാണ് കൂടുതല്‍ റദ്ദാക്കല്‍ നടപടികളുമായി എയര്‍ഇന്ത്യ മുന്നോട്ടു പോകുന്നത്.
വിമാനങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അതീവ രഹസ്യ സ്വഭാവത്തിലുള്ള നടപടികള്‍ തന്നെ എയര്‍ഇന്ത്യ ഇത്തവണയും സ്വീകരിച്ചു. ഒക്ടോബര്‍ 31 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രാബല്യത്തില്‍ വന്ന ശൈത്യകാല ഷെഡ്യൂള്‍ പുറത്തുവന്നപ്പോഴാണ് കാര്യം പുറംലോകമറിഞ്ഞത്. കഴിഞ്ഞ മെയ് 10ന് പ്രാബല്യത്തില്‍വന്ന വേനല്‍ക്കാല ഷെഡ്യൂളിലുണ്ടായിരുന്ന 24 വിമാനങ്ങള്‍ പുതിയ സമയക്രമത്തില്‍ ഇല്ല.
ഞായറാഴ്ചകളില്‍ രണ്ട്, തിങ്കളാഴ്ചകളില്‍ അഞ്ച്, ചൊവ്വാഴ്ചകളില്‍ എട്ട്, ബുധനാഴ്ചകളിലും വ്യാഴാഴ്ചകളിലും നാലു വീതം, ശനിയാഴ്ചകളില്‍ ഒന്ന് എന്നിങ്ങനെയാണ് റദ്ദാക്കിയ വിമാനങ്ങളുടെ കണക്ക്. ഞായറാഴ്ച ദുബായില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ഐ.എക്‌സ്.540, തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്കുള്ള ഐ.എക്‌സ്. 537 എന്നീ വിമാനങ്ങള്‍ റദ്ദാക്കി. അബുദാബി – തിരുവനന്തപുരം ഐ.എക്‌സ്. 538, തിരുവനന്തപുരം – കൊച്ചി – മസ്‌കറ്റ് ഐ.എക്‌സ്. 543, മസ്‌കറ്റ് – തിരുവനന്തപുരം ഐ.എക്‌സ്. 542, തിരുവനന്തപുരം – ദുബായ് ഐ.എക്‌സ്. 539, തിരുവനന്തപുരം – അബുദാബി ഐ.എക്‌സ്. 537 എന്നിവയാണ് തിങ്കളാഴ്ചകളില്‍ റദ്ദാക്കിയ വിമാനങ്ങള്‍.
ചൊവ്വാഴ്ചകളിലുണ്ടായിരുന്ന ദുബായ് – തിരുവനന്തപുരം ഐ.എക്‌സ്. 540, അബുദാബി -തിരുവനന്തപുരം ഐ.എക്‌സ്. 538, തിരുവനന്തപുരം -ഷാര്‍ജ ഐ.എക്‌സ്. 535, തിരുവനന്തപുരം – മസ്‌കറ്റ് ഐ.എക്‌സ്. 549, ഷാര്‍ജ – തിരുവനന്തപുരം ഐ.എക്‌സ്. 536, തിരുവനന്തപുരം -ദുബായ് ഐ.എക്‌സ്. 539, മസ്‌കറ്റ് -കൊച്ചി -തിരുവനന്തപുരം ഐ.എക്‌സ്. 554, തിരുവനന്തപുരം -അബുദാബി ഐ.എക്‌സ്. 537 എന്നീ ഫൈ്‌ളറ്റുകള്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ പറക്കില്ല.
ദുബായ് – തിരുവനന്തപുരം ഐ.എക്‌സ്. 540, അബുദാബി -തിരുവനന്തപുരം ഐ.എക്‌സ്. 538, തിരുവനന്തപുരം – കൊച്ചി – മസ്‌കറ്റ് ഐ.എക്‌സ്. 543, മസ്‌കറ്റ് – തിരുവനന്തപുരം ഐ.എക്‌സ്. 542 എന്നീ ഫൈ്‌ളറ്റുകള്‍ ബുധനാഴ്ചകളിലും അബുദാബി – തിരുവനന്തപുരം ഐ.എക്‌സ്. 538, തിരുവനന്തപുരം -ഷാര്‍ജ ഐ.എക്‌സ്. 535, മസ്‌കറ്റ് – തിരുവനന്തപുരം ഐ.എക്‌സ്.542, ഷാര്‍ജ – തിരുവനന്തപുരം ഐ.എക്‌സ്. 536 എന്നീ ഫൈ്‌ളറ്റുകള്‍ വ്യാഴാഴ്ചകളിലും ഉണ്ടാവില്ല. തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കുള്ള ഐ.എക്‌സ്. 539 ആണ് ശനിയാഴ്ചകളില്‍ പിന്‍വലിക്കപ്പെട്ട ഫൈ്‌ളറ്റ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം