പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

January 1, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല പൊളിറ്റിക്സ് വിഭാഗം മേധാവി യശഃശരീരനായ ഡോ. ആര്‍.രാമകൃഷ്ണന്‍ നായരുടെ പുസ്തകശേഖരം നിയമസഭാ ലൈബ്രറിക്ക് കൈമാറി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, രാമകൃഷ്ണന്‍ നായരുടെ പുത്രന്‍ ദിലീപ് ആര്‍.നായരില്‍ നിന്നും പുസ്തകങ്ങള്‍ സ്വീകരിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസിദ്ധീകരിച്ച അപൂര്‍വ രാഷ്ട്ര മീമാംസാ പുസ്തകങ്ങള്‍ ഈ ശേഖരത്തിലുണ്ട്. ഇന്ത്യയുടെയും മറ്റ് രാഷ്ട്രങ്ങളുടെയും രാഷ്ട്രീയ ചരിത്രം വിവരിക്കുന്ന ധാരാളം കൃതികള്‍ ഈ 310 പുസ്തകങ്ങളില്‍ കാണാം. ഇന്ന് ലഭ്യമല്ലാത്ത പല ഗ്രന്ഥപരമ്പരകളും ഈ ശേഖരത്തില്‍ അടങ്ങിയിട്ടുണ്ട്. നിയമസഭാ ലൈബ്രറിയില്‍ ഈ പുസ്തകങ്ങള്‍ ഒരു പ്രത്യേക വിഭാഗമായി സൂക്ഷിക്കുമെന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഇന്ത്യയുടെയും മറ്റ് രഷ്ട്രങ്ങളുടെയും രാഷ്ട്രീയ ചരിത്രം പഠിക്കാനുതകുന്ന ഈ ഗ്രന്ഥങ്ങള്‍, ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുതല്‍കൂട്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍