ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു

December 29, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പുലര്‍ച്ചെ 2.30നാണ് അന്ത്യം സംഭവിച്ചത്. ജീവനു വേണ്ടി ദിവസങ്ങളോളം പോരാടിയ പെണ്‍കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണ സമയത്ത് മാതാപിതാക്കള്‍ അടുത്തുണ്ടായിരുന്നു.

ജീവന്‍ നിലനിര്‍ത്താന്‍ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുളള ശ്രമം പരാജയപ്പെടുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അന്ത്യസമയത്ത് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരും സമീപമുണ്ടായിരുന്നതായും മൗണ്ട് എലിസബത്ത് ആശുപത്രി സിഇഒ കെല്‍വിന്‍ ലോഹ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്. ഫിസിയോ തെറാപ്പി കോഴ്‌സ് കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഡിസംബര്‍ 16നാണ് ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്.

സഫ്ദജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയോടെ ആന്തരികാവയവങ്ങള്‍ തകരാറിലായി. തലച്ചോറിന് ക്ഷതമേറ്റതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തില്‍ അണുബാധ നിയന്ത്രിക്കാതെ തുടര്‍ ചികിത്സ സാധ്യമല്ലായിരുന്നു. തുടര്‍ന്ന് രാത്രിയോടെ ആരോഗ്യനില അതീവഗുരുതരമായ പെണ്‍കുട്ടിയുടെ അന്ത്യം പുലര്‍ച്ചെയോടെയാണ് സംഭവിച്ചത്.

സിംഗപൂരില്‍ എത്തുന്നതിന് മുമ്പ് പെണ്‍കുട്ടി മൂന്ന് തവണ ശാസ്ത്രക്രിയക്ക് വിധേയ ആയിട്ടുണ്ട്. ഇന്ത്യയില്‍വെച്ച് ഒരുതവണ ഹൃദയാഘാതം ഉണ്ടായി. പെണ്‍കുട്ടിയുടെ കുടലിന്റെ കുറേഭാഗം മുറിച്ചുമാറ്റിയിരുന്നു.

ഡിസംബര്‍ 16നാണ് സുഹൃത്തിനോടൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ആറു പേരടങ്ങുന്ന സംഘമാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. താമസസ്ഥലത്തേക്ക് ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയോട് ബസ്സിലുള്ളവര്‍ അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്ത സുഹൃത്തിനെ ഇരുമ്പു വടികൊണ്ട് അടിച്ച് അവശനാക്കിയ ശേഷമായിരുന്നു കൂട്ട മാനഭംഗം.

കൂട്ടമാനഭംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസിന്റെ വിചാരണ ജനുവരി 3ന് ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ അന്ത്യം സംഭവിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍