ശ്രീ ഗുരുപാദ കീര്‍ത്തനം

December 26, 2012 ഗുരുവാരം,സനാതനം

  • രചന: ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
  • സംഗീതം: വട്ടപ്പാറ സോമശേഖരന്‍ നായര്‍
  • ആലാപനം: വട്ടപ്പാറ സോമശേഖരന്‍ നായരും സംഘവും
  • ശബ്ദലേഖനം: www.punnyabhumi.com

ബ്രഹ്മ ഹിമാചല നിലയ ശ്രീ നീലകണ്ഠ
നിര്‍മ്മല ഗുരുപാദ ശ്രീ സദ്ഗുരോ
ധര്‍മ്മസ്വരൂപന്‍ സത്യാനന്ദ പാദങ്ങളായ്
ഞങ്ങളെ നയിപ്പതും അവിടുന്നല്ലോ
ആഞ്ജനേയാവതാര ശ്രീനീലകണ്ഠഗുരോ
പാദങ്ങള്‍ കൂപ്പാന്‍ ഭാഗ്യം തന്നിടണേ – സത്യാ –
നന്ദപാദം ഭജിപ്പാന്‍ വരം തരണേ (ബ്രഹ്മ…)

കാമക്രുധാദി പോക്കാന്‍ മര്‍ത്ത്യമാനസങ്ങളില്‍
രാമദൂതുമായ് ഭവാന്‍ വന്നിടുന്നു
നാമാക്ഷരങ്ങളാലേ അമൃതം നിറച്ചു സീതാ –
രാമപട്ടാഭിഷേകം നടത്തിടുന്നു.
ജ്ഞാനം വളര്‍ത്തി ഭവ രോഗങ്ങള്‍ മാറ്റും പ്രഭോ
ജ്യോതിസ്വരൂപം പൂണ്ടു തെളിഞ്ഞിടുന്നു – പരം
ജ്യോതിസ്സായെന്നുമുള്ളില്‍ വിളങ്ങിടുന്നു (ബ്രഹ്മ…)

ആനന്ദമായിരിപ്പിന്‍ അങ്ങുലഭിക്കുമെല്ലാം
അമ്മതന്‍ മുന്നില്‍ മക്കള്‍ പോലെ നില്‍പ്പിന്‍
ലോകമൊരു കുടുംബം എന്നുപദേശം ചെയ്തു
അദൈ്വത ബ്രഹ്മമായി നിറഞ്ഞിടുന്നു.
അമ്മ നീ അച്ഛനും നീ ഞങ്ങള്‍ക്കാചാര്യനും നീ
ഞങ്ങളും നീയല്ലോ തമ്പുരാനേ – സത്യാ –
നന്ദശ്രീനീലകണ്ഠ ഗുരുവരനേ (ബ്രഹ്മ…)

സേവനമന്ത്രാര്‍ത്ഥങ്ങള്‍ പാദപൂജയായ് കോര്‍ത്തു
സാഗരം താണ്ടും മഹാവീര, വിഭോ,
രാമദാസന്‍മാര്‍ ഞങ്ങള്‍ കോടികോടികള്‍ കര്‍മ്മ
വീരവ്രതം പൂണ്ടിങ്ങു സംഘടിപ്പൂ
സേവനമൊന്നേ രഘു രാമപൂജനമെന്നും
അലസതാമാത്സര്യങ്ങള്‍ വെടികയെന്നും – ഭവാന്‍ –
ചൊന്നല്ലോ സര്‍വമാത്മാരാമനെന്നും – (ബ്രഹ്മ…)

ആരാധനയ്ക്കു കര്‍പ്പൂരാഴി കരത്തിലേന്തി
പാരിടം പതിനാലും നൃത്തമാടി
ആനന്ദം പെയ്തു നില്‍ക്കെ ദേവഗന്ധര്‍വാദികള്‍
പൂവിട്ടു പൂജ ചെയ്‌വാന്‍ ഓടിയെത്തും.
ഭൂവിന്റെ ദുരിതങ്ങള്‍ പോക്കാന്‍ വിഭൂതി നല്‍കും
താരക രാമകഥ ഞങ്ങള്‍ പാടും – എങ്ങും
ത്രേതായുഗം വിടര്‍ന്നു സുഖം വളര്‍ക്കും – (ബ്രഹ്മ…)

ശ്രീരാമനവമിക്കു പുഷ്പകമേറും ഭവാന്‍
വാനരവീരര്‍ ഞങ്ങള്‍ വണങ്ങിനില്‍ക്കെ
ആഘോഷം പൂണ്ടു ഭരതാദികള്‍ സല്‍ക്കരിക്കും
ആചാര്യകരങ്ങളാലഭിഷേകം – രാമ
ഹൃദയസിംഹാസനത്തിലഭിഷേകം.
ആട്ടങ്ങള്‍ പാട്ടും ദിവ്യ ഭേരീമൃദംഗാദികള്‍
കൂട്ടുന്ന ഘോഷം പൂക്കള്‍ പൊഴിയുന്നതും
ദേവ വൃന്ദങ്ങള്‍ വാഴ്ത്തിപ്പാടി വന്ദിക്കും മേളം
സീതാഭിരാമബ്രഹ്മ വിശ്വദര്‍ശനം
ആനന്ദം പരമാനന്ദം പരമാനന്ദമയോദ്ധ്യാനന്ദം
ആനന്ദം പരമാനന്ദം ശ്രീനീലകണ്ഠാനന്ദരസം
ആനന്ദം പരമാനന്ദം ശ്രീസത്യാനന്ദാനന്ദരസം
ആനന്ദം ആത്മാനന്ദം ആനന്ദം സച്ചിദാനന്ദം
ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദമഹാരാജ് കീ ജയ്
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി മഹാരാജ് കീ ജയ്
ആഞ്ജനേയ മഹാപ്രഭു കീ ജയ് (ബ്രഹ്മ…)

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം