കടല്‍ക്കൊല കേസ്: പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി

January 4, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി. ഇറ്റാലിയന്‍ നാവികര്‍ പ്രത്യേക വിമാനത്തില്‍ രാവിലെ 8ന്  നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിലിറങ്ങി.  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഇറ്റലി മാനിക്കുന്നതായി ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.

എറണാകുളത്തു നിന്നും കൊല്ലം കോടതിയിലേക്ക് പോകുന്ന നാവികര്‍ പാസ്‌പോര്‍ട്ട് തിരികെ ഏല്‍പ്പിക്കും. ക്രിസ്മസ് ആഘോഷിക്കാന്‍ നാവികരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ആവശ്യത്തെ തുടര്‍ന്ന് ഡിസംബര്‍ 23ന് കോടതി ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു. ജനുവരി പത്തിനകം തിരിച്ചെത്തണമെന്ന ഉപാധികളോടെയാണ് നാവികര്‍ക്ക് ജാമ്യം അനുവദിച്ചത്.

നാവികര്‍ ഇന്ത്യയിലെ നിയമനടപടിക്ക് പൂര്‍ണമായും വിധേയമാകുമെന്നും നാവികരുടെ അഭിഭാഷകന്‍ അറിയിച്ചു. ജാമ്യതുകയായി കെട്ടിവെച്ച 6 കോടി രൂപ തിരികെ വാങ്ങുന്നതിനുള്ള അപേക്ഷ കൊല്ലം കോടതിയില്‍ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം