പുരാണങ്ങളിലൂടെ – ബിന്ദുഗന്റെ പാപമോചനം

December 28, 2012 സനാതനം

പുരാണങ്ങളിലൂടെ – ഭാഗം 5
ഡോ.അദിതി
ചഞ്ചുള പരമാനന്ദത്തില്‍ ആറാടി ശിവധാമത്തില്‍ വസിക്കുന്നകാലം. ആയിടെ ഒരു ദിവസം അവള്‍ ഉമാദേവിയുടെ അടുത്തുപോയി പ്രണിച്ചശേഷം കൈക്കൂപ്പി നിന്ന് അംബയെ സ്തുതിക്കാന്‍ തുടങ്ങി. അമ്മ ബ്രഹ്മസ്വരൂപിണിയാണെന്നും ഹരിഹരവിരിഞ്ചാദികളാല്‍ പോലും സമാരാദ്ധ്യായണെന്നും സഗുണ – നിര്‍ഗുണ ഭാവമുള്ള അവിടുന്ന് സച്ചിദാനന്ദസ്വരൂപിണിയും പ്രകൃതി സ്വരൂപണിയുമാണെന്നും സൃഷ്ടി-സ്ഥിതി-ലയം അവിടുത്തെ ലീലാവിനോദമാണെന്നും തുടങ്ങി ദേവിയുടെ അനേകം അപദാനങ്ങളെ ചഞ്ചുള പ്രകീര്‍ത്തിച്ചു. ഇപ്രകാരം സ്തുതിച്ചശേഷം അവള്‍ തലകുനിച്ച് നിശ്ശബ്ദയായി നിലകൊണ്ടു. അവളുടെ കണ്ണുകളില്‍ നിന്ന് അശ്രുധാര ഒഴുകുന്നുണ്ടായിരുന്നു. ശ്രീപാര്‍വ്വതി സ്‌നേഹാര്‍ദ്രഭാവത്തോടെ ചോദിച്ചു. ‘ എന്റെ പ്രിയസഖിയായ ചഞ്ചുളേ, സുന്ദരീമണീ, നിന്റെ ഈ സ്തുതി കേട്ട ഞാന്‍ പ്രസന്നചിത്തയായിരിക്കുന്നു.

നിനക്ക് തരാന്‍പാടില്ലാത്തതായി ഒന്നുില്ല. ഇഷ്ടവരം അഭ്യര്‍ത്ഥിച്ചുകൊള്ളൂ. നമ്രശിരസ്‌കയായി നിന്നുകൊണ്ടുതന്നെ ചഞ്ചുള പറഞ്ഞു. ‘ അല്ലയോ ഗിരിരാജകുമാരീ, എന്റെ ഭര്‍ത്താവായ ബിന്ദുഗന്‍ ഇപ്പോള്‍ എവിടെയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഇതൊന്നും എനിക്കറിഞ്ഞുകൂടാ.

കല്യാണമയിയായ ദീനവത്സലേ, എന്റെ ഭര്‍ത്താവിനോടൊപ്പം എനിക്കു എങ്ങനെയാണ് വീണ്ടും ജീവിക്കാന്‍ സാധിക്കുക? അതിന്നവിടുന്ന് തരപ്പെടുത്തിത്തരണം. ഹേ മഹേശ്വരീ, എന്റെ ഭര്‍ത്താവ് ഒരു കാലത്ത് ഒരു വേശ്യയില്‍ ആസക്തനായിരുന്നു. അതുകൊണ്ടുതന്നെ അയാള്‍ ആപത്തില്‍ ആമഗ്നനുമായിരുന്നു. ഞാന്‍ ദേഹം വെടിയുന്നതിനു വളരെമുമ്പേ അദ്ദേഹം മരിച്ചിരുന്നു. ഇപ്പോള്‍ എവിടെയെന്നോ ഏതു സ്ഥിതിയിലെന്നോ അറിയില്ല.

ശ്രീപാര്‍വ്വതി മറുപടി പറഞ്ഞു. ‘മകളേ ചഞ്ചുളേ, നിന്റെ ഭര്‍ത്താവായ ബിന്ദുഗന്‍ മഹാപാപിയായിരുന്നു. അയാള്‍ ദുഷ്ടമനസ്സിന്റെ ഉടമയായിരുന്നു. വേശ്യാസക്തനായ ആ മഹാമൂഢന്‍ മരണശേഷം നരകത്തില്‍ പതിച്ചു. അവിടെക്കിടന്ന് എണ്ണമറ്റ വര്‍ഷം നരകയാതന അനുഭവിച്ചു. എന്നിട്ടും പാപഫലം അനുഭവിച്ചു തീര്‍ന്നില്ല. ശേഷിച്ചത് അനുഭവിക്കാനായി അയാള്‍ വിന്ധ്യാപര്‍വ്വതത്തില്‍ പിശാചായി അലയുകയാണ്. ആ ദുഷ്ടന്‍ അവിടെ വായുമാത്രം ഭക്ഷിച്ചാണ് കഴിയുന്നത്. അയാളില്‍ പതിക്കാത്ത കഷ്ടതകളൊന്നുമില്ല.

സ്വന്തം ഭര്‍ത്താവിനെക്കുറിച്ചുള്ള ഈ ദാരുണമായ കഥകേട്ട ചഞ്ചുള ദുഃഖത്തില്‍ അമഗ്നയായി. നീറുന്ന ഹൃദയത്തോടെ ദുഃഖം കടിച്ചിറക്കി വീണ്ടും ദേവിയെ നമസ്‌കരിച്ച് അവള്‍ പറഞ്ഞു. ‘മഹേശ്വരീ, എന്നില്‍ കൃപാകടാക്ഷം ചൊരിയേണമേ. പാപകര്‍മ്മത്തില്‍ ഏര്‍പ്പെട്ടുപോയ എന്റെ ഭര്‍ത്താവിനെ ഇനിയെങ്കിലും രക്ഷിക്കേണമേ. പാപമോക്ഷമകന്ന് എന്റെ ഭര്‍ത്താവിന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഉപദേശിക്കേണമേ.’ ഇത്രയും ഉണര്‍ത്തിച്ചശേഷം ചഞ്ചുള ദേവിയുടെ പാദങ്ങളില്‍ വീണ്ടും വീണു. ദേവി അരുളിചെയ്തു. വത്സേ, നിന്റെ ഭര്‍ത്താവിന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. പുണ്യമയമായ ശിവപുരാണകഥ അയാള്‍ കേള്‍ക്കാന്‍ ഇടവന്നാല്‍ അയാളുടെ ദുര്‍ഗതിയെല്ലാം മാറും’. ഗൗരീദേവിയുടെ പീയുഷതുല്യമായ ആ വാണി അവള്‍ കാതുകുളിര്‍ക്കെ കേട്ടു. അവള്‍ നമസ്‌കാരശതങ്ങള്‍ അര്‍പ്പിച്ചു. എന്നിട്ട് വിനയാന്വിതയായി വീണ്ടും ഉണര്‍ത്തിച്ചു. ‘അമ്മേ എന്റെ ഭര്‍ത്താവിനെ ശിവപുരാണം കേള്‍ക്കുന്നതിനുള്ള വ്യവസ്ഥ ചെയ്തുതന്നാലും.’ പ്രിയ തോഴിയായ ചഞ്ചുളയുടെ ദൈന്യഭാവം മഹേശ്വരിയിലെ ഭയാഭാവത്തെ ഉണര്‍ത്തി. തെല്ലും വൈകാതെ ദേവി ശിവകീര്‍ത്തനങ്ങള്‍ ആലപിക്കുന്ന ഗന്ധര്‍വരാജനായ തുംബുരുവിനെ വിളിച്ചുവരുത്തി; എന്നിട്ട് അറിയിച്ചു. ‘ഹേ തുംബുരൂ! നീ മഹാശിവഭക്തനാണെന്ന് എനിക്കറിയാം. എന്റെ ഇഷ്ടമറിഞ്ഞ് അത് പ്രാവര്‍ത്തികമാക്കുന്നവനാണെന്നും എനിക്കറിയാം. ഇപ്പോള്‍ നിന്നോടു ഞാന്‍ ഒരു കാര്യം ആവശ്യപ്പെടുന്നു. നീ എന്റെ പ്രിയസഖിയായ ഇവളോടൊത്തു വിന്ധ്യാപര്‍വ്വതത്തില്‍ പോവുക. അവിടെ ഭയങ്കരനായ പിശാചുണ്ട്. അവന്റെ വൃത്താന്തം വിസ്തരിച്ചുതന്നെ തുംബുരൂവിന് പറഞ്ഞുകൊടുത്തു. ‘നീ അവന്റെ സമീപത്തെത്തി ക്ലേശിച്ചാണെങ്കിലും അവന്‍ കേള്‍ക്കെ ദിവ്യമായ ശിവപുരാണപ്രവചനം നടത്തണം. ഇക്കാര്യം നിറവേറ്റിയാല്‍ അയാള്‍ പാപമോചിതനാവുകയും പ്രേതയോനി വിട്ട് ഉയര്‍ത്തെഴുന്നേല്‍ക്കുകയും  ചെയ്യും. ഇപ്രകാരം മോചിതനാകുന്ന അവന് വിമാനത്തിലേറ്റി ശിവസന്നിധിയില്‍ കൊണ്ടുവരുക’.

ദേവിയുടെ ആജ്ഞകേട്ട ഗന്ധര്‍വ്വരാജനായ തുംബുരു അതിപ്രസന്നനായി. അദ്ദേഹം തനിക്കുവന്നചേര്‍ന്ന ഭാഗ്യത്തെ സ്വയം ശ്ലാഘിച്ചു. സതീരത്‌നമായ ചഞ്ചുളയോടുകൂടി വിമാനത്തിലേറി അദ്ദേഹം വിന്ധ്യാചലത്തിലെത്തി. തുംബുരുവും ചഞ്ചുളയും ഘോരരൂപധാരിയായ ബിന്ദുഗനെ നേരിട്ടുകണ്ടു. അവന്‍ അതികായനായിരുന്നു. അവന്‍ ചിലപ്പോള്‍ കരയുകയും ചിലപ്പോള്‍ ചിരിക്കുകയും ചെയ്തു. പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു. ആ ഭയങ്കരസത്വത്തെ മഹാബലശാലിയായ തുംബുരു പാശംകൊണ്ടു ബന്ധിച്ചു. തദനന്തരം കഥാപാരായണത്തിന് അനുഗുണമായ സ്ഥലവും മണ്ഡപവുമെല്ലാം സജ്ജമാക്കി. ഇതിനിടയില്‍ ഒരു പിശാചിനെ രക്ഷിക്കാന്‍ പാര്‍വ്വതീദേവിയുടെ ആജ്ഞ അനുസരിച്ച് ശിവകഥാകഥനത്തിന് തുംബുരു വിന്ധ്യാപര്‍വ്വതത്തിലെത്തിയിരിക്കുന്നത് പരക്കെ വാര്‍ത്തയായി. സാധാരണക്കാരായ ധാരാളം ഭക്തന്‍മാര്‍ക്കുപുറമേ ദേവര്‍ഷികളും മാമുനിമാരും എല്ലാം പാരായണമണ്ഡപത്തിലെത്തി.

പാശബന്ധിതനായ ബിന്ദുഗനെ ബലമായി പിടിച്ച് ഒരു പീഠത്തിലിരുത്തി. തുടര്‍ന്ന് വീണ കയ്യിലേന്തി തുംബുരു ശിവമഹിമ ആലപിക്കാന്‍ തുടങ്ങി. ശിവമാഹാത്മ്യത്തെ അദ്ദേഹം സാംഗോപാംഗം സ്പഷ്ടമായി വര്‍ണ്ണിച്ചു. അതുകേട്ടവരെല്ലാം കൃതാര്‍ത്ഥരായി. അത്ഭുതമെന്നുപറയട്ടെ പിശാചായ ബിന്ദുഗന്‍ തന്റെ പൈശാചികരൂപത്തെ വെടിഞ്ഞ് ദിവ്യരൂപം ധരിച്ചുകഴിഞ്ഞിരുന്നു. പട്ടുടയായടയും സവര്‍വ്വാംഗഭൂഷണവും അവന്റെ ശരീരത്തില്‍ വെട്ടിത്തിളങ്ങി. അയാള്‍ ത്രിനേത്രനായ ചന്ദ്രശേഖരനാണോ എന്ന് സംശയംതോന്നിക്കുമാറ് പരിലസിച്ചു. തന്റെ ധര്‍മ്മദാരങ്ങളായ ചഞ്ചുളയോടുകൂടി അയാള്‍ ശിവകീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ തുടങ്ങി. ശിവകീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ജനക്കൂട്ടം പിരിഞ്ഞുപോയി. വിമാനത്തിലേറി തുംബുരുവോടൊപ്പം സഭാര്യനായി ബിന്ദുഗന്‍ ശിവധാമം പൂകി. ശിവപാര്‍വ്വതിമാര്‍ പ്രസന്നപൂര്‍വ്വകം ബിന്ദുഗനെപാര്‍ഷദനായി സ്വീകരിച്ചു. ഭാര്യ ശ്രീപാര്‍വതിയുടെ സഖിയും ഭര്‍ത്താവ് ശ്രീമഹാദേവന്റെ പാര്‍ഷദനും! ആ ദമ്പതികള്‍ പരമാനന്ദത്തില്‍ ആറാടി. ദേവദേവീ സേവകരായി അവര്‍ അമര്‍ത്ത്യരായി വസിച്ചുവരുന്നു. ബുദ്ധിമോശം കൊണ്ട് കുത്സിത പ്രവൃത്തികള്‍ ചെയ്ത് ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ രക്ഷിച്ചുകൊണ്ടുവരേണ്ട ചുമതല ആ കുടുംബത്തില്‍ ആരെങ്കിലും നല്ലനിലയില്‍ എത്തിയെങ്കില്‍ അവര്‍ക്കുണ്ട്.

സഹിച്ചും പൊറുത്തും പരോപകാരം ചെയ്യുന്നതും മാനുഷികധര്‍മ്മം മാത്രം. ബിന്ദുഗന്റെ പ്രവൃത്തിദോഷം ചഞ്ചുളയെ അധഃപതിപ്പിച്ചുവെങ്കിലും അവള്‍ മോചിതയായപ്പോള്‍ തന്നെ അധഃപതിപ്പിച്ചവനോട് വിദ്വേഷമല്ല തോന്നിയത് കാരുണ്യമാണ്. മനുഷ്യര്‍ പരസ്പരം കരുണയുള്ളവരാകണം. കാരുണ്യഭാവം സനാതനസംസ്‌കാരത്തിന്റെ ഒരു പ്രകാശനമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം