മരുന്ന് പരീക്ഷണത്തിന് സുപ്രീംകോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

January 3, 2013 ദേശീയം

ന്യൂഡല്‍ഹി: മരുന്ന് പരീക്ഷണത്തിന് സുപ്രീംകോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ മാത്രമേ മരുന്ന് പരീക്ഷണങ്ങള്‍ നടത്താവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

മധ്യപ്രദേശിലെ സ്വസ്ഥ് അധികാര്‍ മഞ്ച് എന്ന സംഘടന സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് മരുന്നുപരീക്ഷണങ്ങള്‍ക്ക് കോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കേന്ദ്രആരോഗ്യ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ മാത്രമേ പുതിയ പരീക്ഷണങ്ങള്‍ നടത്താകൂ.ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ മരുന്നു പരീക്ഷണങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

മരുന്നു പരീക്ഷണങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ തീര്‍ത്തും നിര്‍ജ്ജീവമാണെന്നും കോടതി വിമര്‍ശിച്ചു. കഴിഞ്ഞ 7 മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്‌തെന്നും കോടതി ചോദിച്ചു. മരുന്നു പരീക്ഷണത്തില്‍ ധാര്‍മ്മികമായും നിയമപരമായും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും കോടതി വിമര്‍ശിച്ചു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. മനുഷ്യരിലെ മരുന്നുപരീക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം