അയ്യപ്പസന്നിധിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പുതുവത്സരാഘോഷം

January 1, 2013 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: അയ്യപ്പസന്നിധിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പുതുവത്സര പിറവി ആഘോഷിച്ചു. പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങിയപ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടി നോക്കുന്ന 50ഓളം മാധ്യമപ്രവര്‍ത്തകര്‍ വ്യത്യസ്തരായി. ശബരീശ സന്നിധിയില്‍ പതിനെട്ടാംപടിക്ക് മുന്നില്‍ 2013 വര്‍ഷത്തിന്റെ രൂപത്തില്‍ പ്രത്യേകം തയ്യാറാക്കിയ കര്‍പ്പൂരം കത്തിച്ചും മനസറിഞ്ഞ് ശരണം വിളിച്ചും അവര്‍ പുതുവത്സരത്തെ വരവേറ്റു. ഡിസംബര്‍ 31 രാത്രിതന്നെ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി പുതുവത്സരപ്പുലരിക്കായി അവര്‍ കാത്തുനിന്നു. ജനുവരി ഒന്നിന് പുലര്‍ച്ചെ 12.01 ന് കര്‍പ്പൂരത്തിന് തിരികൊളുത്തി. ആര്‍പ്പുവിളികള്‍ക്ക് പകരം ശരണം വിളികള്‍ ഉയര്‍ന്നു. ചടങ്ങില്‍ ദ്രുതകര്‍മ്മസേന അസിസ്റ്റന്റ് കമാന്‍ഡര്‍ വിജയന്‍, പോലീസ് ലെയ്‌സണ്‍ ഓഫീസര്‍ രാംദാസ്, പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ടി.ഗോപാലകൃഷ്ണപിള്ള, പുണ്യം പൂങ്കാവനം പദ്ധതി കോര്‍ഡിനേറ്റര്‍ പി.ബാലന്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍