കലോത്സവ വേദിയിലെ ഭക്ഷണത്തില്‍ പുഴു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

January 3, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ-ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ കണ്ടെത്തിയ പുഴുവിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അധ്യാപകരുള്‍പ്പെടെയുളള സംഘാടകസമിതിയംഗങ്ങള്‍ കൈയേറ്റം ചെയ്തു. ഇതേ തുടര്‍ന്ന് കലോത്സവം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കോട്ടണ്‍ഹില്‍ സ്കൂളില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സംഘാടകരായ അധ്യാപകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

കേരളകൌമുദി ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍, ദീപിക ഫോട്ടോഗ്രാഫര്‍ ടി.സി ഷിജുമോന്‍, തേജസിലെ ഷൂബൈബ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ ക്യാമറയും തല്ലിത്തകര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരന്‍ അനില്‍കുമാറിനും പരിക്കേറ്റിട്ടുണ്ട്. അടുക്കളയിലെ പാത്രങ്ങള്‍ ഉള്‍പ്പെടെയെടുത്താണ് അധ്യാപകര്‍ മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്. കറികള്‍ വിളമ്പുന്ന തൊട്ടികൊണ്ടുള്ള ശക്തമായ അടിയേറ്റ് മാധ്യമപ്രവര്‍ത്തകരുടെ തലപൊട്ടുകയും ചെയ്തു. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിജുമോന്റെ തലയിലെ മുറിവില്‍ മൂന്ന് സ്റിച്ചുകളിടേണ്ടിവന്നു. അക്രമം നടത്തിയവരെ അറസ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയാണ്. സംഭവം ചാനലുകളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്, മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന മാധ്യമപ്രവര്‍ത്തകര്‍ നടപടിയുണ്ടാകുന്നതുവരെ കലോത്സവം ബഹിഷ്കരിക്കുമെന്നും വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സ റിപ്പോര്‍ട്ടിംഗും നടത്തില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം