തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റഫറല്‍ സംവിധാനം ; രണ്ടാം ഘട്ടത്തില്‍ എല്ലാ മെഡിക്കല്‍ കോളജിലും : മന്ത്രി വി.എസ്.ശിവകുമാര്‍

December 27, 2012 കേരളം

MEDICAL COLLEGE 1തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിയാക്, പീഡിയാട്രിക്സ്, മെഡിസിന്‍, ഗൈനക്കോളജി വിഭാഗങ്ങള്‍ പൂര്‍ണമായും റഫറല്‍ സംവിധാനത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. റഫറല്‍ സംവിധാനം പൂര്‍ണമല്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് അതു ലഭ്യമാകാന്‍ തടസം നേരിടുന്ന സാഹചര്യത്തിലാണ് ഈ നടപടി.  ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡിഎംഓമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുതലായവരുമായി മന്ത്രിയുടെ ചേംബറില്‍ നടത്തിയ ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടു മാസക്കാലമായി മെഡിക്കല്‍ കോളജ് റഫറല്‍ സംവിധാനത്തിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു. പിഎച്ച്സി മുതല്‍ താലൂക്ക് ആശുപത്രികള്‍ വരെയുള്ള 160 ഡോക്ടര്‍മാര്‍ക്ക് ഇതിനോടനുബന്ധിച്ചുള്ള പരിശീലനം നല്‍കിക്കഴിഞ്ഞു. ഇനിയും പരിശീലനം ലഭ്യമാകാത്തവര്‍ക്കായി ഈ മാസം 29 മുതല്‍ 31 വരെ പ്രത്യേക പരിശീലനം നല്‍കും.വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കായി മാത്രം റഫറല്‍ സംവിധാനമൊരുക്കും. ഇത്തരത്തില്‍ റഫര്‍ ചെയ്യപ്പെട്ട രോഗികള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയ ശേഷം ആവശ്യമെങ്കില്‍ റഫര്‍ ചെയ്ത ആശുപത്രിയിലേക്ക് തിരികെ റഫര്‍ ചെയ്യുന്ന ബാക്ക് റഫറല്‍ സംവിധാനം നടപ്പാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായാല്‍ മറ്റു വകുപ്പുകളില്‍ കൂടി റഫറല്‍ സംവിധാനം കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സാഹചര്യമൊരുക്കും.സംസ്ഥാനത്തെല്ലായിടത്തും ഇതേ സംവിധാനം പിന്നീട് കൊണ്ടു വരും.താലൂക്ക് ആശുപത്രികളില്‍ എക്സ് റേ, ലബോറട്ടറി, ഇസിജി സൌകര്യങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കും.താലൂക്ക് ആശുപത്രികളിലുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പബ്ളിക്ക് റിലേഷന്‍സ് ഓഫീസര്‍മാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

ചിറയിന്‍കീഴ് , നെടുമങ്ങാട് ആശുപത്രികളില്‍ രണ്ട് അഡീഷണല്‍ ഡോക്ടര്‍മാരെ നിയമിക്കാനും ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട് ആശുപത്രികളില്‍ ഓര്‍ത്തോപീഡിയാക് ഡോക്ടര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിലവിലുള്ള ഔട്ട് പേഷ്യന്റ് വിഭാഗത്തിനൊപ്പം റഫറല്‍ ഓ.പി സെക്ഷനും ആരംഭിക്കും.നടപടികള്‍ക്കായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.റഫറല്‍ സംവിധാനം വരുന്നതോടെ ആശുപത്രിയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാറ്റം വരുത്തുവാനും മെഡിക്കല്‍ കോളജിലെ പഴയ കട്ടിലുകളുള്‍പ്പെടെയെല്ലാം മാറ്റി പുതിയവ സ്ഥാപിക്കും.

രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളജുകളിലും റഫറല്‍ സംവിധാനം കൊണ്ടു വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പോളി ട്രോമാ മോര്‍ച്ചറി ജറിയാട്രിക് കോംപ്ളക്സ് സ്ഥാപിക്കും.21.6 കോടി രൂപയുടെ പദ്ധതിയാണിത്. ജനുവരിയില്‍ തറക്കല്ലിട്ട് 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും.നിലവിലുള്ള ന്യൂറോ വിഭാഗം മാറ്റിയാണ് ഇവിടെ ഒരു ലക്ഷത്തി അയ്യായിരം ചതുരശ്ര അടിയില്‍ എട്ടു നിലയുള്ള കെട്ടിടം നിര്‍മിക്കുന്നത്. ജറിയാട്രിക് പരിശീലന കേന്ദ്രവും ഇതോടൊപ്പം ഉണ്ടാകും.പുതിയ കാഷ്വാലിറ്റി മാര്‍ച്ചില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.ഇപ്പോള്‍ കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്നിടത്ത് മാനസിക ആരോഗ്യ പരിശീലന കേന്ദ്രവും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എട്ടു കോടി രൂപ ചെലവഴിച്ച് മള്‍ട്ടി ഡിസിപ്ളിനറി റിസര്‍ച്ച് ലബോറട്ടറി ആരംഭിക്കുന്നതിനും നിലവിലുള്ള എക്സ് റേ സംവിധാനം ഡിജിറ്റലൈസ് ചെയ്യാനും ഇതിനായി നാലു മെഷീനും 52 കംപ്യൂട്ടറുകളും ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റേഡിയോ ഗ്രാഫിക് സംവിധാനം ആരംഭിക്കാനും തീരുമാനിച്ചു.

സെന്‍ട്രല്‍ ലിക്വിഡ് ഓക്സിജന്‍ പ്ളാന്റ്, പവര്‍ ലോണ്‍ട്രി എന്നിവ ആരംഭിക്കും.സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 2000 പേര്‍ക്ക് ഭക്ഷണം തയാറാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സെന്‍ട്രല്‍ കിച്ചന്‍ ആരംഭിക്കും. മൂന്നര കോടി രൂപ ചെലവഴിച്ച് ആശുപത്രിയില്‍ കോറിഡോര്‍ നിര്‍മിക്കുന്നതിനും കാരുണ്യ ബെനവലന്റ് ഫണ്ട് ഉപയോഗിച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായുള്ള താമസ സൌകര്യം ഒരുക്കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എടിയില്‍ ലേബര്‍ റൂമും മദര്‍ ഇന്റന്‍സീവ് കെയര്‍ സംവിധാനമൊരുക്കുന്നതിനും തീരുമാനമായി. സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.പിഎസ്സി റാങ്ക് ലിസ്റില്‍ നിന്നും 547 അഡീഷണല്‍ സര്‍ജന്‍മാരെയും എന്‍ആര്‍എച്ച്എം വഴി 500 പേരെയും നിയമിച്ചു കഴിഞ്ഞു.ഇനിയും ആവശ്യമെങ്കില്‍ പിഎസ്സി വഴി എമര്‍ജന്‍സി റിക്രൂട്ട്മെന്റിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.ഇതിനായുള്ള അഭിമുഖം പിഎസ്സി നടത്തി വരുകയാണെന്നും വി.എസ്. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 246-ഓളം ഡോക്ടര്‍മാരുടെയും 916 സ്റാഫ് ന്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്.അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെ അഭാവം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ സര്‍വീസിലുള്ള പിജി ഡോക്ടര്‍മാരില്‍ നിന്നും ഓപ്ഷന്‍ ചോദിച്ചുകഴിഞ്ഞു.ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.ഇതനുസരിച്ച് എംബിബിഎസ് ഉള്ളവര്‍ക്ക് 32,000 രൂപയും പിജി ഡപ്ളോമക്കാര്‍ക്ക് 35,000 രൂപയും പിജി ഡിഗ്രി ഉള്ളവര്‍ക്ക് 37,000 ആയും ശമ്പള വര്‍ധന വരുത്തിയിട്ടുണ്ട്. തൈക്കാട് ആശുപത്രിക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) ലഭിച്ചതായും ഇത് 28ന് തൈക്കാട് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമാറുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഓരോ ജില്ലയിലും മികച്ച ആശുപത്രികള്‍ കണ്ടെത്തി എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം