ഗര്‍ഗ്ഗഭാഗവതസുധ – രാമകൃഷ്ണരാധാനാമകരണം

December 26, 2012 സനാതനം

ചെങ്കല്‍ സുധാകരന്‍
10. രാമകൃഷ്ണരാധാനാമകരണം
ബലരാമശ്രീകൃഷ്ണരാധാ നാമസാരം വിശധമാക്കുന്ന ഒരു കഥാസന്ദര്‍ഭമണ്, തുടര്‍ന്ന് ശ്രീഗര്‍ഗ്ഗന്‍ പറഞ്ഞിരിക്കുന്നത്. ഗര്‍ഗ്ഗഭാഗവതത്തിലെ, അത്യന്തം ചിന്താനിര്‍ഭരമായ ഒരു കഥയാണ് നാമകരണം. നാമം നാമിയാണെന്ന ചിന്ത അതിന് കൂടുതല്‍ പ്രാധാന്യമുണ്ടാക്കുന്നു. പേരും പൊരുളുമൊത്ത ശബ്ദങ്ങള്‍ മാത്രമേ പുരാണര്‍ഷികള്‍ സ്വീകരിച്ചിരുന്നുള്ളൂ. അതിനാല്‍, പുരാണേതിഹാസങ്ങളിലെ പാത്രനാമങ്ങള്‍ അധികം ശ്രദ്ധേയമായിരിക്കുന്നു.

Gargabhagavatha sudha_slider13ഒരിക്കല്‍, ഗര്‍ഗ്ഗാചാര്യന്‍ ശിഷ്യരുമൊത്ത് നന്ദഗൃഹത്തിലെത്തി. വസുദേവ നിര്‍ദ്ദേശമനുസരിച്ചായിരുന്നു മുനി ചെന്നത്. നന്ദഗോപന്‍ ആചാര്യനെ അര്‍ഘ്യപാദ്യാദികള്‍ നല്‍കി സ്വീകരിച്ചു. പാദാന്തികത്തില്‍ ദണ്ഡനമസ്‌കാരം ചെയ്തു. അദ്ദേഹം സവിനയം മുനിസത്തമനോടു പറഞ്ഞു. ‘പ്രഭോ, അവിടുത്തെ ആഗമനത്താല്‍ ഞാന്‍ അനുഗൃഹീതനായി. പുണ്യതീര്‍ത്ഥന്മാര്‍ക്കും ദുഷ്പ്രാപനാണല്ലോ അങ്ങ്. ഹേ, ബ്രഹ്മജ്ഞാ, അവിടുന്ന് എന്റെ പുത്രന് നാമകരണം ചെയ്താലും.’

ഗര്‍ഗ്ഗാചാര്യര്‍ സന്തോഷിച്ചു. നന്ദന്റെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന് പറഞ്ഞു.

‘തേ പുത്ര നാമകരണം
കരിഷ്യാമി ന സംശയഃ’

(നിന്റെ പുത്രന് ഞാന്‍, നാമകരണം ചെയ്യാം. സംശയിക്കേണ്ട.) എന്ന് നന്ദനെ സമാധാനിപ്പിച്ചു. ‘അങ്ങയോടു ചില രഹസ്യകാര്യങ്ങള്‍ പറയാനുണ്ട്. നമുക്ക്, ഏകാന്തമായ മറ്റൊരു സ്ഥലത്തേക്കു പോകാം.’ എന്നു പറഞ്ഞ് ആചാര്യന്‍, നന്ദനുമൊത്ത് ഒരു വിജനമായ ഗോശാലയിലെത്തി. തങ്ങളോടൊപ്പം യശോദയേയും രാമകൃഷ്ണന്മാരേയും കൂട്ടി. അവിടെവച്ചാണ് ബാലകന്മാരുടെ നാമകരണം നടത്തിയത്.

ആചാര്യര്‍, ഗണപതിയെയും നവഗ്രഹങ്ങളെയും വന്ദിച്ചു. അതിനുശേഷം അദ്ദേഹം നന്ദനോടു പറഞ്ഞു.

‘രോഹിണീ നന്ദനസ്യാസ്യ
നാമോച്ചാരം ശൃണുഷ്വ ച
രമന്തേ യോഗിനോഹ്യസ്മിന്‍
സര്‍വത്ര രമതീതി വാ.’

(രോഹിണീപുത്രന്റെ നാമം കേട്ടാലും. ഇവര്‍ രാമന്‍ ആകുന്നു. യോഗീഹൃദയങ്ങളെ രമിപ്പിക്കുകയാലും സദാ സ്വയം എല്ലാറ്റിലും രമിക്കുകയാലും) ഈ കുഞ്ഞ് സങ്കര്‍ഷണന്‍ എന്നും അറിയപ്പെടും. ഗര്‍ഭസ്ഥനായിരിക്കുമ്പോള്‍ ദേവകീഗര്‍ഭത്തില്‍നിന്ന് രോഹിണിയിലേക്ക് ആകര്‍ഷിക്കുകയാല്‍. മാത്രമല്ല, ഇവന്‍ ശേഷനുമാകുന്നു. എല്ലാം നശിക്കുമ്പോഴും നാശമില്ലാത്തവനാകയാല്‍. അതിബലമുള്ളവനാകയാല്‍ ബലന്‍ എന്നും അറിയപ്പെടും.

ഹേ നന്ദരാജന്‍, ഇനി അങ്ങയുടെ പുത്രന്റെ നാമം കേട്ടാലും ലോകത്തിനെല്ലാം മംഗളകാരിയായ ഈ കുട്ടി, കൃഷ്ണന്‍ ആകുന്നു.

‘കകാര കമലാകാന്ത
ഋകാരോ രാമ ഇത്യപി
ഷകാരഃ ഷഡ്ഗുണപതി;
ശ്വേതദ്വീപനിവാസകൃത്
ണകാരോ നാരസിംഹോfയ
മകാരോ ഹൃക്ഷരാഗ്നിഭുക്
വിസര്‍ഗശ്ച തഥാഹ്യേകൈഃ
നര നാരായണാവൃഷിഃ’

(കമലാകാന്തനിലെ ‘ക’കാരവും ശ്രീരാമനില ‘ഋ’കാരവും ശ്വേത ദ്വീപാധിപനിലെ ‘ഷ’കാരവും നരസിംഹമൂര്‍ത്തിയിലെ ‘ണ’കാരവും അഗ്നിഭുക്കിന്റെ ‘അ’കാരവും നര-നാരായണന്മാരുടെ വിസര്‍ഗ്ഗവും ചേര്‍ന്ന കൃഷ്ണഃ എന്നതാണ് നാമം) കൃതത്രേതാദ്വാപരയുഗങ്ങളില്‍ ഈ കുട്ടിയുടെ നിറം യഥാക്രമം വെളുപ്പ്, ചുവപ്പ്, മഞ്ഞ എന്നിങ്ങനെയാണ്. എന്നാല്‍, ദ്വാപരാന്തത്തില്‍ കൃഷ്ണവര്‍ണവുമാകുന്നു.

‘തസ്മാത് കൃഷ്ണ ഇതി ഖ്യാതോ
നാമ്‌നായം നന്ദ നന്ദനഃ’

(ഇതിനാല്‍ ഈ കുട്ടി കൃഷ്ണനാമത്തില്‍ അറിയപ്പെടും.) ഇന്ദ്രിയങ്ങളില്‍ അവയുടെ നാഥനായി വസിക്കുന്നതിനാല്‍ വാസുദേവന്‍ എന്നും അറിയപ്പെടും. വൃഷഭാനുപുത്രിയായ രാധയുടെ പതിയാകയാല്‍ രാധാപതി എന്നും വിളിക്കാവുന്നതാണ്. ഇത്രയും പറഞ്ഞശേഷം, കംസാദികളെ നിഗ്രഹിച്ച് ഭൂഭാരം കുറയ്ക്കാനവതരിച്ച ഭഗവാനാണ് ശ്രീകൃഷ്ണന്‍ എന്ന അവതാരരഹസ്യവും, ശ്രീഗര്‍ഗ്ഗന്‍ നന്ദനെ അറിയിച്ചു. രാമകൃഷ്ണന്മാര്‍ക്ക് നാമകരണം ചെയ്തശേഷം ഗര്‍ഗ്ഗാചാര്യര്‍ വൃഷഭാനുവിന്റെ മന്ദിരത്തിലെത്തി. വൃഷഭാനു, മുനിയെക്കണ്ട് സാദരമെഴുന്നേറ്റ് നമസ്‌കരിച്ചു. ഗര്‍ഗ്ഗാചാര്യരെ ഉചിതമായ പീഠത്തിലിരുത്തി. തൊഴുകൈയോടെ പൂജിച്ച് പ്രദക്ഷിണം ചെയ്ത് പ്രണമിച്ചു. എന്നിട്ടു പറഞ്ഞു.

‘തീര്‍ഥീഭൂതാവയം ഗോപാ
ജാതാസ്ത്വദ്ദര്‍ശനാത് പ്രഭോ
തീര്‍ഥാനി തീര്‍ത്ഥീകുര്‍വന്തി
ത്വാദ്യശാസ്സാധവഃ ക്ഷിതൗ.’

(മഹാമുനേ, അങ്ങയെപ്പോലുളള സജ്ജനങ്ങള്‍ തീര്‍ത്ഥങ്ങളെപ്പോലും തീര്‍ത്ഥീകരിക്കുന്നവരാണ്. അങ്ങയെ ദര്‍ശിക്കുകയാല്‍ ഞങ്ങളെല്ലാം പുണ്യശാലികളായിരിക്കുന്നു.

‘മഹര്‍ഷീശ്വരാ, അവിടുന്ന് എന്റെ പുത്രിക്ക് ഉചിതനായ വരന്‍ ആരാണെന്നു പറഞ്ഞാലും. ദിവ്യദൃക്കായ അവിടുത്തേക്ക് അത് നിഷ്പ്രയാസം സാധിക്കുമല്ലോ!’

ഗര്‍ഗ്ഗാചാര്യര്‍, വൃഷഭാനുവിനെ സ്‌നേഹപൂര്‍വ്വം ക്ഷണിച്ച്, യമുനാതീരത്തുള്ള ഒരു വിജനസ്ഥലത്തെത്തി. അദ്ദേഹം വൃഷഭാനുവിനോട് ഗൗരവപൂര്‍വ്വം പറഞ്ഞു.

‘ഹേ ഗോപ ഗുപ്തമാഖ്യാതം
കഥനീയം ന ത്വയാ
പരിപൂര്‍ണ്ണതമഃ സാക്ഷാല്‍
ശ്രീകൃഷ്ണഃ ഭഗവാന്‍ സ്വയം’

(അല്ലയോ ഗോപ്യമുഖ്യാ, നീ അറിയാത്ത, ഒരു രഹസ്യം ഞാന്‍ പറയാം. പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണന്‍ നന്ദഗൃഹത്തില്‍ അവതരിച്ചിരിക്കുന്നു.)

‘ശ്രീകൃഷ്ണ പട്ടരാജ്ഞി യാ
ഗോലോക സാപി സംജാതാ
ത്വം ന ജാനാസി താം പരാം.’

(ശ്രീകൃഷ്ണപട്ടറാണിയായ ഗോലോകരാജ്ഞി, രാധിക, നിന്റെ ഗൃഹത്തിലും ജനിച്ചിരിക്കുന്നു. ഈ രഹസ്യം അങ്ങേക്കും അറിയില്ല.)

വൃഷഭാനു ഇതറിഞ്ഞ് അത്യധികം സന്തോഷിച്ചു. അദ്ദേഹം ധര്‍മ്മപത്‌നിയായ കലാവതിയെയും കൂട്ടി ആചാര്യരെ വീണ്ടും വണങ്ങി. രാധികാജന്മരഹസ്യം മനസ്സിലാക്കിയ വൃഷഭാനു ആനന്ദാശ്രുഭരിത നയനങ്ങളോടെ മഹാമുനിയോട് പറഞ്ഞു: ‘ഹേ മഹര്‍ഷീശ്വരാ, അങ്ങെനിക്കു നേരായ വഴി കാട്ടിത്തന്നു. എന്റെ പുത്രിയെ ഞാന്‍ കൃഷ്ണനു നല്‍കാന്‍ ഇതാ തയ്യാറായിരിക്കുന്നു. യാദവാചാര്യനായ അങ്ങുതന്നെ ഈ വിവാഹം നടത്തിത്തരണം!’ ഇതുകേട്ടു സന്തുഷ്ടനായ മഹര്‍ഷി പറഞ്ഞു: ‘വൃഷഭാനുവര! ഈ വിവാഹം ഞാനല്ല, നടത്തുക, യമുനാതടത്തിലെ ഭാണ്ഡീരവനത്തില്‍ രാധാ-കൃഷ്ണന്മാരുടെ സംഗമവും വിവാഹവും നടക്കാന്‍ പോകുന്നു. പ്രപിതാമഹന്‍തന്നെ ആ കര്‍മ്മം നിര്‍വഹിക്കുന്നതാണ്. അതിനുള്ള അര്‍ഹത ബ്രഹ്മാവിനു മാത്രമേ ഉള്ളൂ.

‘തസ്മാദ് രാധാം ഗോപവര!
വിദ്ധ്യര്‍ദ്ധാംഗീം പരസ്യ ച’

(രാധ, കൃഷ്ണന്റെ അര്‍ധാംഗിനിയാണെന്ന് അറിയുക.). ‘അവള്‍ ഗോലോകറാണിയായ രാധികയാണ്. ഗോപന്മാരായ നിങ്ങളും ഗോപീ ഗണങ്ങളും ഗോലോകത്തില്‍നിന്നും വന്നവരാണ്. രാധാജന്മം അങ്ങേക്ക് അതീവ പുണ്യം പ്രദാനം ചെയ്യും.’ ഇതുകേട്ട് ആശ്ചര്യഭരിതനായ വൃഷഭാനുവും പത്‌നിയും രാധാ ശബ്ദത്തിന്റെ പ്രഭവമെന്തെന്നു ചോദിച്ചു.

സജ്ജനചരിതകീര്‍ത്തനം ഭക്താഗ്രണികള്‍ക്ക് സന്തോഷമാണ്. അതിന് കിട്ടുന്ന അവസരം, അവര്‍ വെറുതേ കളയുകയില്ല. ഗോപദമ്പതികളുടെ അഭ്യര്‍ത്ഥന ആചാര്യര്‍ക്ക് ആനന്ദമുളവാക്കി. അദ്ദേഹം സസന്തോഷം പറഞ്ഞു: ‘കേട്ടാലും, രമയില്‍നിന്നു രേഫവും ആദി ഗോപികയില്‍ നിന്ന് ‘ആ’കാരവും ‘ധര’യില്‍ നിന്ന് ‘ധ’കാരവും വിരജാ എന്നതില്‍ നിന്ന് ‘ആ’ കാരവും ചേര്‍ന്ന് ‘രാധാ’ എന്ന ശബ്ദവുമുണ്ടായി. ശ്രീകൃഷ്ണ തേജസ്സില്‍ നിന്നുത്ഭവിച്ച ആദിഗോപികമാരായ ലീല, ഭൂമി, ശ്രീ, വിരജാ-ഇവര്‍ ഒന്നായിച്ചേര്‍ന്നതാണ് രാധാ!’ രാധാനാമം സദാ ജപിക്കുന്നവര്‍ക്ക് തങ്ങളുടെ ഏതഭീഷ്ടവും സാധിക്കുമെന്നും ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളല്ല, ശ്രീകൃഷ്ണസാമീപ്യംപോലും ലഭിക്കുമെന്നും പറഞ്ഞ് ഗര്‍ഗ്ഗാചാര്യര്‍ രാധാനാമപ്പൊരുള്‍ വിശദമാക്കി. സന്തുഷ്ടരായ വൃഷഭാനു-കലാവതിമാരാല്‍ പൂജിതനായ ഗര്‍ഗ്ഗന്‍ സ്വകീയ ധര്‍മ്മം നിറവേറ്റിയ സന്തോഷത്തോടെ സ്വസ്ഥാനത്തേക്കുപോയി.

മൂന്നുനാമങ്ങളാണ് ഇവിടെ പരിഗണനീയമായത്, ബലരാമന്‍, ശ്രീകൃഷ്ണന്‍, രാധാ. ഓരോന്നും മഹനീയാര്‍ത്ഥജ്ഞാപകമാണ്. ചിന്തിച്ചാല്‍ മൂന്നും ഒന്നായി ശോഭിക്കുന്നതും കാണാം. സര്‍വ്വകാരണനായ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് ഈ മൂന്നു വ്യക്തിത്വവും രാമന്‍ എന്ന സംജ്ഞതന്നെ ശ്രദ്ധിക്കാം. സര്‍വ്വചേതനാചേതനങ്ങളിലും രമിക്കുന്നവന്‍ എന്നാണര്‍ത്ഥം. സര്‍വ്വത്തേയും രമിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അതാരാണ്? സാക്ഷാല്‍ ഈശ്വരന്‍! ‘അഹമാദിശ്ച മാധ്യശ്ച ഭൂതാനാമന്തമേവ ച’ എന്ന ഭഗദ്വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നതുമതാണല്ലോ? അതുപോലെ, ‘അഹമാത്മാ ഗുഡാകേശ! സര്‍വ്വഭൂതാന്തരസ്ഥിതഃ  എന്നുമുണ്ടല്ലോ? എല്ലാറ്റിലും ഒരുപോലെ സ്ഥിതിചെയ്യുന്ന രാമന്‍തന്നെയാണ് ഈശ്വരന്‍.

ശേഷന്‍ എന്ന അപരാഭിധാനവും ഇതേ മഹിമാനത്തെ പ്രതിനിധാനം ചെയ്യുന്നു. എല്ലാം നശിച്ചാലും നശിക്കാതെ ശേഷിക്കുന്നവനാണല്ലോ ശേഷന്‍! ഉത്പത്തി സ്ഥിതി വിനാശങ്ങള്‍ക്കു കാരണം ഭഗവാനായിരിക്കേ പ്രളയത്തിലും ഭഗവാന് നാശമുണ്ടാവുകയില്ലല്ലോ. അതിനാല്‍, ശേഷന്‍ എന്ന പേരും ഈശ്വരന്‍ എന്ന അര്‍ത്ഥത്തിലാണെന്നു മനസ്സിലാക്കാം. ശേഷിമാന്‍ എന്നും ഈ പദത്തിനര്‍ത്ഥം കാണാം. സര്‍വ്വശക്തന്‍ എന്നര്‍ത്ഥം. ലോകങ്ങളെ ധരിച്ച് സര്‍വ്വതിനേയും കാക്കുകയാല്‍ ശേഷന്‍ എന്ന സംജ്ഞ ഈശ്വരനേ യോജിക്കൂ. ശത്രുസംഹാരമടക്കമുള്ള ഭീമകര്‍മ്മങ്ങള്‍ നടത്തുന്നതിനാല്‍ ബലനുമാകുന്നു. ഭഗവാന്റെ ഇച്ഛയില്ലെങ്കില്‍ ലോകത്തൊരുവസ്തുവും ചലിക്കുകയില്ല. ആ മഹാതത്ത്വമാണ് ബലന്‍ എന്നതിലടങ്ങിയിരിക്കുന്നത്. ദഹനനും പ്രഭഞ്ജനനും ബ്രഹ്മത്തിനുമുന്നില്‍ പരാജയപ്പെട്ട ഔപനിഷദകഥ ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും. ലോകത്തൊന്നിനും ബ്രഹ്മത്തോളം ബലമില്ലെന്ന് അക്കഥ വ്യക്തമാക്കി. അപ്പോള്‍, ബലന്‍ എന്ന നാമവും ഈശ്വരന്‍ എന്ന അര്‍ത്ഥത്തിലാണെന്നു കരുതാം. സങ്കര്‍ഷണന്‍ എന്നതാണ് മറ്റൊരു പര്യായം. ഒന്നാലോചിച്ചാല്‍ ഈ സംജ്ഞയിലെ മഹാരഹസ്യം ബോദ്ധ്യപ്പെടും. ഒന്നായ ചൈതന്യമാണല്ലോ ആദ്യം രണ്ടായും പിന്നെ മൂന്നായും അനന്തരം അനേകകോടികളായും പരിണമിച്ചത്? അതിന് നിദാനമായ ഭഗവച്ഛക്തിതന്നെയാണ് സങ്കര്‍ഷണന്‍!

കൃഷ്ണനാമത്തെപ്പറ്റിയാണ് ഇനി ചിന്തിക്കേണ്ടത്. ഇതിലെ ഘടകവര്‍ണ്ണങ്ങളായ ക്, ഋഷ്ണ, 1 എന്നിവ യഥാക്രമം കമലാകാന്തന്‍, ശ്രീരാമന്‍, ശ്വേതദ്വീപാധിപന്‍, നരസിംഹമൂര്‍ത്തി, നരനാരായണര്‍ഷിമാര്‍ എന്നീ സംജ്ഞകളില്‍ നിന്നാണെടുത്തതത്രേ! വിവിധമായിരിക്കുന്നു. ഗര്‍ഗ്ഗഭാഗവതത്തിലെ ഗോലോകഖണ്ഡം എന്ന ആദ്യഭാഗത്തില്‍ എല്ലാ ദേവന്മാരില്‍ നിന്നും ഓരോ തേജസ്സ് ശ്രീകൃഷ്ണനില്‍ ലയിച്ചു ചേര്‍ന്നതായി പറഞ്ഞിരിക്കുന്നു. അതിന്റെ വേറൊരു രീതിയിലുള്ള വിവരണമാണ് ഗര്‍ഗ്ഗാചാര്യര്‍ ഈ നാമം രൂപപ്പെട്ടതിനെപ്പറ്റിയും പറഞ്ഞിരിക്കുന്നത്. വിവിധ ദേവാംശങ്ങളുടെ ഒരുമിക്കല്‍! ഭഗവദ്ഗീതയിലെ വിഭൂതി വിസ്തരയോഗവും ഈ അര്‍ത്ഥത്തിന് ഉപോദ്ബലകമായിരിക്കുന്നു. മറ്റു ദേവശക്തികള്‍ ചേര്‍ന്ന് ഭഗവാനുണ്ടായി എന്നല്ല, എല്ലാം താന്‍ തന്നെയെന്നു വിശദീകരണം. ഗീതയില്‍, എല്ലാ വസ്തുക്കളിലും താന്‍ സ്ഥിതിചെയ്യുന്നതായി ഭഗവാന്‍ പറഞ്ഞിരിക്കുന്നു. ‘മത്തഃ പരതരം നാസ്തി’ എന്ന്. കൃഷ്ണനാമവും ‘സര്‍വേശ്വരേശ്വരഃ’ എന്ന അര്‍ത്ഥമാണ് വിശദമാക്കുന്നത്.

വസുക്കളില്‍ അഥവാ, ഇന്ദ്രിയങ്ങളില്‍ നാഥനായിരിക്കുന്നതിനാല്‍ വാസുദേവന്‍ എന്ന് അറിയപ്പെടുന്നു. ‘വസുദേവസ്യാപത്യം പുമാന്‍’ എന്ന സാധാരണാര്‍ത്ഥത്തേക്കാള്‍, വ്യാപ്തിയും ഔചിത്യവുമുണ്ട്. ‘വസൂനാംപതി’ എന്ന വ്യാഖ്യാനത്തിന്.

ഓരോ യുഗത്തില്‍ വെളുപ്പ്, ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളില്‍ ഭഗവാന്‍ കാണപ്പെടുമെന്ന് ശ്രീഗര്‍ഗ്ഗന്‍ പറഞ്ഞു. ഏതു നിറവും തനതായി, അനന്തതയെയാണ് സൂചിപ്പിക്കുന്നത്. ദ്വാപരാന്തത്തിലെ കൃഷ്ണന്‍ കറുപ്പാണ്. കറുത്ത എന്ന അര്‍ത്ഥത്തില്‍ കൃഷ്ണന്‍ എന്നപേരു വന്നു. മുന്‍സൂചിപ്പിച്ച അനന്തത എന്ന അര്‍ത്ഥം ഏറ്റവും കൂടുതല്‍ യോജിക്കുന്ന വര്‍ണ്ണം കറുപ്പാണ്. അനന്തമായ ആകാശത്തിന്റേയും അപരാമായ സാഗരത്തിന്റേയും നിറം കറുപ്പാണ്. അനാദിമദ്ധ്യാന്തമായ ഈശ്വരതത്ത്വത്തിനും കറുപ്പ് യോജ്യമാണ്. കര്‍ഷണം ചെയ്യുന്നവന്‍ കൃഷ്ണന്‍ എന്നുമര്‍ത്ഥമുണ്ട്. ഏതിനേയും തന്നിലേക്കാകര്‍ഷിക്കുന്നവന്‍ എന്നര്‍ത്ഥം. നാരങ്ങള്‍ക്കെല്ലാം അയനമായ നാരായണന്‍!

രാധാശബ്ദമോ? അതും മേല്‍ക്കാണിച്ചവിധം ഭഗവന്നാമമായി വ്യാഖ്യാനിക്കാം. ശ്രീഭഗവാന്റെ അര്‍ദ്ധാംഗിനിയാണ് രാധ! ഒരു അര്‍ദ്ധം രാധയും മറ്റേ അര്‍ദ്ധം കൃഷ്ണനും. ഭാരതീയമായ അര്‍ദ്ധനാരീശ്വരസങ്കല്പത്തിന്റെ മറ്റൊരു കല്പനതന്നെയാണ് രാധാകൃഷ്ണ സങ്കല്പവും. രാധയെകൂടാതെ കൃഷ്ണനോ കൃഷ്ണനെക്കൂടാതെ രാധയോ ഇല്ല! പ്രകൃതി-പുരുഷമേളനമെന്ന സാംഖ്യവീക്ഷണവും ഇതിന് തുണയാകുന്നു.

രമ, ആദിഗോപിക, രാധ, വിരജാ എന്നീ സംജ്ഞകളില്‍ നിന്ന് യഥാക്രമം രേഫം, ‘ആ’കാരം, ‘ധ’കാരം, (വീണ്ടും) ‘ആ’ കാരം എന്നിവ ചേര്‍ന്നാണത്രേ, ‘രാധാ’ ശബ്ദം രൂപംകൊണ്ടത്. സര്‍വ്വസ്ത്രീ പ്രകൃതിയേയും പ്രതിനിധീകരിക്കുന്നതാണ് രാധാ ശബ്ദമെന്ന് ഇതില്‍ നിന്നൂഹിക്കം. രാധ എന്ന പ്രകൃതിയും കൃഷ്ണനെന്ന പുരുഷനും ഗോലോകപതിയില്‍ ഏകീഭവിക്കുന്നു. ബഹുത്വം അഭിന്നമായി ഏകീഭവിച്ചിരിക്കുകയാല്‍ രാധാകൃഷ്ണമൂര്‍ത്തി ഏകവചനമായി. രാധാശബ്ദവും ഭഗവദ്‌വാചിയായിരിക്കുന്നു.   സര്‍വ്വപ്രപഞ്ചവസ്തുക്കളിലും ധാരയായി പ്രവഹിക്കുന്ന ചൈതന്യമാണ് രാധ! ആ ചൈതന്യം ഈശ്വരശക്തിയാകയാല്‍ രാധാശബ്ദവും സര്‍വേശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ വ്യവഹരിക്കാവുന്നതാണ്.

ഈ നാമകരണ പ്രക്രീയയിലൂടെ ശ്രീഗര്‍ഗ്ഗന്‍ സര്‍വ്വേശ്വരന്റെ അദ്വയഭാവത്തെയാണ് വിശദമാക്കിയിരിക്കുന്നത്. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെന്നോ മുപ്പത്തിമുക്കോടിദേവന്മാരെന്നോ വിവിധ ദേവീഭാവങ്ങളെന്നോ പറയപ്പെടുന്നവരെല്ലാം ഒന്നുതന്നെയാണെന്ന ചിന്ത വളര്‍ത്താന്‍ ആചാര്യന്‍, പ്രേരിപ്പിക്കുന്നു. ‘നേഹ നാനാസ്തി കിഞ്ചന’ എന്ന തത്ത്വമാണ് ഇവിടെ പ്രപഞ്ചനം ചെയ്തിരിക്കുന്നത്.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം