മകരവിളക്ക് – സുരക്ഷിത ദര്‍ശനത്തിന് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കും

January 3, 2013 കേരളം

yogumതിരുവനന്തപുരം: ശബരിമല മകരവിളക്കിന് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ദര്‍ശന സൌകര്യമൊരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. മകരവിളക്ക് ഒരുക്കങ്ങളെക്കുറിച്ചാലോചിക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെട്ട തീര്‍ത്ഥാടനകാലമാണിത്. അതുകൊണ്ടുതന്നെ മകരവിളക്കിന്റെ തിരക്ക് മുന്‍കൂട്ടിക്കണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പമ്പയില്‍ ഒരു ഐ.ജിയുടെ നേതൃത്വത്തിലും നിലയ്ക്കലില്‍ എസ്.പിയുടെ നേതൃത്വത്തിലും പോലീസ് സംവിധാനമേര്‍പ്പെടുത്തും. ആവശ്യമെങ്കില്‍ പ്ലാപ്പള്ളിയിലും ഒരു എസ്.പിയുടെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കും.

പുല്ലുമേട് മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതിനെക്കാള്‍ പോലീസുകാരെ നിയോഗിക്കും. മകരവിളക്കിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ ചിട്ടയായ പാര്‍ക്കിംഗ് സംവിധാനമേര്‍പ്പെടുത്തും. നിലയ്ക്കലില്‍ 6000 വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സൌകര്യമാണ് ഇപ്പോഴുള്ളത്. ഇവിടെ 150 ഓളം ഹോംഗാര്‍ഡുകളെ പാര്‍ക്കിംഗ് നിയന്ത്രിക്കാന്‍ നിയോഗിക്കും. പമ്പയിലും സന്നിധാനത്തും തിരക്ക് കുറയുന്ന മുറയ്ക്ക് നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ നിയന്ത്രിച്ച് കയറ്റിവിടാന്‍ സംവിധാനമുണ്ടാക്കും.

നിലയ്ക്കല്‍ ഏറെനേരം തീര്‍ത്ഥാടനത്തിനായി കാത്തുനില്‍ക്കേണ്ടിവന്നാല്‍ ഭക്തജനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് ലഘുഭക്ഷണം നല്‍കും. പോലീസ് മെസ്സിന് നേരത്തേ അനുവദിച്ച 85 ലക്ഷം രൂപയ്ക്കുപുറമേ 25 ലക്ഷം രൂപ കൂടി നല്‍കും. തിരുവല്ല ഇടത്താവളത്തിന് സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ അടിയന്തിരമായി ലഭ്യമാക്കും. മകരവിളക്ക് ഒരുക്കങ്ങള്‍ക്കായി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് 5 ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി ശിവകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍, ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ജയകുമാര്‍, വിവിധ വകുപ്പുകളിലേയും ദേവസ്വം ബോര്‍ഡിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം