ഹാര്‍ലി ഡേവിഡ്‌സണ്‍ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയിലെ ഫാക്‌ടറിയില്‍

November 3, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ബൈക്കുകളിലെ അമേരിക്കന്‍ ഇതിഹാസം `ഹാര്‍ലി ഡേവിഡ്‌സണ്‍ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയിലെ ഫാക്‌ടറിയില്‍നിന്നും പുറത്തിറങ്ങും. യുഎസിനു പുറത്ത്‌ ഇപ്പോള്‍ ബ്രസീലില്‍ മാത്രമാണ്‌ ഹാര്‍ലി ഡേവിഡ്‌സനു ഫാക്‌ടറിയുള്ളത്‌.
ഹരിയാനയിലെ ബാവല്‍ എന്ന സ്‌ഥലത്താണ്‌ അസംബ്ലി പ്ലാന്റ്‌ ഉയരുക. 2009 ഓഗസ്‌റ്റില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഇക്കൊല്ലം ജൂലൈയിലാണ്‌ ആദ്യ ഷോറൂം തുറന്നത്‌. ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌ത്‌ കമ്പനി ബൈക്ക്‌ വില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ ഇവിടെ കൂട്ടിയോജിപ്പിക്കുന്നതുവഴി വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന്‌ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യാ മാനേജിങ്‌ ഡയറക്‌ടര്‍ അനൂപ്‌ പ്രകാശ്‌ പറഞ്ഞു. ബൈക്ക്‌ ഇറക്കുമതി ചെയ്യുമ്പോള്‍ ഇറക്കുമതിച്ചുങ്കം 60% ആണെങ്കില്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇത്‌ 10% മാത്രമാണ്‌. എട്ടു ലക്ഷത്തിനും 39 ലക്ഷത്തിനും ഇടയില്‍ വിലയുള്ള 12 മോഡലുകള്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ടെങ്കിലും ഇതില്‍ ഏതാനും മോഡലുകളേ ആദ്യം ഇവിടെ അസംബിള്‍ ചെയ്യൂ.
ഫാക്‌ടറി 2011 ആദ്യപകുതിയില്‍ പ്രവര്‍ത്തനക്ഷമമാകും.ഇക്കൊല്ലം ഡിസംബറിനകം വില്‍പന 200-250 എണ്ണമാകുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഇപ്പോള്‍ ഡല്‍ഹി, മുംബൈ, ചണ്ഡിഗഡ്‌, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍ ഡീലര്‍ഷിപ്പുകളുള്ള കമ്പനി അഞ്ചാമത്തേത്‌ ബാംഗ്ലൂരില്‍ ഉടന്‍ തുറക്കും. അടുത്തകൊല്ലം ഷോറൂം തുറക്കാന്‍ കൊല്‍ക്കത്ത, അഹമ്മദാബാദ്‌, ചെന്നൈ, കൊച്ചി നഗരങ്ങള്‍ പരിഗണനയിലുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം