കലോത്സവവേദിയില്‍ നിര്‍ദ്ധനരുടെ മക്കള്‍ക്കും അവസരം ലഭിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

January 4, 2013 കേരളം

തലശേരി: സ്കൂള്‍ കലോത്സവേദികള്‍ പണക്കൊഴുപ്പിന്റെ വേദികളായി മാറരുതെന്നും നിര്‍ദ്ധനരുടെ മക്കള്‍ക്കും ഈ വേദികളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കണമെന്നും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയെപ്പറ്റി ചിന്തിക്കുന്നവര്‍ക്കു സംഘര്‍ഷത്തെക്കുറിച്ചു ചിന്തിക്കാനാവില്ല. കലയുള്ളിടത്തു കലഹവും കലാപവും ഉണ്ടാവുകയുമില്ല. കലാവേദികളില്‍ നിന്നു മാനവികതയുടെയും മതേതരത്വത്തിന്റെയും സംഗീതമുയരണം. മത്സരിക്കുന്ന എല്ലാവരും വിജയികളായി ട്രോഫികളുമായി പോകാമെന്നു കരുതരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ അധ്യക്ഷതവഹിച്ചു. ഡിഡിഇ സി.ആര്‍. വിജയനുണ്ണി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം