രത്‌ന വ്യാപാരിയുടെ കൊലപാതകം: അഞ്ചുപേര്‍ പിടിയില്‍

January 5, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: രത്‌ന വ്യാപാരി ഹരിഹരവര്‍മ്മയുടെ കൊലപാതക കേസില്‍ അഞ്ച്‌ പ്രതികള്‍ പിടിയില്‍. പോലീസ് ഇവരെ ചോദ്യം ചെയ്തു. ഉച്ചയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പ്രതികളെക്കുറിച്ച് വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഹരിഹരവര്‍മയുടെ കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടെയാണ് നാല് പ്രതികള്‍ അറസ്റ്റിലായിരിക്കുന്നത്. ഹരിഹര വര്‍മ്മ മാവേലിക്കര രാജ കുടുംബാംഗമാണെന്ന് വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് കോവിലകം നിഷേധിച്ചു.

ക്രിസ്മസിന്റെ തലേ ദിവസമാണ് തിരുവനന്തപുരം പുതൂര്‍ക്കോണത്ത് ഹരിദാസ് എന്നയാളുടെ മകളുടെ വീട്ടില്‍ ഹരിഹരവര്‍മ കൊല്ലപ്പെട്ടത്. അന്വേഷണത്തില്‍ ആദ്യം കാണിച്ച ശുഷ്‌കാന്തി പിന്നീട് ലോക്കല്‍ പോലീസ് പ്രകടിപ്പിച്ചില്ലെന്ന് ആരോപണമുണ്ട്. അന്വേഷണ സംഘത്തിന്റെ ഘടനയിലുണ്ടായ മാറ്റമായിരുന്നു കാരണം. ഇത് വിവാദമായതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന.

രത്‌നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹരിഹരവര്‍മയെ കൊലപ്പെടുത്തിയെന്നാണ് ഹരിദാസ് പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, സംഭവത്തിന് ദൃക്‌സാക്ഷിയായ ഹരിദാസില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഹരിദാസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം പോലീസ് പ്രതികളുടെ രേഖാചിത്രം തയാറാക്കി. എന്നാല്‍ പ്രതികള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ ജഹാംഗീര്‍ ഇത് തിരിച്ചറിഞ്ഞില്ല.

ഹരിദാസും മകന്‍ ഹരീഷ്‌കുമാറും ഫേയ്‌സ്ബുക്ക് മുഖേന നടത്തിയ രത്‌നവ്യാപാരത്തിന്റെ വിശദാംശങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഹരിഹരവര്‍മയുടെ പാലക്കാട്ടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലും നിരവധി രത്‌നങ്ങളും വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളും ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ ടി.ജെ.ജോസിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയാണ് കേസ് അന്വേഷിച്ചിരുന്നത്. ജോസിന് ഐ.ജിയായി സ്ഥാനക്കയറ്റം ലഭിക്കുകയും വിമലാദിത്യ പത്തനംതിട്ട എസ്.പിയായി പോകുകയും ചെയ്തതോടെ അന്വേഷണ സംഘത്തിനു നേതൃത്വം ഇല്ലാതായി.

ഇതോടെയാണ് ഹരിഹരവര്‍മ കൊലക്കേസിന്റെ അന്വേഷണം മരവിച്ചത്. ഇതെല്ലാം ഏകോപിപ്പിക്കാനും അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് ചുമതല നല്‍കിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍