ഗര്‍ഗ്ഗഭാഗവതസുധ – രാധാകൃഷ്‌ണോദ്വാഹം

January 2, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

11. രാധാകൃഷ്‌ണോദ്വാഹം
ഒരിക്കല്‍ നന്ദഗോപന്‍ പുത്രനെ ലാളിച്ചും പശുക്കളെ മേച്ചും യമുനാതീരത്തെത്തി. കൃഷ്‌ണേച്ഛയാലാകാം, അപ്പോള്‍ കാറ്റിനു വേഗം കൂടി. വൃക്ഷങ്ങള്‍ ആടിയുലഞ്ഞു. എങ്ങും പൊടിപൊങ്ങി. എവിടെയും ഭീതിദമായ ലക്ഷണങ്ങള്‍! അതുകണ്ടു നന്ദഗോപനും ഭയന്നു. ദിക്കെല്ലാം ഇരുണ്ടു. നന്ദന്റെ മടിയിലിരുന്നുകളിച്ച കുട്ടി – ശ്രീകൃഷ്ണന്‍ – ഭയന്നു കരയാന്‍ തുടങ്ങി. ശ്രീനന്ദന്‍ ഭയപ്പാടോടെ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.

നന്ദരാജന്‍ ചുറ്റും നോക്കി. ഉജ്ജ്വലമായ ഒരു പ്രഭാപ്രസരണം കണ്ടു. വൃഷഭാനുപുത്രിയായ രാധയുടെ വരവാണെന്നു മനസ്സിലായി. അവളെക്കണ്ട് നന്ദന്‍ സന്തോഷിച്ചു. അദ്ദേഹം രാധയോട് പറഞ്ഞു. ‘രാധേ, ഇപ്പോള്‍ നീ ഇവിടെയെത്തിയത് നന്നായി. നീ സാക്ഷാല്‍ പുരുഷോത്തമന്റെ പ്രിയയാണ്. നിങ്ങളുടെ ദിവ്യരഹസ്യങ്ങളെല്ലാം ഞാന്‍, ഗര്‍ഗ്ഗാചാര്യരില്‍നിന്നുമറിഞ്ഞിരിക്കുന്നു. ‘ഏനം ഗൃഹം പ്രാപയ മേഘഭീതം!’ (മേഘനാദം കേട്ടു ഭയചകിതനായിരിക്കുന്ന ഈ ബാലനെ (എന്റെ) ഗൃഹത്തിലെത്തിക്കുക) നിന്നെ ഞാന്‍ നമസ്‌കരിക്കുന്നു. ഈ ലോകത്ത് നീ തന്നെയാണെനിക്ക് രക്ഷ!’

ഇതുകേട്ട് രാധ സന്തുഷ്ടയായി. ദേവി നന്ദരാജനോട് പറഞ്ഞു: ‘അഹം പ്രസന്നാ തവ ഭക്തി ഭാവാല്‍’ (അങ്ങയുടെ ഭക്തിയില്‍ ഞാന്‍ സന്തുഷ്ടയായിരിക്കുന്നു.) എന്റെ ദര്‍ശനംതന്നെ ദുര്‍ലഭമാകുന്നു! ഇതുകേട്ട് സംതൃപ്തനായ നന്ദരാജന്‍, തന്നിലെ ഭക്തി എന്നെന്നും നിലനില്‍ക്കാന്‍ അനുഗ്രഹിക്കണമെന്നു പ്രാര്‍ത്ഥിച്ചു. ശ്രീ രാധാദേവിയെ നമസ്‌കരിച്ചു. രാധയാകട്ടെ, അങ്ങനെതന്നെ ഭവിക്കട്ടെ എന്നനുഗ്രഹിച്ച് നന്ദനില്‍നിന്ന് കൃഷ്ണനെ വാങ്ങി ഭാണ്ഡീരവനത്തിലേക്കുപോയി. ഭാണ്ഡീരവനത്തില്‍ ചില അത്ഭുതങ്ങളുണ്ടായി. അവിടം നല്ലൊരു വിവാഹപ്പന്തലായി മാറി.

ഗോലോക ലോകാച്ച പുരാസമാഗതാ
ഭൂമിര്‍ന്നിജം സ്വം വപുരാദധാനാ

(ഗോലോകത്തില്‍ നിന്നിവിടേക്കു വന്ന ആ ഭൂവിഭാഗം സ്വസ്വഭാവം പൂണ്ടു.) സ്വര്‍ണ്ണ മണ്ഡപങ്ങളും രത്‌നം പതിച്ച വഴികളും എല്ലാം ഭാണ്ഡീരവനത്തെ അനവദ്യശോഭയുള്ളതാക്കി.

രാധാകൃഷ്ണന്മാര്‍ ഭാണ്ഡീരവനത്തിലെത്തി.

തദൈവ സാക്ഷാല്‍ പുരുഷോത്തമോത്തമോ
ബഭൂവ കൈശോരവപുര്‍ഘനപ്രഭഃ
പീതാംബരഃ കൗസ്തുഭരത്‌ന ഭൂഷണോ
വംശീധരോ മന്മഥരാശിമോഹനഃ

(അപ്പോള്‍ ശ്രീകൃഷ്ണന്‍ കൈശോര വേഷം പൂണ്ടു. മേഘശ്യാമ വര്‍ണ്ണവും പീതംബരവും കൗസ്തുഭവും ഓടക്കുഴലും ധരിച്ച യുവസുന്ദരനായി കാണപ്പെട്ടു.) ശ്രീകൃഷ്ണഭഗവാന്‍ രാധയുടെ കൈയും പിടിച്ച് വിവാഹമണ്ഡപത്തില്‍ പ്രവേശിച്ചു. അവിടെ വിവാഹച്ചടങ്ങിനാവശ്യമുള്ളതെല്ലാം ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. രാധയും കൃഷ്ണനും അവിടെ സജ്ജമാക്കിയിരുന്ന സിംഹാസനങ്ങളിലിരുന്നു. അവര്‍ പ്രേമപൂര്‍വ്വം സംസാരിച്ചു. ആകാശത്തില്‍, ഇടിമിന്നലിണങ്ങിയ കാര്‍മേഘം പോലെ, അവര്‍ കാണപ്പെട്ടു.

ആ സന്ദര്‍ഭത്തില്‍ ബ്രഹ്മദേവന്‍ അവിടെ എത്തിച്ചേര്‍ന്നു. അദ്ദേഹം രാധാകൃഷ്ണന്മാരെ വണങ്ങി. അഞ്ജലീബദ്ധനായി പലവിധം സ്തുതിച്ചു. എന്നിട്ടിപ്രകാരം പറഞ്ഞു. ‘ഭഗവാന്‍,

യഥാ യുവാം പ്രതിയുതൗച ദമ്പതീ
പരാത്പരൗ താവനുരൂപ രൂപിതൗ
തഥാപി ലോകവ്യവഹാരസംഗ്രഹാ-
ദ്വിധിം വിവാഹസ്യ തു കാരയാമ്യഹം’

(നിങ്ങള്‍ രണ്ടുപേരും സ്വതേ ദമ്പതിമാരാണ്. അനുരൂപരും അനുരാഗബദ്ധരുമാണ്. എന്നാലും, (ലോകപിതാക്കളായ നിങ്ങളുടെ) ലോകവ്യവഹാരമനുസരിച്ച്, വിധിപൂര്‍വ്വം ഞാന്‍ വിവാഹകര്‍മ്മം നടത്തിത്തരാം.) ഒട്ടും വൈകാതെ, രാധാകൃഷ്ണവിവാഹച്ചടങ്ങുകള്‍ ആരംഭിച്ചു. ബ്രഹ്മാവ് അതിന്റെ കാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. ബ്രഹ്മാവ് അഗ്നി ജ്വലിപ്പിച്ചു. വിധിയാംവണ്ണം വേദമന്ത്രങ്ങള്‍ ഉച്ചരിച്ചു. വൈദിക വിധിപ്രകാരം പാണിഗ്രഹണവും നടത്തിച്ചു. അനന്തരം വിവാഹാനുബന്ധച്ചടങ്ങുകളായി. രാധാകൃഷ്ണന്മാരെ ഹോമാഗ്നിക്ക് പ്രദക്ഷിണം വയ്പിച്ചു. പരസ്പരം വിവാഹമാല്യം ചാര്‍ത്തിച്ചു. എന്നിട്ട് പിതാമഹന്‍, ‘സമര്‍പ്യരാധാം ച പിതേവ കന്യാ’ (അച്ഛന്‍ മകളെ എന്നപോലെ, രാധയെ ശ്രീകൃഷ്ണനായി സമര്‍പ്പിച്ചു.) ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്തു. വിദ്യാധരസ്ത്രികള്‍  നൃത്തം ചെയ്തു. ഗന്ധര്‍വ വിദ്യാധരചാരണകിന്നരന്മാര്‍ കൃഷ്ണസ്തുതി മംഗളകരമായാലപിച്ചു. മനോജ്ഞവാദ്യഘോഷങ്ങളോടെ, ദേവന്മാര്‍ നവദമ്പതിമാരെ അനുമോദിച്ചു.

വിവാഹാഘോഷം സമംഗളം സമാപിച്ചു. അപ്പോള്‍ ഭഗവാന്‍ , ബ്രഹ്മാവിനോട് ദക്ഷിണ ആവശ്യപ്പെട്ടുകൊള്ളാന്‍ പറഞ്ഞു. അതുകേട്ട് ബ്രഹ്മദേവന്‍ ,

‘തദാഹരിം പ്രാഹവിധിഃ പ്രഭോ മേ
ദേഹി ത്വദംഘ്രേ്യാര്‍നിജഭക്തി ദക്ഷിണാം’

(ഭഗവാനേ, എനിക്ക് അങ്ങയുടെ പാദഭക്തി ദക്ഷിണയായി തന്നാലും) എന്ന് പ്രാര്‍ത്ഥിച്ചു. അങ്ങനെയാകട്ടെ എന്ന് ശ്രീഹരി അനുഗ്രഹിക്കുകയും ചെയ്തു. യാത്രാനുമതി നല്‍കി ബ്രഹ്മാവിനെ യാത്രയാക്കി. രാധാകൃഷ്ണന്മാര്‍ അന്യോന്യം കരം ഗ്രഹിച്ച് വൃന്ദാവനത്തിലെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ച് വിചിത്രമായ ദിവ്യലീലകളില്‍ മുഴുകി.

അതിനുശേഷം ശ്രീകൃഷ്ണന്‍ മായാമാധവരൂപം മാറ്റി. ശിശുരൂപിയായി. കൈകാലുകള്‍ ചലിപ്പിച്ച് കരഞ്ഞു. അതുകണ്ട് രാധയും വിതുമ്പിപ്പോയി. വ്യസനാധിക്യത്താല്‍ ഉറക്കെ കരഞ്ഞുപോയി. അന്നേരം ഒരു അശരീരി കേള്‍ക്കായി.

‘ശോചം ന രാധേ ഇഹ മാ കുരുത്വം
മാനോരഥസ്‌തേ ഭവിതാ ഹി പശ്ചാത്’

(രാധേ, നീ ദുഃഖിക്കരുത്. നിന്റെ ആഗ്രഹം പിന്നീട് സഫലമാക്കുന്നതാണ്) എന്ന്. അതുകേട്ട് ദുഃഖമൊട്ടു ശാന്തമാക്കി രാധ, ഉണ്ണിക്കണ്ണനെയുമെടുത്ത് നന്ദഗൃഹത്തിലെത്തി. കുഞ്ഞിനെ വ്രജറാണിയായ യശോദയെ ഏല്പിച്ചു. യശോദയാല്‍ സത്കൃതയായ രാധ യാത്രാനുമതി വാങ്ങി ഭവനത്തിലേക്കു പോവുകയും ചെയ്തു.

രാധാകൃഷ്ണയുഗ്മത്തിന് പ്രാധാന്യമുള്ള കൃതിയാണ് ഗര്‍ഗ്ഗഭാഗവതം. അതുകൊണ്ടുതന്നെ ഈ വിവാഹകഥ മര്‍മ്മപ്രധാനമായിരിക്കുന്നു. ഇന്ത്യയിലാകമാനം രാധാകൃഷ്ണപ്രേമം സമാദരണീയമായി കരുതപ്പെടുന്നു. കവികള്‍ ഈ കമിതാക്കളെ പ്രതീകങ്ങളായി കണ്ടു. ഭാരതീയ സംസ്‌കാരത്തിലെ ഉദാത്തപ്രേമപ്രതീകങ്ങളായി. ഇണപിരിയാത്ത സ്‌നേഹത്തിന്റെ, കറപുരളാത്ത പ്രേമത്തിന്റെ, മകുടോദാഹരണമായി രാധാകൃഷ്ണന്മാര്‍ വാഴ്ത്തപ്പെട്ടു. എന്നാലും, ഗര്‍ഗ്ഗാചാര്യനെപ്പോലെ സവിശദകഥാവിവരണം മറ്റാരും നടത്തിയിട്ടില്ലെന്നു വേണം പറയാന്‍ !

ശ്രീമഹാഭാഗവതത്തില്‍ രാധാകൃഷ്ണപ്രേമവും രാസലീലയും വിശദമായി വര്‍ണ്ണിച്ചിട്ടുണ്ട്. ഗര്‍ഗ്ഗഭാഗവതത്തിലാകട്ടെ, അതിലുമപ്പുറം രാധാകൃഷ്ണന്മാരുടെ ജനനം മുതല്‍ക്കുള്ള കഥ തുടര്‍ച്ചയായി വിവരിക്കുന്നു. ഇത്ര വിശദമായ വര്‍ണ്ണന വ്യാസഭഗവാന്‍ നടത്തുന്നില്ല. ജന്മരഹസ്യം അറിയിക്കുന്നതും ഇവരുടെ വിവാഹം ബ്രഹ്മാവ് നടത്തിക്കുന്നതും മഹാഭാഗവതത്തില്‍ കാണ്മാനില്ല. മാത്രമോ, വൃന്ദാവനം വിട്ടുപോയശേഷം, ശ്രീകൃഷ്ണപുനരാഗമനം ഭാഗവതത്തിലില്ല. ഗര്‍ഗ്ഗഭാഗവതത്തില്‍ അതുണ്ട്. ഉദ്ധവദൂതു കഴിഞ്ഞ്, ഗോപീജനവിരഹാര്‍ത്തി മനസ്സിലാക്കിയ ശ്രീകൃഷ്ണന്‍, വൃന്ദാവനത്തിലേക്കു വരുന്നു. വ്രജവാസികളുടെ ദുഃഖതീവ്രത കുറച്ച് മടങ്ങിപ്പോകുന്നു. പ്രഭാസത്തില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന രാധാകൃഷ്ണന്മാരെ പുരാണങ്ങള്‍ കീര്‍ത്തിക്കുന്നു. ഗര്‍ഗ്ഗഭാഗവതത്തില്‍ വിശദമായ വര്‍ണ്ണനയാണ്. ഈ പ്രേമദ്വന്ദ്വത്തെ അകൃത്രിമ മഹിമാതിശയത്തോടെ വര്‍ണ്ണിച്ചിട്ടുള്ള കൃതി, വേറൊന്നില്ല തന്നെ.

ഭഗവന്മാഹാത്മ്യകീര്‍ത്തനമാണല്ലോ ഭാഗവതം. പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങളിലൂടെ ഭക്തിമഹിമ വിശദമാക്കുകയണിവിടേയും. രാധ ധാരാഭക്തിയുടെ പ്രതീകം! ഇക്കാര്യം മുന്‍പും സൂചിപ്പിച്ചിട്ടുണ്ട്. ഏതുവിധത്തിലും പരബ്രഹ്മപ്രാപ്തി, അതാണ് ഭക്തന്റെ ആഗ്രഹം! ധര്‍മ്മ്യമായ പാതയില്‍നിന്നു വ്യതിചലിക്കാതെ, കഠിനപാതകള്‍ പിന്നിട്ട് ലക്ഷ്യം നേടണമെന്ന ഭക്തചിത്തം കൊതിക്കുകയുള്ളൂ. അതാണ് രാധാകൃഷ്ണസംഗമകഥാമൃതം! രാധ, കൃഷ്ണനേക്കാള്‍ പ്രായക്കൂടുതലുള്ളവള്‍! അവള്‍ ശിശുരൂപിയായ ഭഗവാന്റെ അടുക്കലെത്തുകയാണ്. സാധാരണ വായനക്കാര്‍ യുക്തിയുടെ കാര്യത്തില്‍ നെറ്റി ചുളിക്കുമിവിടെ. ഒന്നു ശ്രദ്ധിച്ചാല്‍ ബോദ്ധ്യമാകും. നിഷ്‌കളങ്കപരബ്രഹ്മത്തെയാണ് ശിശുവായ ശ്രീകൃഷ്ണന്‍ എന്ന പ്രതീകം വ്യക്തമാക്കുന്നത്. രാധ ഭക്തയും! ജീവാത്മാവ് പരമാത്മാവിനെ – അനാദി മദ്ധ്യാന്തവും അചിന്ത്യവൈഭവുമായ തത്ത്വത്തെ – അന്വേഷിച്ചുകൊണ്ടേയിരിക്കും.

അങ്ങനെയുള്ള അന്വേഷണം നന്ദന്റെ സമീപമെത്തിക്കും. അകളങ്കമായ യമികളുടെ മാനസം ഈശ്വരാവാസമാണ്. ഇതാണ്, നന്ദന്റെ കൈയില്‍നിന്നും ശ്രീകൃഷ്ണനെ രാധ വാങ്ങുന്നു എന്ന സ്ഥൂലതയുടെ സാരാംശം! നിറഞ്ഞ ആനന്ദം അനുഭവിക്കുന്നിടത്തേ – നന്ദനിലേ – ഭഗവാനെ കണ്ടെത്താനാകൂ എന്നു സാരം! അതുവരെ ഇടിയും മിന്നലും ഭീതിദമായ പരിസരവും തിമിരബാധയും സ്വാഭാവികംമാത്രം! അന്വേഷണം മുടക്കുന്ന വൈകാരികതയാണിത്. പെട്ടെന്ന് പ്രകാശം പരക്കും. ദുര്‍ഗ്ഗമങ്ങളെ തരണം ചെയ്യുമ്പോള്‍, അജ്ഞാനതിമിരമകലുമ്പോള്‍, തൂമിന്നലൊളി പരക്കും. അതു രാധയാണ്. ധാരധാരയായ ഭക്തിയാണ്. പിന്നെ, നിമിഷംപോലും വൈകില്ല ശ്രീകൃഷ്ണനെ കൈക്കൊള്ളുവാന്‍! ഭക്തരുടെ ഹൃദയാധിനാഥനായ കൃഷ്ണന്‍ രാധയുടെ ഭക്തിനിറഞ്ഞ മനസ്സിന്റെ നിറവായിത്തീരും.

തത്ത്വമസീഭാവത്തിന്റെ നിറന്ന നിലാവില്‍ അവരിരുവരും, രാധയും കൃഷ്ണനും – ഭക്തനും ഭഗവാനും – ഒന്നാകും. മനസ്സാകുന്ന ഭാണ്ഡീരവനം സ്വയമേവ അലംകൃതമാകും. ദീര്‍ഘകാലമായുള്ള ഭക്തമനസ്സിന്റെ സജ്ജീകരണമാണ്, ഭാണ്ഡീരവനം സ്വയമേവ അലംകൃതമായി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ആ ഭാണ്ഡീരവനം യമുനാതീരത്താണ്. യമുന, ഭക്തിയാണ്. ഭക്തിയാകുന്ന യമുനാതീരത്തുമാത്രമേ രാധാകൃഷ്‌ണോദ്വാഹം നടക്കുകയുള്ളൂ!

ഭാണ്ഡീരവനത്തിലെത്തിയപ്പോള്‍ ഭഗവാന്‍ ശിശുരൂപം വെടിഞ്ഞ് യുവകോമളനായി. സമമായിത്തീര്‍ന്നു എന്നേ ഇതിനര്‍ത്ഥമുള്ളൂ. ഇവരുടെ വിവാഹം നടത്തിക്കുന്നതോ, ബ്രഹ്മാവ്! ഒരു പരമാചാര്യനെക്കൂടാതെ അദ്ധ്യാത്മവിദ്യ സഫലമാവുകയില്ല. ആത്മാന്വേഷികളെല്ലാവരുടെയും ചരിത്രത്തിലിതുകാണാം. ‘ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലനം’ ചെയ്യിക്കുന്ന ഗുരുനാഥനാണ് ബ്രഹ്മാവ്! ജീവാത്മ പരമാത്മതത്ത്വം വിവരിച്ച് അവയെ ഒന്നിപ്പിക്കുവാന്‍ പിതാമഹന്‍തന്നെ ഗുരുസ്ഥാനത്തെത്തുന്നു!

അത്യന്തം രോമഹര്‍ഷണമായ ഒരു രംഗം ഈ വിവാഹച്ചടങ്ങുകളുടെ അന്ത്യത്തില്‍ കാണാം. പുരോഹിതനായി നിന്ന് എല്ലാം മംഗളമാക്കിയ ബ്രഹ്മദേവന്‍ വിടവാങ്ങാനൊരുങ്ങി. അപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍, ബ്രഹ്മാവിനോട് – ‘ഉവാച തത്രൈവ വിധിം ഹരിസ്വയം യഥേപ്‌സിതം ത്വം വദ വിപ്രദക്ഷിണം’ (അങ്ങ് ഇച്ഛാനുസരണം ദക്ഷിണ ചോദിച്ചാലും) എന്ന് ആവശ്യപ്പെട്ടു. ഗുരുസ്ഥാനത്തുനിന്ന ബ്രഹ്മാവ് ഭക്തി പാരവശ്യത്താല്‍ ഗദ്ഗദകണ്ഠനായി. അദ്ദേഹം കൃഷ്ണപാദാംബുജങ്ങള്‍ വന്ദിച്ചുകൊണ്ടു പറഞ്ഞു: ‘പ്രഭോ, മേ ദേഹിത്വദംഘ്ര്യാര്‍നിജ ഭക്തി ദക്ഷിണാം’ (പ്രഭോ, അങ്ങയുടെ പാദഭക്തിയാണ് എനിക്ക്, ദക്ഷിണയായി തരേണ്ടത്) എന്ന്. അങ്ങനെയാകട്ടെ എന്ന് ഭഗവാന്‍ അനുഗ്രഹിക്കുകയും ചെയ്തു.

ഭക്തനും ഭഗവാനും ഒന്നായി. അതിന് ഭക്തനെ ഉപദേശിച്ച ഗുരുവും ഭാവസമാധിയിലാകുന്നു. ‘സദേവേദമഗ്രേ’ എന്നു ദര്‍ശിച്ച്, ഞാനും നീയും അപരനുമില്ലാത്ത ഏകത്വം പ്രാപിച്ച്, അനന്തമായ ആനന്ദം അനുഭവിക്കുന്നു.

രാധാകൃഷ്ണ സംഗമാനന്തരം അവരുടെ പ്രേമലീലകള്‍ വര്‍ണ്ണിക്കുന്നു. ഈ ഭാഗവും സൂക്ഷ്മാര്‍ത്ഥമറിഞ്ഞ് കാണുകയാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, പലരുമിതിനെ മാംസബദ്ധമായ രാഗത്തിന്റെ സ്ഥൂല വിവരണമാണെന്ന് വ്യാഖ്യാനിക്കുന്നു.

അന്യോന്യം കരം ഗ്രഹിച്ച്, രാധാകൃഷ്ണന്‍മാര്‍ , യമുനാപുളിനത്തിലും ലതാകുഞ്ജങ്ങളിലും പ്രവേശിച്ച് പലപല ലീലകളില്‍  മുഴുകി. അതിനിടയില്‍ ഭഗവാന്‍  പെട്ടെന്ന് അപ്രത്യക്ഷനാകുന്നു. രാധ, ഭഗവാന്റെ പീതാംബരം കണ്ട്, അതിനെ പിടിച്ചു വലിച്ച് (കൃഷ്ണനെ) തന്നോടടുപ്പിച്ചു. ഏറെ ശ്രദ്ധേയമാണ് ഈ വിവരണം. ഒന്നായിത്തീര്‍ന്ന ഭക്തമാനസം ഹര്‍ഷാല്‍ഭുതങ്ങളില്‍ ലസിച്ചു. ചില ദുര്‍ബ്ബല നിമിഷങ്ങളില്‍  ഭക്തന്‍ , ഭഗവാനെ, വിട്ടുപോകുന്നു. എന്നാല്‍, ഭഗവത് പ്രാപ്തി നേടിയ ഭക്തന്‍ , ലൗകികങ്ങളില്‍ ആഴ്ന്നുപോകുന്നില്ല. ചഞ്ചലമാകുന്ന അവസ്ഥയില്‍  പോലും ഭഗവാനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നില്ല. ദൃശ്യമാകുന്ന പീതാംബരത്തെ മുറുകെ പിടിച്ചുവലിച്ച് കൃഷ്ണനെ, രാധ (ഭക്തന്‍ ), അടുപ്പിക്കുകയാണ്. ഇന്ദ്രിയക്ഷോഭകരങ്ങളായ വിഷയങ്ങള്‍ പിന്നോട്ടുപിടിച്ച് ബ്രഹ്മത്തില്‍ നിന്നകറ്റാന്‍ ശ്രമിക്കും. അപ്പോള്‍, മങ്ങാത്ത ഭക്തിയാല്‍  ഹരിപാദരതി വര്‍ദ്ധിപ്പിച്ച് അദൈ്വതാമൃത ലഹരിയില്‍ , ഭക്തന്‍ , മുഴുകുക തന്നെ ചെയ്യുമെന്നു സാരം!

യുവകോമളനായി ദിവ്യലീലകളാടിയ കൃഷ്ണന്‍ , വേഗം ശിശുരൂപം പൂണ്ടതായും അതുകൊണ്ട് രാധ കണ്ണുനീര്‍ പൊഴിച്ചതായും ഗര്‍ഗ്ഗാചാര്യര്‍ പറയുന്നു. ഭഗവാനുമായി മേളിച്ച് ആനന്ദമയമായിത്തീര്‍ന്ന മനസ്സ്, പിന്നീട്, നിഷ്‌ക്കളസ്വരൂപത്തെ മാത്രമേ കാണുകയുള്ളൂ. ഇതാണ് കഥാതത്ത്വം. ആ ദിവ്യദര്‍ശനം നേടിയ ഭക്തഹൃദയം (രാധാഹൃദയം) ആനന്ദൈകരസത്തില്‍ ആറാടി. അതിന്റെ പ്രതിസ്ഫുരണമാണ് രാധയുടെ കരച്ചില്‍ . തുടര്‍ന്നും ആശ്വാസം ഉണ്ടാക്കുമെന്ന തിരിച്ചറിവ് (അശരീരി) ഭക്തചിത്തത്തെ ആഹ്ലാദമയമാക്കുന്നു. ഇപ്രകാരം വ്യാഖ്യാനിച്ചാല്‍ രാധാമാധവരഹസ്യം വിശദമാകും. മറിച്ച്, കേവലം ലൗകികമായ ശൃംഗാരലീലയായി മാത്രം കാണുന്നവര്‍ , ഭാഗവതധര്‍മ്മമറിഞ്ഞവരല്ലെന്നു മാത്രമേ പറയാന്‍ കഴിയൂ!.

—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം