കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

December 28, 2012 പ്രധാന വാര്‍ത്തകള്‍

സിംഗപൂര്‍: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ ഇന്ന് അറിയിച്ചതാണിത്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. ഹൃദയമിടിപ്പ് കുറഞ്ഞിരിക്കുകയാണെന്നും ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെല്‍വിന്‍ ലോ അറിയിച്ചു.

വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് പെണ്‍കുട്ടി. സിംഗപൂരില്‍ എത്തുന്നതിന് മുമ്പ് പെണ്‍കുട്ടി മൂന്ന് തവണ ശാസ്ത്രക്രിയക്ക് വിധേയ ആയിട്ടുണ്ട്. ഇന്ത്യയില്‍വെച്ച് ഒരുതവണ ഹൃദയാഘാതം ഉണ്ടായതായും ഡോ. ലോ അറിയിച്ചു. അതിനിടെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ബസ്സിന് കൃത്യമായ രേഖകളില്ലെന്ന് കണ്ടെത്തി. ബസ്സ് രജിസ്റ്റര്‍ ചെയ്തത് വ്യാജവിലാസത്തിലാണ്. കൃത്യമായ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ ബസ്സ് 6 തവണ കസ്റ്റഡിയിലെടുത്തിരുന്നു. കാര്യമായ നടപടികള്‍ ഒന്നും എടുക്കാതെ പോലീസ് ബസ്സ് വിട്ടുകൊടുത്തതായും രേഖകളില്‍ വ്യക്തമായി.

ഇതേസമയം കൂട്ടമാനഭംഗത്തില്‍ കര്‍ശന നടപടി ഉറപ്പാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഡല്‍ഹിയില്‍ ഉണ്ടായ ജനകീയ പ്രതിഷേധത്തിന്റെ വികാരം മനസ്സിലാക്കുന്നു. ദുരന്തപശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 127-ാം പിറന്നാള്‍ ദിനത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കിയതായും സോണിയ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മാതാപിതാക്കളും പെണ്‍കുട്ടിക്ക് ഒപ്പമുണ്ട്. നേരത്തെ ഡല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഡിസംബര്‍ 16ന് രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെയും അക്രമികള്‍ പുറത്തെറിഞ്ഞു. അതേസമയം കൂട്ടമാനഭംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍