യോഗാഭ്യാസപാഠം – 7

January 6, 2013 സനാതനം

യോഗാചാര്യ എന്‍.വിജയരാഘവന്‍
ആദ്യമാദ്യം അല്പം വിഷമങ്ങള്‍ ഉണ്ടാവുമെങ്കിലും ക്രമേണ അവ വിട്ടുമാറുകയും മെയ് വഴക്കത്തോടെ ഓരോ ആസനവും ചെയ്യാന്‍ സാധിക്കുന്നതുമാണ്. പ്രഥമം, മധ്യമം, ഉത്തമം എന്നിങ്ങനെ ഉള്ള ഘട്ടങ്ങള്‍ ഇതിനായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ആസനങ്ങള്‍ ആര്‍ക്കൊക്കെ ചെയ്യാമെന്ന ചോദ്യം ഉയര്‍ന്നുവരാറുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ആസനങ്ങള്‍ ആവാമോ എന്നാണ് പലര്‍ക്കും സംശയം. വൈഷ്ണവ മാര്‍ഗ്ഗദര്‍ശിയായ നാദമുനിയുടെ ‘യോഗരഹസ്യം’ എന്ന ഗ്രന്ഥത്തില്‍ പുരുഷന്മാരെക്കാള്‍ യോഗയുടെ ആവശ്യം സ്ത്രീകള്‍ക്കാണെന്ന് പറഞ്ഞിട്ടുണ്ട്. ചെറിയകുട്ടികള്‍, ഗൃഹസ്ഥര്‍ എന്നിങ്ങനെ ഓരോ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രത്യേകം പ്രത്യേകം ആസനങ്ങള്‍ ഉണ്ടെന്നാണ് നാദമുനി രേഖപ്പെടുത്തിക്കാണുന്നത്.

ഒരേ യോഗാസനത്തില്‍ത്തന്നെ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. വ്യത്യസ്ത യോഗാചാര്യന്മാരുടെ ശൈലികളാണ് ഇവ. ഇതില്‍ തെറ്റൊന്നുമില്ല. അതുപോലെ ചിലര്‍ യോഗപരിശീലനം അര്‍ത്ഥമേരു ദണ്ഡാസനത്തില്‍നിന്നാരംഭിക്കുന്നു. മറ്റുചിലര്‍ ശവാസനത്തില്‍ നിന്നാരംഭിക്കണമെന്നാണ് പറയുക. ഏതില്‍നിന്നു തുടങ്ങിയാലും യോഗവിദ്യയുടെ ഫലം ഓരോര്‍ത്തര്‍ക്കും ഒരുപോലെതന്നെ ലഭിക്കുന്നതാണ്.

ആരോഗ്യമെന്നാല്‍

ഒരു വ്യക്തി പൂര്‍ണ്ണാരോഗ്യവാനായിരിക്കുവാന്‍ പതിവായി യോഗാസനങ്ങള്‍ പരിശീലിച്ചാല്‍ മതിയെന്ന് ഋഷിവര്യന്മാര്‍ ഉപദേശിക്കുന്നു. ആസനങ്ങള്‍ രോഗങ്ങളില്‍നിന്ന് മുക്തിയേകുന്ന മഹത്തായ ജീവതചര്യയയും വ്യായാമമുറയുമാണ്. ലോകരാഷ്ട്രങ്ങള്‍ പലതും ഈ വസ്തുത അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

അതിന് തെളിവാണ് അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും രൂപംകൊണ്ട് യോഗപരിശീലനകേന്ദ്രങ്ങള്‍. രോഗങ്ങളില്‍നിന്ന് മോചനം നേടാന്‍ യോഗകൊണ്ട് സാധിക്കുമെന്നത് ശരിതന്നെ. പക്ഷെ ഇന്നു കാണുന്ന മുഴുവന്‍ രോഗങ്ങള്‍ക്കും യോഗ പ്രതിവിധിയാകുന്നില്ല എന്ന് നാം മനസ്സിലാക്കാണം. ചില യോഗശാസ്ത്രങ്ങളില്‍ സകല രോഗങ്ങളെയും ഭേദപ്പെടുത്താനുള്ള ഒറ്റമൂലിയായി ചിത്രീകരിച്ച് കാണാറുണ്ട്. അതിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. ദീര്‍ഘകാല രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ യോഗ അത്ഭുതകരമായ ഫലങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. പ്രമേഹം, ആസ്മ, ഗ്യാസ്ട്രബിള്‍, മലബന്ധം, ആര്‍ത്രൈറ്റീസ്, ഉദരസംബന്ധമായ ചില അസുഖങ്ങള്‍, പുറംവേദന, ഓര്‍മ്മക്കുറവ്, നെഞ്ചുവേദന, പൊളൈറ്റീസ്, കൊറോണറിഡിസീസ്, ഗര്‍ഭാശയത്തിന്റെ സ്ഥാനചലനം, ഹെര്‍ണിയ, ലൈഗിംകഗ്രന്ഥികളുടെ വളര്‍ച്ചക്കുറവ് തുടങ്ങിയ ഒട്ടനവധി രോഗങ്ങള്‍ യോഗയ്ക്ക് വഴിമാറിക്കൊടുത്തിട്ടുണ്ട്. പക്ഷെ ഇത് സ്വജീവിതത്തില്‍ പകര്‍ത്താനോ രോഗങ്ങളില്‍നിന്ന് ശാശ്വതമായ പരിഹാരം കാണാനോ മിക്കവരും ശ്രമിച്ചുകാണുന്നില്ല. ഉടന്‍ നിവാരണത്തിനുള്ള കുറുക്കുവഴികള്‍ അന്വേഷിക്കുകയാണ് പലരും.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഫാമിലീ മെഡിക്കല്‍ ഗൈഡ് എന്ന പുസ്തകത്തില്‍ ഒരു വ്യക്തി പൂര്‍ണ്ണ ആരോഗ്യവാനായി ജീവിക്കാന്‍ എന്തൊക്കെ അനുഷ്ഠിക്കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരം മാത്രം ആരോഗ്യത്തോടെ ഇരുന്നാല്‍പോരാ മനസ്സിനും ആരോഗ്യവേണം. അപ്പോഴേ പൂര്‍ണ്ണ ആരോഗ്യം എന്ന സങ്കല്പം പൂര്‍ണ്ണമാകുകയുള്ളൂ. പുകവലിക്കാതിരിക്കുക, മദ്യത്തിന്റെ മിതമായ ഉപയോഗം, വ്യായാമം, ശരീരത്തിന് ദോഷം ചെയ്യാത്ത ആധാരം, അമിതഭാരം ഉണ്ടാവാതിരിക്കല്‍ എന്നിവയാണ് പ്രസ്തുത പുസ്തകത്തിലെ കാതലായ നിര്‍ദ്ദേശങ്ങള്‍.

വ്യായാമത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് 60വയസ്സില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും അയാള്‍ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാകണം. വല്ല രോഗങ്ങളും വരാനുള്ള സാധ്യത തെളിഞ്ഞുകാണുന്നുവെങ്കില്‍ അത്തരം ആളുകള്‍ യോഗപരിശീലിക്കുന്നത് വളരെ ശ്രദ്ധിച്ചുവേണം. അതുപോലെ നാല്‍പത്തഞ്ച് വയസ്സുവരെ ഏതൊരു വ്യായാമപരിശീലനം ചെയ്തിട്ടില്ലാത്തവരും ഡോക്ടറുടെയും യോഗാചാര്യന്റെയും നിര്‍ദ്ദേശം വാങ്ങിയിരിക്കണം. പുസ്തകം നോക്കി മാത്രം യോഗപഠിക്കുന്നത് അശാസ്ത്രീയമായി തീരാറുണ്ട്. പ്രത്യേകതരം രോഗമുള്ളവര്‍ ചില ആസനങ്ങള്‍ ഒഴിവാക്കേണ്ടിവരും. അതിന് ഒരു യോഗാചാര്യന്റെ ഉപദേശം ആവശ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം