ഇംഗിതജ്ഞനായ സ്വാമിജി

December 27, 2012 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

”എടോ, നിന്റെ ബീഡിയും ചന്ദനത്തിരിയുമൊക്കെ ഇവിടെ കെട്ടുകണക്കിന് കിടക്കുന്നെടോ”
സ്വാമിജിയെ ആദ്യമായി സന്ദര്‍ശിച്ചതിനുശേഷം എന്റെ നിത്യാരാധനാസങ്കല്പത്തിലെ ഗുരുപൂജയ്ക്ക് ഞാന്‍ മനസാ തെരഞ്ഞെടുത്തത് സ്വാമിജിയെയായിരുന്നു. കെട്ടുകണക്കിന് ചന്ദനത്തിരി കത്തിച്ച് അണച്ചിട്ട് ആ പുക ആത്മപൂജയിലെ ഒരു പൂജാദ്രവ്യമായി സ്വയം ഏറ്റുകൊണ്ടിരുന്നത് അത്ഭുതത്തോടെ ഇന്നും ഞാന്‍ ഓര്‍മിക്കുന്നു. മാത്രവുമല്ല ഊര്‍ദ്ധ്വമുഖനായി എങ്ങോ പതിഞ്ഞ അക്ഷികള്‍ നിശ്ചലമായിരിക്കുന്ന ചില നിമിഷങ്ങളില്‍ കൈയിലുളള തനിനാടന്‍ബീഡി സ്വാമിജി വലിക്കുന്നത് ഞാന്‍ കണ്ടിരുന്നു.

ചേങ്കോട്ടുകോണം കവലയില്‍നിന്ന് ആശ്രമത്തിലേക്കുള്ളവഴി എന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠമായിരുന്നു. ഞാന്‍ ഇരിക്കുന്ന ബസ്, ഈ റോഡ് കടന്നുപോകുമ്പോള്‍ എന്റെ മാനസിക പൂജയുടെ ഭാഗമായി ഒരു വലിയകെട്ട് ചന്ദനത്തിരിയും ഒരുകെട്ട് ബീഡിയും ക്ഷേത്രനടയിലിരിക്കുന്ന സ്വാമിജിയുടെ മുമ്പില്‍ മനസാ സമര്‍പിക്കുക പതിവായിരുന്നു. അങ്ങനെയുള്ള അനേകം ദിവസങ്ങളും മാസങ്ങളും കഴിഞ്ഞതിനുശേഷം ഒരിക്കല്‍ ഞാന്‍, ആശ്രമത്തില്‍ സ്വാമിജിയുടെ സന്നിധിയിലെത്തി. കണ്ടയുടനേ ആദ്യമായി എന്നോടു പറഞ്ഞത് ഈ വാക്കായിരുന്നു.

”എടോ, നിന്റെ തിരിയും ബീഡിയുമൊക്കെ ഇവിടെ കെട്ടുകണക്കിനു കിടക്കുന്നെടോ” പെട്ടെന്ന് എന്റെ മാനസപൂജയുടെ പ്രാധാന്യം എന്തായിരുന്നുവെന്ന് അറിയുവാനും സങ്കല്പപൂജയെ സാര്‍ത്ഥകമായി കരുതുവാനും എനിക്ക് കഴിഞ്ഞു. ”സങ്കല്‌പേന സമര്‍പയാമി വരദേ സന്തുഷ്‌ടേന കല്പ്യതാം” എന്ന് മാനസപൂജയെപ്പറ്റി ശ്രീശങ്കരഭഗവദ്പാദര്‍ എഴുതിയ വരികള്‍ എത്രകണ്ട് ശ്രേഷ്ഠവും സത്യവുമാണെന്ന് ചിന്തിച്ചുപോയി.

ഇംഗിതജ്ഞനായ സ്വാമിജി
ഇംഗിതജ്ഞനും നയകോവിദനുമായ സ്വാമിജി പരഹൃദയജ്ഞാനം നേടിയമഹാത്മാവായതുകൊണ്ട്, അന്യരുടെ സങ്കല്പങ്ങളെ അറിഞ്ഞിരുന്നു. എന്റെ സങ്കല്പങ്ങളെ സ്വാമിജി എത്രത്തോളം അറിയുന്നുഎന്നുള്ളതിനെപ്പറ്റി എനിക്ക് സംശയമുണ്ടായിരുന്നില്ല. ഒരു ദിവസം സ്വാമിജിയെ സുദര്‍ശനമഹായന്ത്രത്തിനുമദ്ധ്യേ പ്രതിഷ്ഠിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ശിരസ്സിലേക്ക് നിറയെ പുഷ്പാര്‍ച്ചന നടത്തുന്നതായി സങ്കല്പിച്ചു.

സങ്കല്പപുഷ്പങ്ങള്‍കൊണ്ട് അര്‍ച്ചന നടത്തവേ എന്റെ ശിരസ്സിലേക്ക് ഒരു പിടി മലര്‍ (പൊരി) വന്നു വീണു. ഞാന്‍ അര്‍ച്ചിച്ച പുഷ്പം കൊണ്ടുള്ള മാനസപൂജ അറിയുന്നുവെന്ന ബോധം എന്നിലുളവാകത്തക്കവിധമാണ് ആ മലരുകള്‍ എന്റെ ശിരസ്സില്‍ വീണതെന്ന് എനിക്കു മനസ്സിലായി. അതിനുശേഷം ഞാനെന്റെ സങ്കല്പപൂജ സ്വാമിജിയുടെ ശിരസ്സില്‍ നിന്നും പാദത്തിലേക്കുമാറ്റി. ഉടന്‍തന്നെ ഒരുപിടി മലര്‍ വീണ്ടും എന്റെ കാലുകളിലേക്കുവിതറിക്കൊണ്ട് സ്വാമിജി മറുപടിയും പറഞ്ഞു. ”ഇത്രേയുള്ളെടോ; ഇത് ചിന്തിച്ചുറപ്പിച്ചാല്‍ മതി.” ഈ ഉത്തരം ലഭിക്കുന്നതിനും മേല്പറഞ്ഞരീതിയില്‍ മലരുകള്‍ വാരിയെറിഞ്ഞ അനുഭവമുണ്ടാക്കുന്നതിനും എന്നില്‍നിന്നും ഒരൊറ്റ വാക്കുപോലും പുറത്തു വന്നിരുന്നില്ല. ഇംഗിതജ്ഞന് ഭാഷാപരമായ വാക്കുകളെക്കാള്‍ സമര്‍പണം നിറഞ്ഞ സങ്കല്പങ്ങളാണ് സ്വീകാര്യമായിത്തോന്നുന്നത്.അത്തരത്തിലുള്ള സങ്കല്പങ്ങള്‍ ഏതു ഭാഷയിലേക്കും പകര്‍ത്താവുന്നതേയുള്ളൂ. എന്നാല്‍ സങ്കല്പത്താല്‍ നയിക്കപ്പെടാത്ത ഭാഷ അഹന്തയുടേയും അജ്ഞാതയുടേയും പ്രകടനം മാത്രമായിട്ടേ കരുതുവാനിടയുള്ളു.

മറ്റൊരു ദിവസം സ്വാമിജിയുടെ ആരാധനയ്ക്ക് ഞാന്‍ കര്‍പൂരമിടുകയായിരുന്നു. ആളിക്കത്തുന്ന കര്‍പൂരജ്വാലകള്‍കൊണ്ട് പരിവൃതമായ അന്തരീക്ഷം പുകനിറഞ്ഞതായിത്തീര്‍ന്നിരുന്നു. കര്‍പൂരദീപമണയാതിരിക്കുവാന്‍ ഇടയ്ക്കിടെ ആവശ്യമായ കര്‍പൂരം ഇട്ടുകൊണ്ടിരുന്നു. കര്‍പൂരാരാധനകഴിഞ്ഞ് ഭസ്മമിടുന്നതിന് പലരും മുന്‍നിരയിലേക്ക് സ്ഥാനം പിടിച്ചു. ഇതിനിടയില്‍ എന്റെ സങ്കല്പം ഒരു പ്രത്യേകതരം മാനസിക പൂജയില്‍ എത്തിച്ചേര്‍ന്നിരുന്നു.

കര്‍പൂരനാളങ്ങള്‍ക്ക് മദ്ധ്യേ ഞാന്‍ നില്ക്കുന്നതായും ചുറ്റിനും ശിരസ്സുവരെ കര്‍പൂരം ആളിക്കത്തുന്നതായും സങ്കല്പിച്ചു. സ്വാമിജിയുടെ കയ്യിലുണ്ടായിരുന്ന ഉരുകിത്തിളച്ച കര്‍പൂരം എന്റെ ശിരസ്സിലൂടെ മുഖംനിറയെ വീണു. പെട്ടെന്ന് ഞാന്‍ എന്റെ മുഖത്തു കത്തിയ കര്‍പൂരദീപം അണയ്ക്കുന്നതിന് കൈകള്‍ ഉപയോഗിച്ചു. എന്നാല്‍ കവിള്‍ത്തടത്തിന് തൊട്ടുതാഴെ ഒരു നല്ലഭാഗം തൊലിമുഴുവന്‍ പോയതായി കാണപ്പെട്ടു. ആരാധനയ്ക്കിടയില്‍ ഇക്കാര്യമറിഞ്ഞ സ്വാമിജി തന്റെ കുളിര്‍മയേറിയ കൈകള്‍കൊണ്ട് ആ ഭാഗം അമര്‍ത്തിപ്പിടിച്ചു. ഒരിക്കല്‍പോലും ആ പൊള്ളലില്‍ അല്പമെങ്കിലും വേദനയോ നീറ്റലോ അനുഭവപ്പെട്ടില്ല. മാത്രമല്ല കൊതുകിന്റെയോ ഈച്ചയുടെയോ യാതൊരു ശല്യവുണ്ടായില്ല. ക്രമേണ തൊലികൊണ്ടണ്ട് മൂടിയ ആ പൊള്ളല്‍ വടുപോലുമവശേഷിക്കാതെ അപ്രത്യക്ഷമായി. ആരാധന കഴിഞ്ഞപ്പോള്‍ സ്വാമിജി എന്റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ”നീ ആരാധനയ്ക്ക് നില്ക്കുമ്പോ അതുമിതുമൊന്നും സങ്കല്പിക്കരുത്. അപ്പോഴുള്ള സങ്കല്പങ്ങള്‍ അപ്പോള്‍ത്തന്നെ ഫലിക്കുന്നവയാണ്.” എന്നിങ്ങനെ  അവസാനിപ്പിച്ചു. സങ്കല്പമില്ലെങ്കില്‍ സുഖദുഃഖങ്ങളറിയുന്നതിന് വേറെ മാര്‍ഗങ്ങളില്ല.

മുഖത്തുണ്ടായ പൊള്ളല്‍ സാധാരണരീതിയില്‍  മാസങ്ങളോളം ചികിത്സ വേണ്ടിവരുന്നതും മായാത്തപാട് സൃഷ്ടിക്കുന്നതുമായിരുന്നു. എന്നാല്‍ മഹായോഗികളുടെ സ്പര്‍ശനം, ദര്‍ശനം, സങ്കല്പം എന്നിവകൊണ്ടും മന്ത്രദീക്ഷകൊണ്ടും അനേക വര്‍ഷത്തെ സാധനകൊണ്ടും ലഭിക്കുന്നതില്‍കവിഞ്ഞ് അനുഭവങ്ങള്‍ അധ്യാത്മവഴിയില്‍ സ്വാനുഭവത്തിലും മറ്റുള്ളവരിലും കൂടി അറിയാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട് മാത്രമാണ് ഈ പ്രസ്താവം.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം