അദൃശ്യനായ ഗുരുവിന്റെ അനുഗ്രഹം

December 31, 2012 സ്വാമിജിയെ അറിയുക

പ്രൊഫ: പി. രഘുരാമന്‍ നായര്‍
ഞാന്‍ ഈശ്വര വിശ്വാസിയാണെങ്കിലും അന്ധവിശ്വാസിയല്ല. എങ്കിലും മനുഷ്യശക്തിക്കതീതമായ ചില അദൃശ്യകരങ്ങള്‍ പലപ്പോഴും പലരെയും ആപല്‍ ഘട്ടങ്ങളില്‍ അത്ഭുതകരമായി രക്ഷിച്ചിട്ടുള്ള സംഭവങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള രണ്ട് അനുഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്.

2001 ജൂലൈ മാസം 17-ാം തീയതി ഞാന്‍ നിലത്തുവീണു കൈകാലുകള്‍ സ്തംഭിച്ചു കിടപ്പിലായി. എഴുന്നേറ്റിരിക്കാനോ കൈകള്‍ ഉയര്‍ത്താനോ വിരലുകള്‍ മടക്കാനോ ആവാതെ നിദ്രയ്ക്ക് അനധ്യായം കൊടുത്തു. ഗന്ധര്‍വ്വ യാമങ്ങളെ ശപിച്ചുകൊണ്ട് നിമിഷങ്ങളെണ്ണി നേരം വെളുപ്പിക്കുമായിരുന്നു. ആ സമയത്ത് പൂജപ്പുര കൃഷ്ണന്‍നായര്‍, സ്വാമിജി എഴുതിയ പാദപൂജ സ്വാമിജിയുടെ ഗുരുനാഥനായ (ശ്രീ നീലകണ്ഠ ഗുരുവിന്റെ ജീവചരിത്രം) എന്ന ബൃഹത്തായ ഗ്രന്ഥം എനിക്കു സമ്മാനിച്ചിട്ട് ആ മഹനീയ ഗദ്യഗ്രന്ഥത്തിന്റെ കാവ്യാവിഷ്‌ക്കരണം സംസ്‌കൃത വൃത്തത്തിലെഴുതി സ്വാമിജിക്ക് സമര്‍പ്പിക്കണമെന്ന് ഉപദേശിച്ചു. എണ്ണൂറോളം പുറമുള്ള ആ പടുകൂറ്റന്‍ ഗ്രന്ഥം കണ്ടമാത്രയില്‍ തന്നെ എന്റെ ആത്മവിശ്വാസം തിളച്ച ശിലാഫലകത്തില്‍ വീണ ഹിമകണംപോലെയായി. പണ്ടേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും എന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്നെനിക്കു ബോദ്ധ്യമായി. കൃഷ്ണന്‍നായര്‍ പോയിക്കഴിഞ്ഞാണ് കാവ്യാനുവര്‍ത്തനത്തിന് ശ്രമിച്ചത്. എഴുന്നേറ്റിരിക്കാന്‍ വയ്യ. മടങ്ങിയ കൈവിരലുകളില്‍ പേന ഉറയ്ക്കുന്നില്ല. കിടന്നുകൊണ്ട് ഒരു വരി എഴുതി. തൂലിക വഴുതിവീണു.

ശരീരത്തിന് തളര്‍ച്ചയുണ്ടെങ്കിലും ബുദ്ധിക്കും ഓര്‍മ്മയ്ക്കും തകരാറുകള്‍ ഉണ്ടായിരുന്നില്ല. കിടന്നുകൊണ്ട് അഞ്ച്കിലോഗ്രാം തൂക്കമുള്ള പാദപൂജ മൂന്ന് ദിവസം കൊണ്ട് വായിച്ച് തീര്‍ത്തു. പാരായണം പൂര്‍ത്തിയായപ്പോള്‍ ഭിത്തിയില്‍ ചാരിയിരിക്കാമെന്നായി. അപ്പോഴം വരമൊഴി വഴങ്ങിയില്ല. ഈ അവശനിലയില്‍ ഗ്രന്ഥരചനയുടെ നിര്‍വിഘ്‌ന നിര്‍വ്വഹണം അസാധ്യമായതിനാല്‍ മനംനൊന്ത് അന്നത്തെ പകല്‍ കഴിച്ചുകൂട്ടി. എഴുത്ത് വേണ്ടെന്ന് തീരുമാനിച്ചു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നു. ഗാഢനിദ്രയിലാണ്ട ഞാന്‍ ഒരു സ്വപ്‌നം കണ്ട് ഞെട്ടിയുണര്‍ന്നു. കൃശാഗാത്രനായ ഒരു സന്യാസിവര്യന്‍ എന്നെ വിളിച്ചുണര്‍ത്തിയിട്ട് ‘എഴുതിക്കോളൂ, ഞങ്ങളുണ്ട് കൂടെ’ എന്ന് ഘനഗംഭീര സ്വരത്തില്‍ പറഞ്ഞ് ആശ്വസിപ്പിച്ചു. സ്വപ്‌നത്തില്‍ കണ്ട ദിവ്യയോഗിയുടെ മെലിഞ്ഞ ശരീരവും ‘ഞങ്ങള്‍’ എന്ന പ്രയോഗവും ആളിനെ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതികളുടെ ഗുരനാഥനായ ശ്രീ നീലകണ്ഠ ഗുരുപാദര്‍ തന്നെ പ്രത്യക്ഷപ്പെട്ട് (സ്വപ്‌നത്തിലാണെങ്കിലും) എനിക്ക് പ്രചോദനം നല്‍കുകയായിരുന്നു.

പിറ്റേദിവസം ഉണര്‍ന്നപ്പോള്‍ നടുവേദന മാറി. കസേരയില്‍ ഇരിക്കുവാനുള്ള ശക്തി കിട്ടി. മടങ്ങിയിരുന്ന വിരലുകള്‍ നിവര്‍ന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുത്ത് തുടങ്ങി. ഇടയ്ക്ക് പൂജവെയ്പ്പ് വന്നു. പാദപൂജയും എഴുതിയിടത്തോളം ശ്ലോകങ്ങളും പേനയും പൂജാമുറിയില്‍ പൂജവെച്ചു. പിറ്റേന്ന് മഹാനവമി നാളില്‍ എഴുതിയില്ല. അന്നു കുളിമുറിയില്‍ കാല്‍വഴുതി വീണു. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതില്‍ ഈശ്വരനും ശ്രീനീലകണ്ഠഗുരുവിനും പങ്കുണ്ടായിരുന്നെന്ന് മനസ്സിലായി. അന്നു രാത്രിയിലും സ്വപ്‌നം കണ്ടു. ശ്രീനീലകണ്ഠഗുരു വന്ന് ചോദിച്ചു. ‘ എന്താടോ എഴുത്ത് നിര്‍ത്തിയത്’. ‘പൂജവെയ്പ്പായിരുന്നതു കൊണ്ടാണെന്ന്’ ഞാന്‍. ‘പൂജയ്ക്ക് എവിടാടോ വെയ്പ്പും എടുപ്പും’ ? എന്ന് സ്വാമിജി. പിറ്റേന്ന് വിജയദശമിയുടെ അന്ന് വെളുപ്പിന് വീണ്ടും എഴുതിത്തുടങ്ങി. ഇരുപത്തിയേഴു ദിവസം (ഒരു ചന്ദ്രമാസം)കൊണ്ട് യജ്ഞം പൂര്‍ത്തിയാക്കി. കൃഷ്ണന്‍ നായര്‍ കയ്യെഴുത്ത് പ്രതി വാങ്ങി വേണ്ട തിരുത്തലുകളും നിര്‍ദ്ദേശങ്ങളും നല്‍കി തിരിച്ചേല്‍പ്പിച്ചു. വീണ്ടും എഴുതി, സ്വാമി സത്യാനന്ദസരസ്വതി തിരുവടികള്‍ക്ക് സമര്‍പ്പിക്കാന്‍ കൃഷ്ണന്‍നായര്‍ വശം കൊടുത്തയച്ചു. അവതാരികയെഴുതാന്‍ സ്വാമിജിയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍, ‘എന്റെ പുസ്തകത്തിന്റെ കാവ്യപരിഭാഷയ്ക്കു ഞാന്‍ തന്നെ അവതാരികയെഴുതുന്നത് ഉചിതമല്ല’ എന്ന് പറഞ്ഞു. അദ്ദേഹം ആ ജോലി കൃഷ്ണന്‍ നായരെ ഏല്‍പ്പിച്ചു. അങ്ങനെ ‘അധ്യാത്മ ഹിമാലയം’ എന്ന പ്രൗഢഗംഭീരമായ അവതാരികയുണ്ടായി. പൂജനീയ ജഗദ്ഗുരുസത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ദേഹത്തിന്റെ ‘പുണ്യഭൂമി’ എന്ന ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ (ഗുരുവാരപ്പതിപ്പ്) പാദപൂജയുടെ കാവ്യാനുവര്‍ത്തനം ഖണ്ഡശഃ പ്രസിദ്ധീകരിച്ചതോടെ യജ്ഞം പൂര്‍ത്തിയായി.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക