യോഗാഭ്യാസപാഠങ്ങള്‍ – 6

December 30, 2012 സനാതനം

യോഗാചാര്യന്‍ എന്‍ . വിജയരാഘവന്‍
വ്യായാമം
വ്യായാമം ശരീരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ അത് ഏതു തരത്തിലുള്ളതായിരിക്കണമെന്ന് അധികമാര്‍ക്കുമറിയില്ല. ജീവിതചര്യകള്‍ക്കിടയില്‍ത്തന്നെ ഓരോരുത്തര്‍ക്കും മതിയായ വ്യായാമം കിട്ടിയിരുന്ന കാലം കഴിഞ്ഞു. ഇന്ന് ശരീരമനങ്ങാതെ ജീവിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.

തിരിയുന്ന കസേരിയിലരുന്ന് ബട്ടന്‍ അമര്‍ത്തിയാല്‍ തന്റെ ആവശ്യങ്ങള്‍ യന്ത്രങ്ങള്‍ നിര്‍വഹിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിന്റെ ഫലമാണല്ലോ റിമോര്‍ട്ട് കണ്‍ട്രോള്‍ എന്ന ഉപകരണം. ദേഹം എന്നാല്‍ ദഹിച്ചുകൊണ്ടിരിക്കുന്ന വസ്തു എന്നര്‍ത്ഥം. ഈ ദഹനക്രിയയില്‍ നടക്കുന്ന വിഷമയമായ വസ്തുക്കള്‍ അപ്പപ്പോള്‍ പുറംതള്ളപ്പെടണം. അത് തടയപ്പെട്ടാല്‍ യന്ത്രം പ്രവര്‍ത്തിക്കില്ല. അതുപോലെ തന്നെയാണ് മനുഷ്യശരീരത്തിന്റെയും നില. മലം, മൂത്രം, വിയര്‍പ്പ് എന്നിവ വഴി നിത്യേന വിഷവസ്തുക്കള്‍ പുറംതള്ളപ്പെടണം. അതിനു വ്യായാമം കൂടിയേ തീരൂ. നമ്മുടെ ശരീരത്തിന് ലാഘവത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ തലമുറയിലുളള ആളുകള്‍ക്കുണ്ടായ ലാഘവത്വം ഇപ്പോഴത്തെ തലമുറക്കില്ല.

ഊണു കഴിക്കാന്‍പോലും കാലുകള്‍ മടക്കിനിലത്തിരിക്കുന്ന പതിവ് ഇന്നില്ല. ഡൈനിങ്ങ് ടേബിളാണല്ലോ ഇന്നത്തെ ഫാഷന്‍. ഊണുകഴിക്കാന്‍പോലും കാലുകള്‍ക്കാവശ്യമായ വ്യായാമം കിട്ടിയിരുന്നു. അര്‍ദ്ധപത്മാസനം ചെയ്യുന്നതിന്റെ ഗുണം ചമ്രം പടിഞ്ഞിരുന്ന് ഊണുകഴിക്കുമ്പോള്‍ ലഭിക്കും.

ഓരോ ആസനവും മനുഷ്യശരീരത്തിലെ അവയവങ്ങളെ ആരോഗ്യവത്താക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ ജീവിതം നിരീക്ഷിച്ചുപോലും യോഗാസനങ്ങള്‍ ചിട്ടപ്പെുത്തിയുട്ടുണ്ട്. (ഉദാ- മയൂരാസനം, സിംഹാസനം മുതലായവ)

മദം പിടിച്ച ആനയെ തളയ്ക്കുവാന്‍ യുക്തിവേണം. മദം പൊട്ടിയ ഉടന്‍ അതിനെ തളയ്ക്കാന്‍ തുനിയുന്നത് അപകടമാണ്. കുറേനേരം ആന എങ്ങോട്ടാണോ പോവുന്നത് ആ വഴിക്കു പാപ്പാനും പോകണം. കുറേ കഴിയുമ്പോള്‍ തന്ത്രപൂര്‍വ്വം അതിനെ തളയ്ക്കുകയും വേണം.

അതുപോലെ പെട്ടെന്നൊരു ദിവസം കൊണ്ട് ആസനങ്ങള്‍ മുഴുവന്‍ പഠിച്ചുതീര്‍ക്കാമെന്ന് കരുതരുത്. വളരെ സാവകാശത്തില്‍ ഓരോ ആസനവും ചെയ്ത് ശരീരത്തിന് അയവു വരുത്തിയതിനുശേഷം മാത്രം മറ്റുള്ളവയിലേക്ക്് പ്രവേശിക്കാം. ഒരു വെല്ലുവിളിയായി എടുത്തുകൊണ്ടോ വാശിപിടിച്ചോ യോഗ പഠിക്കാന്‍ ഒരുങ്ങരുത്. ധൃതിപിടിച്ച പരിശീലിനം വലിയ ആപത്തിനിടവരുത്തും.

ശരീരത്തിന് ഏതാസനമാണോ എളുപ്പം വഴങ്ങിക്കിട്ടുക. അവ ആദ്യം പരിശീലിക്കുക. പിന്നീട് ക്രമപ്രകാരം ആസനങ്ങള്‍ ചെയ്തുകൊണ്ട് പൂര്‍ണ്ണതയിലേക്ക് എത്താവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം