ഷോഡശ സംസ്‌കാരങ്ങള്‍ – ഭാഗം 4

December 29, 2012 സനാതനം

സ്വാമി പരമേശ്വരാനന്ദ സരസ്വതി
പുംസവനസംസ്‌കാരം

മുന്‍പറഞ്ഞതുപോലെ ശരീരരക്ഷമാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ളതല്ല മനുഷ്യധര്‍മ്മം. മനുഷ്യശരീരം ലഭിച്ചിരിക്കുന്നതുതന്നെ ജന്മസാഫല്യം നേടാനാണ്. അതാകട്ടെ ആദ്ധ്യാത്മകിവുമത്രേ. ശരീരമാദ്യം ഖലു ധര്‍മ്മസാധനം – മാത്രമാണ്. അതിനാല്‍ ഗര്‍ഭാധാനം, ഗര്‍ഭധരണം, ഗര്‍ഭരക്ഷണം എന്നീ കാര്യങ്ങളില്‍ പതി-പത്‌നിമാര്‍ വളരെ നിഷ്‌കര്‍ഷയോടെ വര്‍ത്തിക്കണമെന്ന് ധര്‍മ്മശാസ്ത്രം അനുശാസിക്കുന്നു. ഗര്‍ഭശുശ്രൂഷ സ്ഥൂലവും സൂക്ഷ്മവുമായരിരിക്കണം. സ്ഥൂലമായ ശുശ്രൂഷയേക്കാള്‍ പതിന്മടങ്ങ് സൂക്ഷ്മമായ ശുശ്രൂഷകളില്‍ ശ്രദ്ധിക്കണം. ഗര്‍ഭവതിയേയും ഭര്‍ത്താവിനെയും ഇതിന്റെ ഗൗരവം യഥാകാലം ബോദ്ധ്യപ്പെടുത്തന്നതിനും തദ്വാര കുടുംബത്തിനും സമുദായത്തിനും തമ്മിലുള്ള പരസ്പരബന്ധവും കര്‍ത്തവ്യങ്ങളും അനുസ്മരിപ്പിക്കുന്നതിനും വൈദിക കര്‍മ്മങ്ങള്‍ ഇടയ്ക്കിടെ ചെയ്യേണ്ടതായിട്ടുണ്ട്.

ഗര്‍ഭശുശ്രൂഷരീതിയില്‍ അനുഷ്ഠിക്കപ്പെടുന്ന ഈ സംസ്‌കാരകര്‍മ്മങ്ങളില്‍ പുംസവനവും സീമന്തോന്നയനവും മുഖ്യത്വമര്‍ഹിക്കുന്നു.

സ്ത്രീ ഗര്‍ഭംധരിച്ചുവെന്നുകണ്ടാല്‍ പിന്നെ ആ ഗര്‍ഭവതിയുടെയും ഭര്‍ത്താവിന്റെയും മനോവാക്കായങ്ങള്‍ വ്രതനിഷ്ഠയോടെ വര്‍ത്തിച്ചുകൊണ്ടിരിക്കണം.

ബ്രഹ്മചര്യനിഷ്ഠ അത്യാവശ്യമാണ്. ഗര്‍ഭവതിയുടെ ആഹാരം, നിദ്ര, വ്യായാമം,  നിത്യകര്‍മ്മം വിചാരം, വാക്ക്, സമ്പര്‍ക്കം ഇത്യാദി എല്ലാം മിതവും ഹിതകരവുമായിരിക്കണം.

രണ്ടാം മാസത്തിലോ മൂന്നാം മാസത്തിലോ കുടുംബനിലവാരത്തില്‍ ആദ്ധ്യാത്മികാന്തിരീക്ഷവും പ്രേരണയുളമുളവാക്കുന്ന പുംസവനകര്‍മം എന്ന സാമൂഹികചടങ്ങ് നടത്തണമെന്നുണ്ട്.

ഗര്‍ഭവതിയേയും ഗര്‍ഭസ്ഥശിശുവിനേയും ഉദ്ദേശിച്ചാണിതെങ്കിലും സാംസ്‌കാരികകര്‍മ്മങ്ങളും സ്വഭാവം സാമൂഹികമാണല്ലോ. അതിനാല്‍ ഒരു ശുഭമുഹൂര്‍ത്തം നിശ്ചയിച്ച് ബന്ധുക്കളെയും ഗുരുജനങ്ങളെയും സമുദായപ്രതിനിധികളെയും ക്ഷണിച്ചു വരുത്തി അവരുടെ സാന്നിദ്ധ്യത്തിലും സംസ്‌ക്കാരമുള്ള ഒരു പുരോഹിതന്റെ പൗരോഹിത്യത്തിലും ഇത് നടത്തേണ്ടതാണ്. ഇതിന്റെ പ്രാണികമന്ത്രങ്ങള്‍ വേദത്തിലും ഗുഹ്യസൂത്രങ്ങളിലും കാണാം. വൈദികപദ്ധതിയനുസരിച്ച് നാലുവേദങ്ങളില്‍നിന്ന് ഈശ്വര പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് ഉപാസനായജ്ഞം നടത്തണം.

യജ്ഞം, ഈശ്വരപ്രാര്‍ത്ഥന എന്നീ കര്‍മ്മങ്ങള്‍ എല്ലാവരും ചേര്‍ന്ന് സാമൂഹികമായി നടത്തേണ്ടതാണ്. യജ്ഞകര്‍മ്മാരംഭത്തിലും അവസാനത്തിലും ഈ കര്‍മ്മത്തിന്റെയും വേദമന്ത്രങ്ങളുടെയും താല്‍പ്പര്യമെന്താണെന്ന് ഉപവിഷ്ടരായിരിക്കുന്നവരെ ഉപദേശരീതിയിലോ പ്രസംഗരൂപത്തിലോ പറഞ്ഞു മനസ്സിലാക്കേണ്ടത് പുരോഹിതന്റെയോ നിശ്ചിത ആചാര്യന്റേയോ ചുമതലയാണ്. വീണ്ടും ചുവടേചര്‍ക്കുന്ന രണ്ടു മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് യജ്ഞകുണ്ഡത്തില്‍ നെയ്യുകൊണ്ട് രണ്ട ആഹൂതി നല്‍കണം

ഓം ആതേ ഗര്‍ഭോ യോനിമേതു
പുമാന്‍ ബാണ ഇവേഷുധീം
ആവീരോ ജായതാം പുത്രസ്‌തേ
ദശമാസ്യഃസ്വാഹാ
– അഥര്‍വ്വവേദം

ഓം അഗ്നിരൈതു പ്രഥമോ ദേവ
താനാംസോളസൈ്യതദയ  രാജാ
വരുണോളനുമന്യതാം യഥേയം സ്ത്രീ
പൗത്രമഘം നരോദാത് സ്വാഹാ

കര്‍മ്മാരംഭത്തില്‍ ഈശ്വരോപാസനക്കുശേഷം ഗര്‍ഭവതിയും ഭര്‍ത്തവും ആചാര്യോപദേശപ്രകാരം മറ്റാരുമില്ലാത്ത ഏകാന്തസ്ഥാനത്തുപോയി അല്പനേരമിരിക്കണം.

അപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ഹൃദയഭാഗത്ത് ക്തൈലം വച്ചുകൊണ്ട് ജപിക്കേണ്ട മന്ത്രിമിതാണ്.

ഓം യത്തേ സുസീമേ ഹൃദയേ
ഹിതമന്ത്രഃപ്രജാപതൗ
മനേളഹം മാം തദ്വിദ്വാംസം
മാഹം പൗത്രമഘം നിയാമ്

ആശ്വലായനഗൃഹ്യസൂത്രം. ഇതുപോലെ യജ്ഞാഹുതിക്കുശേഷവും അനുഷ്ഠിക്കണം. തുടര്‍ന്നു മംഗളം പ്രാര്‍ത്ഥനയോടുകൂടി ഉപവിഷ്ഠാരയവരെയെല്ലാം യഥായോഗ്യം സത്കരിച്ച് യാത്രയയ്ക്കാം.

ഈ സംസ്‌ക്കാരകര്‍മ്മത്തില്‍ മുഖ്യമായ ഒരു ചടങ്ങ്, വടവൃക്ഷത്തിന്റെ ജടത്തളിരും (മുകളില്‍ തൂങ്ങിക്കിടക്കുന്ന വേരുകള്‍) അമൃത വള്ളിയുടെ തളിരും ചേര്‍ത്ത് നന്നായി അരച്ച് അതിന്റെ ഗന്ധം ഭര്‍ത്താവ് ഗര്‍ഭവതിയുടെ നാസികയില്‍ നല്ല പോലെ മണപ്പിക്കുക എന്നതാണ്. ഇത് ആദ്യവും അവസാനവും ചെയ്യണം. അപ്പോള്‍ ചൊല്ലുന്ന മന്ത്രിമിതാണ്.

അദ്ഭ്യഃ സംഭൂതഃ പൃഥിവൈരസാച്ച
വിശ്വകര്‍മ്മണഃ സമവര്‍ത്തതാധി
തസ്യ ത്വഷ്ടാ വിദധദ്രൂപമേതി
തന്മര്‍ത്ത്യസ്യ ദേവത്വമാജാനമേ്രഗ
– യജൂര്‍വേദം

ഈ ചടങ്ങ് വടവൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്നുനിന്ന് നിര്‍വഹിക്കണമെന്നാണ് വിധി. വടവൃക്ഷം അമൃത്, ബ്രഹ്മി തുടങ്ങിയ ഔഷധങ്ങള്‍ യഥാവിധി തയ്യാറാക്കി ഇടയ്ക്കിടെ അല്പാല്പമായി ഗര്‍ഭവതി സേവിക്കണം ഈ കര്‍മ്മത്തിനുശേഷം യജ്ഞ പ്രസാദമായ ‘ചരു’ (പായസ പ്രസാദം) ആദ്യം ഗര്‍ഭവതിക്ക് നല്‍കണം. അപ്പോള്‍ ചൊല്ലുന്ന മന്ത്രമാണിത്.

ഓം പയഃപൃഥീവ്യാം പയ ഔഷധീഷു
പയോ ദിവ്യന്തരീക്ഷേ പയോധഃ
പയസ്വതീഃപദിശഃശന്തുമഹ്യംഃ

പിന്നീട് ഗര്‍ഭിണിയുടെ ഗര്‍ഭാശയഭാഗത്ത് കൈതലംകൊണ്ട് താങ്ങുന്നതുപോല ഭര്‍ത്താവ് സ്പര്‍ശിച്ചുകൊണ്ട് ആദ്യം

ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാേ്രഗ
ഭൂതസ്യ ജാതഃ
പതിരേക ആസീത്
സദാധാരപൃഥിവീം ദ്യാമുതേമാം
കസ്‌മൈ ദേവായ
ഹവിഷാ വിധേമ
അദ്ഭ്യഃസംഭൂതഃപൃഥിവൈരസാച്ച
വിശ്വകര്‍മ്മണഃ
സമവര്‍ത്തതാരേഗ
തസ്യ ത്വഷ്ടാ വിധുദ്രൂപമയെകി
തന്മാര്‍ത്ത്യസ്യ
ദേവത്വമാജാനമേ്രഗ

എന്നമന്ത്രങ്ങളും പിന്നീട്

സുപര്‍ണ്ണോസി ഗുരുത്മാം
സ്ത്രീവൃത്തേശിരോ
ഗായത്രം ചക്ഷുര്‍ബൃഹദ്രഥന്തരേ
പക്ഷൗ
സ്‌തോമ ആത്മാഛന്ദാങ്‌സ്യാംഗാ
നീയജുങ്ഷിനാമ
സാമതേ  തനുഃവാമദേവ്യം
യജ്ഞായജ്ഞീയം
പുച്ഛം ധിഷ്ണ്യ ശഫാഃ
സുപര്‍ണ്ണോസി ഗുരുത്മാന്ദിവം
ഗച്ഛസ്വഃ പത
– യജുര്‍വേദം

എന്നീ മന്ത്രങ്ങളുച്ചരിച്ച് ഭാവാതര്‍ത്ഥം ധ്യാനിച്ചുകൊള്ളേണ്ടതാകുന്നു.

പുംസവനസംസ്‌കാരത്തോടുകൂടി ഗര്‍ഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പുഷ്ടിപ്രദവും സംശുദ്ധവും സാത്വികവുമായ ഭക്ഷണപാനീയങ്ങളും ഔഷധവും കഴിക്കുന്നതോടൊപ്പം കോപതാപമോഹമദമാത്സര്യാദി വികാരങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം.

ഗര്‍ഭിണിക്ക് മിതവ്യായാമവും സൗമ്യാചരണവും പ്രസന്നചിത്തവുമുണ്ടായിരിക്കണം. ക്ഷോഭജന്യമായ വാദവിവാദങ്ങള്‍ വര്‍ജ്ജിക്കണം. നാടകസിനാമാദികള്‍കാണരുത്. കാമവികാരജനകങ്ങളായ കഥകളും നോവലുകളും വായിക്കരുത്.

ഈശ്വരഭക്തിയും സദ്ഭാവനകളും ഉളവാക്കുന്നപുരാണേതിഹാസങ്ങള്‍ വായിക്കാം. സത്സംഗങ്ങളും ധര്‍മ്മജ്ഞാനസംബന്ധമായ പ്രവചനങ്ങളും സംഭാഷണങ്ങളും ശ്രവിക്കാന്‍ താല്‍പ്പര്യവും ശ്രദ്ധയും ഉണ്ടായിരിക്കണം.

ഗര്‍ഭവതിയായ സ്ത്രീയുടെ ഭക്ഷണരസവും വിചാരവികാരങ്ങളുടെ അംശവും ഗര്‍ഭശിശുവിലും പതിയുമെന്നുള്ളതിനാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാകുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം