ഹരിഹരവര്‍മ്മയുടെ കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

January 2, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊല്ലം: രത്‌നവ്യാപാരി ഹരിഹരവര്‍മ്മയുടെ കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തുടര്‍നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഹരിഹരവര്‍മ്മയുടെ കൊലപാതകം സംബന്ധിച്ച പോലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കൊലപാതകം നടന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും അന്വേഷണം ശരിയായ ദിശയിലെത്തിയിരുന്നില്ല. അതിനിടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം അന്വേഷണത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്തു.

നവംബര്‍ 24നാണ് തിരുവനന്തപുരത്ത് സുഹൃത്ത് ഹരിദാസിന്റെ വീട്ടില്‍ ഹരിഹരവര്‍മ കൊല്ലപ്പെട്ടത്. രത്‌നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹരിഹരവര്‍മയെ കൊലപ്പെടുത്തിയെന്നാണ് ഹരിദാസ് മൊഴി നല്‍കിയത്. ഇതിനിടെ ഹരിദാസിനും മകനും രത്‌നവ്യാപാരവുമായുള്ള ബന്ധത്തെ സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നു.

ഹരിദാസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. എന്നാല്‍ പ്രതികള്‍ സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവര്‍ ഈ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം