മണ്ണാറശാല ആയില്യം: എഴുന്നള്ളത്ത്‌ ദര്‍ശനപുണ്യമായി

November 1, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ഹരിപ്പാട്‌: നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും കൈയിലേന്തി മണ്ണാറശാല വലിയഅമ്മ എഴുന്നള്ളിയപ്പോള്‍, കണ്ടുതൊഴാന്‍ ആയിരക്കണക്കിന്‌ ഭക്തരാണ്‌ കാത്തുനിന്നത്‌. അമ്മയുടെ ദര്‍ശനം കിട്ടിയവര്‍ കൈകള്‍ ഉയര്‍ത്തി ശരണം വിളിച്ചു.
മുപ്പതേക്കറോളംവരുന്ന മണ്ണാറശാലക്കാവിലാകെ പ്രതിധ്വനിച്ച ശരണംവിളിയും വായ്‌ക്കുരവയും താളമേളങ്ങളും വലിയമ്മ ഉമാദേവി അന്തര്‍ജനത്തിന്റെ ആയില്യം എഴുന്നള്ളത്തിന്‌ മിഴിവേകി.
വൈകീട്ട്‌ മൂന്നോടെയാണ്‌ വലിയമ്മ ക്ഷേത്രക്കുളത്തില്‍ കുളിച്ച്‌ ഓലക്കുടചൂടി വന്നത്‌. അരമണിക്കൂറോളം നീണ്ട പൂജകള്‍ക്കൊടുവില്‍ മൂന്നരയോടെ അമ്മ ശ്രീകോവിലില്‍നിന്ന്‌ പുറത്തേക്കു വന്നു. നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും കൈയിലേന്തിവന്ന അമ്മയ്‌ക്കിരുവശത്തും ഇല്ലത്തെ കാരണവന്മാരും ഇളമുറക്കാരും നിന്നു. തുടര്‍ന്ന്‌ ശംഖനാദവും തിമിലപ്പാണിയും ഉയര്‍ന്നു. അപ്പോഴേക്കും സര്‍പ്പയക്ഷിയുടെ തിടമ്പുമായി ഇളയമ്മ സാവിത്രി അന്തര്‍ജനവും നാഗചാമുണ്ഡി വിഗ്രഹവുമായി മണ്ണാറശാലയിലെ കാരണവര്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും നാഗയക്ഷി വിഗ്രഹവുമായി പരമേശ്വരന്‍ നമ്പൂതിരിയും അമ്മയ്‌ക്കു പിന്നില്‍ അണിനിരന്നു. തുടര്‍ന്ന്‌ നാഗരാജാവിന്റെ നടയിലൂടെ എഴുന്നള്ളത്ത്‌ തുടങ്ങി. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുകൂടി വടക്കേനടവഴി എഴുന്നള്ളത്ത്‌ ഇല്ലത്തേക്ക്‌ നീങ്ങി. മുളവേലിക്ക്‌ ഇരുപുറവും കാത്തുനിന്ന ആയിരങ്ങള്‍ അമ്മയുടെ ദര്‍ശനത്തോടെ ഭക്തിലഹരിയിലായി.
മൂന്നേമുക്കാലോടെ എഴുന്നള്ളത്ത്‌ ഇല്ലത്തെ നിലവറയിലെത്തി. അവിടെ നേരത്തെ തയ്യാറാക്കിയ നാഗക്കളങ്ങളില്‍ നാഗരാജാവിന്റെയും ഉപദേവതകളുടെയും തിടമ്പുകള്‍വച്ച്‌ അമ്മ പൂജ ആരംഭിച്ചു. ആയില്യം പൂജ, നൂറുംപാല്‍, സര്‍പ്പബലി, കുരുതി എന്നിവയാണ്‌ അമ്മ നടത്തിയത്‌. അര്‍ധരാത്രിക്ക്‌ ശേഷമാണ്‌ പൂജകള്‍ പൂര്‍ത്തിയായത്‌. തുടര്‍ന്ന്‌ അമ്മയുടെ അനുമതി വാങ്ങി കാരണവര്‍ തട്ടിന്മേല്‍ നൂറുംപാലും നടത്തി. നിലവറയുടെ തെക്കുഭാഗത്ത്‌ തയ്യാറാക്കിയ തട്ടിനുമുകളിലാണ്‌ ഈ ചടങ്ങ്‌ നടന്നത്‌. ആകാശസര്‍പ്പങ്ങള്‍ക്ക്‌ ബലി തൂകുന്ന സങ്കല്‌പത്തിലാണ്‌ ഇത്‌ നടത്തുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം