വിജിലന്‍സിന്റെ കീഴിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കാര്യക്ഷമം

December 24, 2012 കേരളം

ശബരിമല: ദേവസ്വം വിജിലന്‍സാണ് ഈ വര്‍ഷം ശബരിമലയിലെ മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നത്. വിവിധ സേനകളുടെ മേല്‍നോട്ടങ്ങള്‍ കൊണ്ടുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കോടതി നേരിട്ട് വിജിലന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതുമൂലം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സെക്യൂരിറ്റി ഫോഴ്‌സുകളേയും ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ വിജിലന്‍സിന് കഴഞ്ഞു. കൂടാതെ അപ്പം, അരവണ പ്ലാന്റ്, ഭണ്ഡാരം, അന്നദാനം തുടങ്ങിയ മേഖലകളുടെയും സുരക്ഷ വിജിലന്‍സിന്റെ മേല്‍നോട്ടത്തിലാണ്. ഇവകൂടാതെ പുതിയ സുരക്ഷാ ക്രമീകരണ സംവിധാനങ്ങളും വിജിലന്‍സിന്റെ മേല്‍നോട്ടത്തില്‍ ശബരിമലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍, അസ്‌കാലൈറ്റ്, വഴിവിളക്കുകള്‍, ബാരിക്കേഡുകള്‍, അപകട സൈറണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഭക്തജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ശബരിമലയില്‍ വിവിധയിടങ്ങളില്‍ വിജിലന്‍സ് പരാതിപ്പെട്ടികള്‍ വച്ചിട്ടുണ്ട്. ഇതില്‍ ലഭിക്കുന്ന പരാതികള്‍ക്ക് വളരെപ്പെട്ടെന്ന് തന്നെ പരിഹാരങ്ങള്‍ കാണാന്‍ കഴിഞ്ഞതായി ദേവസ്വം വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.പ്രശാന്ത് പറഞ്ഞു. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വവും ഗവണ്‍മെന്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ജയകുമാറും വേണ്ടത്ര പിന്തുണ നല്‍കുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് പോലീസ് സൂപ്രണ്ട് സി.പി.ഗോപകുമാറാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം