ഷര്‍മിളയുടെ നിരാഹാര സമരത്തിന്‌ 10 വയസ്സ്‌

November 3, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇറോം ഛാനു ഷര്‍മിള (38) നടത്തിവരുന്ന നിരാഹാര സമരത്തിനു പത്തു വയസ്സ്‌ പൂര്‍ത്തിയായി. മണിപ്പൂരിന്റെ ഉരുക്കുവനിതയായി പ്രകീര്‍ത്തിക്കപ്പെടുന്ന ഷര്‍മിളയ്‌ക്ക്‌ ഐഐപിഎമ്മിന്റെ രവീന്ദ്രനാഥ ടഗോര്‍ സമാധാന പുരസ്‌കാരവും ലഭിച്ചു. മണിപ്പൂരില്‍ സമാധാനവും മൈത്രിയും പുനസ്‌ഥാപിക്കുന്നതിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണു പുരസ്‌കാരമെന്ന്‌ ഐഐപിഎം സ്‌ഥാപക ഡയറക്‌ടര്‍ എം.കെ. ചൗധരി പറഞ്ഞു. 51 ലക്ഷം രൂപയും സ്വര്‍ണ മെഡലുമടങ്ങുന്നതാണു പുരസ്‌കാരം.
ഷര്‍മിള നിരാഹാര സമരം തുടങ്ങുന്നതു 2000 നവംബര്‍ രണ്ടിനാണ്‌. പ്രത്യേക അധികാര നിയമത്തിന്റെ (എഎഫ്‌എസ്‌പിഎ) ബലത്തില്‍ മണിപ്പൂരില്‍ അസം റൈഫിള്‍സ്‌ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നായിരുന്നു സമരം. ഒരു സ്‌ത്രീ ഉള്‍പ്പെടെ 10 പേരാണു കൊല്ലപ്പെട്ടത്‌. സമരം തുടങ്ങിയശേഷം ഇതേവരെ ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല. ആരോഗ്യനില ഗുരുതരമാകുമ്പോള്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മരുന്നിനൊപ്പം ഡ്രിപ്പായി നല്‍കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണമാണ്‌ ഇക്കാലമത്രയും ഷര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തിയത്‌. ഇപ്പോള്‍ മണിപ്പൂര്‍ തലസ്‌ഥാനമായ ഇംഫാലില്‍ ജെഎന്‍ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലാണ്‌. ഡല്‍ഹിയിലും ഏറെനാള്‍ സമരം നടത്തിയിരുന്നു. ഷര്‍മിളയുടെ സമരം കൂടുതല്‍ പിന്തുണ നേടിയതോടെ സായുധ സേനയുമായി ബന്ധപ്പെട്ട പരാതികളെ കുറിച്ചു പഠിക്കാനും ബദല്‍ സംവിധാനം നിര്‍ദേശിക്കാനുമായി ജീവന്‍ റെഡ്‌ഡി അധ്യക്ഷനായ സമിതിയെ 2004ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
2006 ഫെബ്രുവരി ആറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്നും പകരം മാനുഷിക മുഖമുള്ള മറ്റൊരു നിയമം നടപ്പാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്‌തിരുന്നെങ്കിലും നാലരവര്‍ഷത്തിനു ശേഷവും നടപടിയായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം