ദുരന്തങ്ങളില്‍നിന്നു പാഠം പഠിക്കുന്നില്ല

December 27, 2012 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

എന്‍.സി.സി ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ചു കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങിമരിക്കാനിടയായ സംഭവം അത്യന്തം ദുഃഖകരവും അധികൃതരുടെ അനാസ്ഥയ്ക്ക് ഉദാഹരണവുമാണ്. നേരത്തെതന്നെ പലവട്ടം ദുരന്തമുണ്ടായ സ്ഥലത്താണ് ഇപ്പോഴും അപകടമുണ്ടായിരിക്കുന്നത് എന്നത് എത്ര ലാഘവത്തോടെയാണ് അധികൃതര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതിന് തെളിവാണ്.  മലയാറ്റൂര്‍ മുളങ്കുഴി മഹാഗണി തോട്ടത്തിനു സമീപമാണ് പെരിയാറില്‍ അപകടമുണ്ടായത്. മരിച്ചവരില്‍ നാലുപേര്‍ ഡല്‍ഹി സ്വദേശികളും ഒരാള്‍ യു.പിക്കാരനുമാണ്. മരിച്ചവരെല്ലാം കൗമാരപ്രായക്കാരുമാണ്.

മലയാറ്റൂര്‍ സെന്റ് മേരിസ് ഹൈസ്‌ക്കൂളില്‍ നടക്കുന്ന ട്രെക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനാണ് രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നുമായി എഴുന്നൂറിലേറെ കുട്ടികളെത്തിയത്. നേരത്തെ ദുരന്തം ഉണ്ടായ സ്ഥലത്തിനു സമീപമായതിനാല്‍ സുരക്ഷാകാര്യത്തില്‍ കര്‍ശനമായ നിയന്ത്രണവും ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ അതിനുവേണ്ട മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിക്കണമായിരുന്നു. എന്നാല്‍ വളറെ ലാഘവത്തോടെയാണ് അധികൃതര്‍ കാര്യങ്ങള്‍ കൈകാര്യംചെയ്തത്. കെണിയൊരുക്കി കാത്തിരിക്കുന്ന അഗാധമായ ഗര്‍ത്തങ്ങളും അടിയൊഴുക്കുകളുമുള്ള പെരിയാറാണ് തൊട്ടുമുന്നിലുള്ളതെന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കാന്‍ പോലും അധികൃതര്‍ മറന്നുപോയതാണ് അഞ്ചു കുട്ടികളുടെ കുടുംബങ്ങളെ നിതാന്തമായ ദുഃഖത്തിലേക്കു തള്ളിവിടുന്നതിനു കാരണമായത്. ക്യാമ്പില്‍ പങ്കെടുത്തു മറ്റു കുട്ടികള്‍ക്കും ഈ സംഭവം വലിയ ആഘാതമാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണത്തിന്റെ ഇടവേളയിലാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍നിന്നുള്ള ചില കേഡറ്റുകള്‍ പുഴയിലിറങ്ങുകയും ഫോട്ടോയെടുക്കാവാനായി അപകടമേഖലയിലേക്ക് പോവുകയും ചെയ്തു. ഒരുപക്ഷേ മുന്നറിയിപ്പുണ്ടായിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. പെരിയാറിന്റെ നടുവിലുള്ള പാറയില്‍ കയറിയ യുവാവ് കാല്‍വഴുതി വീണപ്പോള്‍ അയാളെ രക്ഷിക്കാനാണ് സുഹൃത്ത് വെള്ളത്തിലേക്ക് ചാടിയത്. അയാളെ രക്ഷിക്കാന്‍ അടുത്തയാളും ഒന്നുമോര്‍ക്കാതെ പെരിയാറിലേക്ക് എടുത്തുചാടി. അങ്ങനെ ഒന്നിനുപുറകേ ഒന്നായി അഞ്ച് യുവാക്കളുടെ ജീവന്‍ പെരിയാറിന്റെ അഗാധതലങ്ങളില്‍ വിലയംപ്രാപിക്കുകയായിരുന്നു.

അക്ഷന്തവ്യമായ തെറ്റാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാതന്നെ വ്യക്തമാണ്. എഴുന്നൂറോളം കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ക്യാമ്പിന്റെ ചുമതലക്കാര്‍ തികച്ചും ലാഘവത്തോടെയുള്ള സമീപനമാണ് കൈക്കൊണ്ടത് എന്നതിനു മറ്റു തെളിവുകളൊന്നും വേണ്ട. കൗമാരക്കാരും യുവത്വത്തിലേക്ക് കാലെടുത്തുവയ്ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ മുന്നിലിരിക്കുന്ന അപകടങ്ങളൊന്നും കാണാതെപ്രായത്തിന്റെ ആവേശം കാണിക്കും എന്ന തിരിച്ചറിവ് അധികൃതര്‍ക്ക് ഇല്ലാതെപോയി.

ഈ സംഭവത്തെക്കുറിച്ച് എന്‍.സി.സിയുടെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചു. അതുകൊണ്ടൊന്നും ലഘൂകരിക്കാവുന്നതല്ല ദുരന്തത്തിന്റെ വ്യാപ്തി. അപകടമേഖലയില്‍ അത് സൂചിപ്പിക്കുന്നുബോര്‍ഡ്‌പോലും ഇല്ലായിരുന്നു എന്നതും മറ്റുതരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല എന്നതും എഴുന്നൂറോളം കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ക്യാമ്പിന്റെ നടത്തിപ്പുകാരുടെ പിടിപ്പുകേടിന്റെ തെളിവാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇനിയെങ്കിലും അധികൃതര്‍ ഈ ദുരന്തത്തില്‍നിന്നു പാഠം ഉള്‍ക്കൊള്ളുകയും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടിസ്വീകരിക്കുകയും വേണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍