കൂട്ടമാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

December 30, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: കൂട്ടമാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. രാവിലെ 7.40ഓടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. കേന്ദ്രആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് മൃതദേഹം കൊണ്ടുവന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും വിമാനത്താവളത്തില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാണ്. ഡല്‍ഹിയില്‍ നിരോധനാജ്ഞ അവഗണിച്ച് ആയിരങ്ങളാണ് പ്രതിഷേധിക്കാനും ആദരാഞ്ജലി അര്‍പ്പിക്കാനും ഇന്നലെ രാത്രി നിരത്തുകളില്‍ ഇറങ്ങിയത്. പ്രതിഷേധം നേരിടാന്‍ അതീവ സുരക്ഷാ ജാഗ്രതയിലാണ് രാജ്യ തലസ്ഥാനം.

സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ശ്വാസകോശത്തിലെ അണുബാധ നിയന്ത്രിക്കാതെ തുടര്‍ ചികിത്സ സാധ്യമല്ലാതാവുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാവുകയും  ഇന്നലെ പുലര്‍ച്ചെയോടെ അന്ത്യം സംഭവിക്കുകയുമാണുണ്ടായത്.

അതേസമയം കൂട്ടമാനഭംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസിന്റെ വിചാരണ ജനുവരി 3ന് ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ അന്ത്യം സംഭവിച്ചത്.

പെണ്‍കുട്ടിയുടെ സംസ്‌കാരച്ചടങ്ങ് സംപ്രേഷണം പത്രാധിപ സംഘടന വേണ്ടെന്നു വച്ചു. കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കാനും ദുഃഖത്തെ മാനിച്ചുമാണ് തീരുമാനം. പെണ്‍കുട്ടിയുടെ വീടിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യില്ല. ബന്ധുക്കളുടെ അഭിമുഖം ചിത്രീകരിക്കില്ലെന്നും പത്രാധിപ സംഘടന തീരുമാനിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍