സൂര്യകാലടിമനയില്‍ അഖിലഭാരത ഗണേശപുരാണ തത്ത്വസമീക്ഷാസത്രം

December 28, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

കോട്ടയം: അഖില ഭാരത ഗണേശപുരാണ തത്ത്വസമീക്ഷാ സത്രത്തിന്, നട്ടാശേരി സൂര്യകാലടി മനയില്‍ ഭക്തിനിര്‍ഭരമായ തുടക്കമായി. സത്രസമാരംഭസഭ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളില്‍ ഹിന്ദുമത പാഠശാലകള്‍ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. സൂര്യകാലടി മന കേന്ദ്രീകരിച്ച് താന്ത്രിക യൂണിവേഴ്സിറ്റി ആരംഭിക്കുന്നതിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മുഖ്യപ്രഭാഷകന്‍ പി.സി.ജോര്‍ജ് പറഞ്ഞു. സത്രയജമാനന്‍ സൂര്യകാലടിമന ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണവും, ആചാര്യന്‍ പാലക്കാട് ശ്രീകാന്ത്ശര്‍മ ഗണേശപുരാണ മാഹാത്മ്യപ്രഭാഷണവും നടത്തി. വാഞ്ഛാകല്‍പലതായാഗം ഇന്നലെ പുലര്‍ച്ചെ തുടങ്ങി. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണു യജ്ഞരക്ഷാപുരുഷന്‍. ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് യജമാനനും ടി.ആര്‍.രാമനാഥന്‍, ശ്രീകാന്ത് ശര്‍മ പാലക്കാട്, വിമല്‍ വിജയ് സേതുലക്ഷ്മിപുരം എന്നിവര്‍ ആചാര്യന്മാരുമായിരിക്കും. എട്ടുദിവസം നീണ്ടു നില്ക്കുന്ന സത്രത്തില്‍ കേരളത്തിനകത്തും പുറത്തുമുളള നിരവധി പണ്ഡിതര്‍ പകല്‍ നേരങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ഭക്തര്‍ക്കു മൂന്നുനേരം ഭക്ഷണവും താമസസൌകര്യവും ഒരുക്കിയിട്ടുണ്ട്. സംഗീതസദസ്, നൃത്തനൃത്യങ്ങള്‍ എന്നിവ സായന്തനങ്ങളെ സമ്പന്നമാക്കും. ജനുവരി മൂന്നിനു സത്രം സമാപിക്കും. സത്രത്തിന്റെ മുഖ്യ ആകര്‍ഷണമായ വാഞ്ഛാകല്പലതായാഗം പുലര്‍ച്ചെ നാലിനു തുടങ്ങും. 6.30 ന് അവസാനിക്കുന്ന ചടങ്ങിനു ശേഷം 9 മുതല്‍ 12 വരെ സാമ്പ്രദായിക വൈനായകീ സഹിത മഹാഗണപതിഹോമവും നടക്കും. കേരളത്തില്‍ ഇതാദ്യമായാണ് വാഞ്ഛാകല്പലതാ വിധാനത്തിലുളള യാഗം നടത്തുന്നത്. ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനൊപ്പം സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട്, കൈപ്പളളി കൃഷ്ണന്‍ നമ്പൂതിരി, ലക്ഷ്മീനാരായണ ഗോരെ(കര്‍ണാടകം) തുടങ്ങി ഇരുപതോളം വൈദികര്‍ സത്രത്തില്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം