മദ്യത്തിനെതിരെ യുദ്ധം തുടങ്ങുക

January 1, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ഇന്ന് പുതുവത്സരദിനമാണ്. ലോകമെമ്പാടും ആഘോഷത്തിന്റെ ലഹരിയില്‍ ആറാടുമ്പോള്‍ ലോകജനസംഖ്യയില്‍ വലിയൊരു ശതമാനം ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ ആകാശത്തേക്ക് കണ്ണുംനട്ടിരിക്കുന്ന ദുരന്തചിത്രം നമ്മള്‍ മറന്നുപോകുന്നു. പലപ്പോഴും നമ്മെ വേട്ടയാടിയിട്ടുള്ളത് ആഫ്രിക്കയിലെ പട്ടിണിക്കോലങ്ങളായ കുട്ടികളുടെ ചിത്രങ്ങളാണ്. എന്നാല്‍ തൊട്ടടുത്തനിമിഷം ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആഘോഷത്തിന്റെ ലഹരിയിലേക്കു പോകാനുളള മനുഷ്യമനസ്സിന്റെ അപാരമായ കഴിവാണ് ലോകത്തിന്റെ ശാപമായി മാറുന്നത്.

ആഘോഷങ്ങള്‍ക്ക് ഇന്ന് മദ്യം അവിഭാജ്യമായ ഘടമായി മാറിയിരിക്കുന്നു. ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഇത് പ്രകടമാണ്. കേരളത്തിലെ ശരാശരി മദ്യഉപഭോഗം ഭാരതത്തിലെ മൊത്തം ഉപഭോഗത്തേക്കാള്‍ കൂടുതലാണ് എന്നത് നമ്മളെ വേവലാതിപ്പെടുത്തുന്നില്ല എന്നത് ‘സാക്ഷരകേരളം’  എങ്ങോട്ടുപോകുന്നു എന്നുള്ളതിന് തെളിവാണ്.

ഒരുകാലത്ത് ആഘോഷങ്ങളെ മധുരംകൊണ്ട് നിറച്ചിരുന്ന ജനസമൂഹം ഇന്ന് മദ്യത്തിന്റെ ലഹരിയില്‍ നുരയുകയാണ്. നവവത്സരവും ക്രിസ്തുമസും മാത്രമല്ല ഓണവും വിഷുവും വിവാഹവും ജന്മദിനങ്ങളും വിവാഹവാര്‍ഷികാഘോഷങ്ങളുമെല്ലാം മദ്യത്തില്‍ മുങ്ങി നുരയുന്ന ഇരുട്ടിന്റെ ആഘോഷങ്ങളായി മാറുന്നു. മദ്യം എങ്ങനെയൊക്കെ ഒരു വ്യക്തിയേയും സമൂഹത്തെയും നരകത്തിന്റെ കൂരിരുളിലേക്ക് നയിക്കും എന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് വേണ്ട. ഭാരതത്തിന്റെ നൊമ്പരമായി മാറിയ ഡല്‍ഹിപെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയവരെല്ലാം അമിതമായി മദ്യം ഉപയോഗിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ലഹരിവിട്ടപ്പോള്‍ അന്നുരാത്രി സംഭവിച്ചത് എന്താണെന്ന്‌പോലും ആ നരാധപന്‍മാര്‍ ഓര്‍മ്മിക്കുന്നില്ല എന്നാണ് പറയപ്പെടുന്നത്. പശ്ചാത്താപവിവശരായ അവര്‍ തങ്ങളെ കഴുകിലേറ്റാണ് ആവശ്യപ്പെടുന്നത്. എത്ര കടുത്ത പാതകമാണ് തങ്ങള്‍ ചെയ്തതെന്നും അവര്‍ വിലപിക്കുന്നു. ഇതില്‍നിന്നും ഒരുകാര്യം ഉറപ്പാണ്. മദ്യത്തിന്റെ ലഹരിയില്‍ ആയില്ലായിരുന്നുവെങ്കില്‍ ഇത്തരമൊരു ക്രൂരകൃത്യത്തിന് ഒരുപക്ഷേ അവര്‍ മുതിരില്ലായിരിക്കാം.

കേരളം പലകാര്യങ്ങളിലും ഭാരതത്തിന് മാതൃകയാണ്. സംസ്‌കാരസമ്പന്നമെന്ന് നാം കരുതുന്ന കേരളത്തില്‍തന്നെയാണ് ഒരു പത്തുവര്‍ഷംമുമ്പ് നമുക്ക് ചിന്തിക്കാന്‍പോലും ആകാത്തവണ്ണം അച്ഛന്‍ മകളെയും സഹോദരന്‍ സഹോദരിയുമൊക്കെ പീഡിപ്പിക്കുന്ന മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്യുന്ന സംഭവങ്ങള്‍ പുറത്തുവരുന്നത്. മാത്രമല്ല മദ്യപാനംമൂലം അമ്മ മകനെയും മകന്‍ അമ്മയേയും അച്ഛനേയുമൊക്കെ അടിച്ചുകൊല്ലുന്ന സംഭവങ്ങളും സമീപകാലത്തുണ്ടായി. ഇതിന്റെയൊക്കെപിന്നില്‍ മദ്യം പ്രധാനഘടകമാണ്. മദ്യപാനാസക്തിമൂലം സ്വസ്ഥത നഷ്ടപ്പെട്ടപ്പോഴാണ് സ്വന്തം മകനുനേരെ അമ്മയ്‌ക്കോ അച്ഛനോ ഒക്കെ അരുതാത്ത് ചെയ്യേണ്ടിവന്നത്. പീഡനശ്രമങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഭൂരിഭാഗവും മദ്യപാനികളാണ്.

മദ്യപന്‍മാര്‍ കൂടുന്ന സമൂഹം അരാജകത്വത്തിലേക്ക് വഴുതിവീഴും. ആത്യന്തികമായി അത് ഒരു സമൂഹത്തെത്തന്നെ നാശത്തിലേക്ക് നയിക്കും. മദ്യപാന വിപത്തിനെ മുന്‍കൂട്ടി കണ്ടവരാണ് ശ്രീനാരായണഗുരുവും ഗാന്ധിജിയുമൊക്കെ. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ഗാന്ധിജി മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന് രൂപം നല്‍കിയത് ഇക്കാരണംകൊണ്ടാണ്. ശ്രീനാരായണഗുരു മദ്യത്തിന്റെ വിപത്തിനെക്കുറിച്ച് പറഞ്ഞത് ‘മദ്യം ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്’ എന്നാണ്. ഒരു സമൂഹത്തിന്റെ നന്മകളെയും മൂല്യങ്ങളെയും മുഴുവന്‍ നശിപ്പിക്കുകയും നാം ഇന്നോളം ആര്‍ജ്ജിച്ച എല്ലാ സാംസ്‌കാരിക തനിമകളെയും തമസ്സിലാക്കുകയും ചെയ്യുന്ന മദ്യംമൂലം ഇന്നത്തെ സമൂഹത്തില്‍ അശാന്തിയുടെ അന്തരീക്ഷമാണ് വളരുന്നത്. മദ്യംമൂലം കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന കാഴ്ച നമുക്കുചുറ്റുമുണ്ട്. മദ്യപന്‍ സംശയരോഗിയായിതീരുവാന്‍ അധികകാലം വേണ്ട. ഇത് ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ പവിത്രതയെ നശിപ്പിക്കുമെന്നുമാത്രമല്ല പലപ്പോഴും കൊലപാതകത്തില്‍പോലും കലാശിക്കാറുണ്ട്.

വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് മദ്യപിച്ച് വാഹനമൊടിക്കുന്നതിലാണ്. ഇതിന് ഇരകളാകുന്നത് ഒരു നാടിന്റെ സമ്പത്തായിത്തീരേണ്ട യുവാക്കളാണ്. ഇതുമൂലം അനാഥമായിത്തീരുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. നവവത്സര ദിനത്തില്‍പോലും വാഹനാപകടങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് നമുക്ക് കണികാണേണ്ടിവന്നത്. ഈ ദുര്യോഗത്തിന് അറുതി ഒന്നേയുള്ളൂ. മദ്യത്തെ സാമൂഹ്യമായിത്തന്നെ ബഹിഷ്‌കരിക്കുക. ഒരു കാലഘട്ടത്തില്‍ മദ്യപാനിക്ക് സാമൂഹ്യമായി അംഗീകാരമില്ലായിരുന്നു. ഇന്ന് മദ്യം അംഗീകരിക്കപ്പെട്ട ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു. സ്‌കൂള്‍കുട്ടികള്‍പോലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന തലത്തിലേക്ക് മാറി. കുടുംബത്തിന്റെ വിളക്കായിത്തീരേണ്ട സ്ത്രീകളുടെ ഇടയിലും മദ്യപാനം വര്‍ദ്ധിക്കുകയാണ്.

മദ്യത്തില്‍നിന്നുള്ള വരുമാനത്തിലാണ് ഏതു സര്‍ക്കാരിന്റെയും നോട്ടം. എന്നാല്‍ സമൂഹത്തിന്റെ നാശത്തെക്കുറിച്ച് ഇവരാരും ചിന്തിക്കുന്നില്ല എന്നത് ലജ്ജാവഹമാണ്. മാത്രമല്ല മദ്യവില്‍പനയിലൂടെ ലഭ്യമാക്കുന്നതിലേറെ തുക മദ്യപാനംമൂലം രോഗികളായിതീരുന്നവരുടെ ചികിത്സയ്ക്കും മറ്റും ചിലവാക്കേണ്ടിവരുന്നു. ലാഭനഷ്ടങ്ങള്‍ക്കുമപ്പുറത്ത് ഒരു സമൂഹത്തിന്റെ സംസ്‌കാരത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയുമൊക്കെ പ്രശ്‌നമാണിത്.

പുരോഗമന സമൂഹമെന്ന് നമുക്ക് അല്പമെങ്കിലും ‘അഹങ്കരിക്കാന്‍’ കഴിയണമെങ്കില്‍ മദ്യവിമുക്തമായ ഒരു സമൂഹമായി നാം മാറേണ്ടിയിരിക്കുന്നു. ഓാരോ വ്യക്തിയും മദ്യത്തിനെതിരെ മുന്നോട്ടുവരണം. അതിന് പിന്‍ബലം നല്‍കാന്‍ സര്‍ക്കാരും മദ്യവര്‍ജ്ജനപ്രസ്ഥാനങ്ങളും ഉണരണം. മദ്യത്തിനെതിരെയുള്ള യുദ്ധത്തില്‍ തോറ്റാല്‍ അത് നാം ഇതുവരെ ആര്‍ജ്ജിച്ച എല്ലാ നന്മകളുടെയും സംസ്‌കാരത്തിന്റെയും പുരോഗതിയുടെയും നാശമായിരിക്കുമെന്ന് മറക്കരുത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍