അക്രമം ഒന്നിനും പരിഹാരമല്ല: പ്രധാനമന്ത്രി

December 24, 2012 ദേശീയം

Manmohan-Singh16ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ വികാരത്തെ മാനിക്കുന്ന സര്‍ക്കാര്‍, പ്രതിഷേധ സമരങ്ങളെ അംഗീകരിക്കുന്നുവെങ്കിലും അക്രമം ഒന്നിനും പരിഹാരമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ ബസിനുള്ളില്‍ കൂട്ടമാനഭംഗത്തിനു ഇരയാക്കിയ സംഭവത്തില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

സര്‍ക്കാരിനെ നടപടിയെടുക്കാന്‍ സഹായിക്കണം. അക്രമം ഒന്നിനും പരിഹാരമല്ല. സമാധാനം പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. പ്രതിഷേധം അക്രമങ്ങളിലേയ്ക്കു നീങ്ങിയതില്‍ ദുഖമുണ്ട്. ബസില്‍ പെണ്‍കുട്ടി പീഡനത്തിനു ഇരയായ സംഭവത്തിന്റെ കാര്യഗൗരവം പൂര്‍ണമായും മനസിലാക്കുന്നു. ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇത്തരം ഹീനകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 12 മണിയോടെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഡല്‍ഹി സംഘര്‍ഷത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് പ്രധാനമന്ത്രി ഇതു നേരത്തെയാക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം