സനാതന സംസ്‌കൃതിയിലേക്ക് മടങ്ങുക

December 31, 2012 എഡിറ്റോറിയല്‍

അനന്തമായ കാലപ്രവാഹത്തില്‍ മനുഷ്യ സൃഷ്ടിയായ കലണ്ടറില്‍നിന്ന് ഒരു ഇതള്‍കൂടി ഇന്ന് കൊഴിഞ്ഞുവീഴും. പ്രപഞ്ച സൃഷ്ടി മുതല്‍ ഇന്നോളമുള്ള കാലയളവ് ഒരു വര്‍ഷമായി കണക്കാക്കിയാല്‍ ജീവ ഉല്‍പ്പത്തി വികാസ പരിണാമങ്ങളുടെ കാലയളവ് വെറും ഒരു സെക്കന്റ് മാത്രമാണ്. ഇതില്‍നിന്നുതന്നെ മനുഷ്യന്‍ ഇന്നത്തെ അവസ്ഥയിലെത്താന്‍ പിന്നിട്ട സമയം ബോധ്യമാകും.

ജീവ പരിണാമത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് മനുഷ്യന്‍. ഇനി ജൈവപരമായ പരിണാമത്തിനു പകരം ആന്തരികമായ പരിണാമമാണ് മനുഷ്യനില്‍ സംഭവിക്കുകയെന്ന് മഹര്‍ഷി അരവിന്ദന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. എന്നാല്‍ മനുഷ്യനിലെ മൃഗീയ വാസന കൂടുതല്‍ പ്രകടമാവുകയും സാംസ്‌ക്കാരികമായി അവന്‍ പിന്നോട്ടു നടക്കുകയും ചെയ്യുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. ഇത് ആത്യന്തികമായി മനുഷ്യരാശിയുടെ നാശത്തിനാകും വഴിവയ്ക്കുക. സൂര്യന് ഇനിയും അഞ്ഞുറുകോടി വര്‍ഷത്തെ ആയുസ്സുണ്ട്. ഭൂമി നാനൂറുകോടി വര്‍ഷംകൂടി നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. എന്നാല്‍ മനുഷ്യരാശി ഇന്നത്തെ അവസ്ഥയില്‍ ഇനി ആയിരം വര്‍ഷം കൂടിയെങ്കിലും മുന്നോട്ടു പോകുമോ എന്ന് ആശങ്ക ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സങ്കീര്‍ണമായ ലോകഗതി.

എല്ലാം മനുഷ്യനുവേണ്ടിയാണെന്ന പാശ്ചാത്യ ചിന്ത മനുഷ്യവംശത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമമാണ് ഈ ദുരന്തത്തിന് വഴിമരുന്നിട്ടത്. അതേസമയം മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നും ഭൂമി മാതാവാണെന്നും മറ്റ് ജന്തു സസ്യജാലങ്ങള്‍ക്ക് മനുഷ്യനോളംതന്നെ പ്രാധാന്യമുണ്ടെന്നുമുള്ള ചിരപുരാതനമായ ആര്‍ഷഭാരത ചിന്തയില്‍നിന്ന് വ്യതിചലിച്ചതാണ് ലോകത്തിന്റെ ഇന്നത്തെ ഗതിക്കു കാരണമെന്ന് പാശ്ചാത്യചിന്തകന്മാര്‍പോലും അടിവരയിട്ട് സമ്മതിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ലോകത്തെ സംഘര്‍ഷത്തെയും അശാന്തമായ മാനസികാവസ്ഥയുമായി മനുഷ്യന്റെ നെട്ടോട്ടത്തെയും കാണേണ്ടത്. ഇതിന്റെയൊക്കെ പരിണിതഫലമാണ് ഭാരതത്തിന്റെ മനസാക്ഷിയില്‍ നിത്യനൊമ്പരമായി മാറിയ ന്യൂഡല്‍ഹി സംഭവം.

സ്ത്രീയെ അമ്മയായും സഹോദരിയായും മകളായും കാണാനുള്ള മാനസികാവസ്ഥയില്‍നിന്ന് വ്യതിചലിച്ചുപോയ ഒരു സമൂഹത്തിന്റെ പ്രതിനിധികള്‍ തന്നെയാണ് ആ പെണ്‍കുട്ടിയെ ക്രൂരമായ മാനഭംഗത്തിനിരയാക്കി മരണത്തിലേക്ക് നയിച്ചത്. പേര് എന്തെന്നറിയാത്ത, മുഖംപോലും നമുക്ക് കാണാന്‍കഴിയാത്ത ആ പെണ്‍കുട്ടി ഇന്ന് ലോകത്തിനു തന്നെ പ്രിയപ്പെട്ടവളാണ്. അരുമയാണ്. ഒരു കണ്ണീര്‍ക്കണം പോലെ ഭാരതത്തിന്റെ ഹൃദയത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആ പെണ്‍കുട്ടി പുതിയ വര്‍ഷം പിറക്കുമ്പോള്‍ ഒരുപാട് പ്രതിജ്ഞകള്‍ക്ക് ഭാരതത്തെ നിര്‍ബന്ധിക്കുകയാണ്.

ആര്‍ഷ ചിന്തയിലേക്ക് മടങ്ങുക എന്നത് ഇന്ന് ഭാരതത്തെ സംബന്ധിച്ചിടത്തോളം മാത്രമല്ല ലോകത്തെ സംബന്ധിച്ചും അനിവാര്യമാണ്. അത് ധര്‍മ്മാധിഷ്ഠിതമായ ജീവിതത്തെയും മൂല്യബോധത്തെയുമാണ് ഉറപ്പാക്കുന്നത്. അതിലൂടെ മാത്രമേ ഭാരതത്തിന് ലോകത്തിന്റെ വെളിച്ചമാകാന്‍ കഴിയു. ഭാരതമെന്ന ദീപം കെട്ടുപോയാല്‍ ലോകം ഇരുട്ടിലാക്കുമെന്ന അരവിന്ദ വചനം മറക്കാതിരിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍