ബസിനുള്ളില്‍ കൂട്ടമാനഭംഗം: വിചാരണ ജനുവരി മൂന്നിനു ആരംഭിക്കും

December 24, 2012 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനു ഇരയാക്കിയ സംഭവത്തില്‍ വിചാരണ ജനുവരി മൂന്നിനു തുടങ്ങും. അതിവേഗ കോടതിയിലാണ് വിചാരണ നടത്തുക. കേസില്‍ ഇതുവരെ ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി വന്‍ പ്രക്ഷോഭത്തിനു സാക്ഷ്യംവഹിച്ചതോടെയാണ് അതിവേഗ കോടതിയില്‍ വിചാരണ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇടവേളകളില്ലാതെ വിചാരണ നടത്തുമെന്നും ഒന്നിനും കാലതാമസമുണ്ടാക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ പീഡന പരമ്പരകള്‍ നടക്കുന്നതു ഡല്‍ഹിയിലാണെന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ കോടതി വിധികള്‍ വൈകുന്നതു തടയുന്നതിനും ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും ഡല്‍ഹിയില്‍ കൂടുതല്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനു ഇരയായ സംഭവത്തില്‍ തലസ്ഥാനനഗരിയില്‍ പ്രതിഷേധം സംഘടിപ്പിച്ച ജനക്കൂട്ടത്തിനു നേരെയുണ്ടായ പോലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ രണ്ടു അസി. കമ്മീഷണര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ഡല്‍ഹി ട്രാഫിക്, പോലീസ് കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍മാരെയാണ് സസ്പെന്‍ഡു ചെയ്തത്. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്നയുടേതാണ് നടപടി. രണ്ടു ഡപ്യൂട്ടി കമ്മീഷണര്‍മാരോടു സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രതിഷേധസമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതു വ്യാപക വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് മേധാവി ഉത്തരവാദിത്തം കാണിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം