ശ്രീ ശ്രീ രവിശങ്കറും ശാസ്ത്ര – സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍ സംവാദം

January 5, 2013 കേരളം

തിരുവനന്തപുരം: പാരമ്പര്യവും ആധുനികതയും തമ്മിലുള്ള പാരസ്പര്യം സാമൂഹ്യ പരിവര്‍ത്തനത്തിന് എന്ന വിഷയത്തില്‍ ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കറും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും തമ്മിലുള്ള സംവാദത്തിന് സ്വദേശി ശാസ്ത്രപ്രസ്ഥാനം വേദിയൊരുക്കുന്നു. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ജനുവരി 10നാണ് സംവാദം നടക്കുക. സമീപകാല ശാസ്ത്രപുരോഗതി, സാമൂഹിക പരിവര്‍ത്തനത്തിന് ആത്മീയതയും ആധുനികശാസ്ത്രവും തമ്മിലുളള സമന്വയത്തിന്റെ പങ്ക് എന്നീവിഷയങ്ങളില്‍ സംവാദരൂപേണയുള്ള ആശയവിനിമയമാണ് ഉദ്ദേശിക്കുന്നതെന്ന് സ്വദേശി ശാസ്ത്രപ്രസ്ഥാനം സംസ്ഥാനപ്രസിഡന്റ് ഡോ.വി.പിഎന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ ഡോ.കെ.മുരുകന്‍, സി.എന്‍. രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഭൗതികമായി മനുഷ്യന്‍ അവിശ്വസനീയമായ പുരോഗതി കൈവരിച്ചുവെങ്കിലും മനുഷ്യമനസ് കാലുഷ്യത്തിന്റെയും അസംതൃപ്തിയുടെയും പിടിയിലമര്‍ന്നുപോയിരിക്കുന്നു. ശാസ്ത്ര-സാങ്കേതികപുരോഗതിയിലൂടെ ലോകം ‘ആഗോളഗ്രാമ’മായി മാറിയെങ്കിലും മനുഷ്യമനസുകള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചിട്ടേയുള്ളൂ. സാംസ്‌കാരിക പൈതൃകം തീരെ വേരറ്റുപോയിട്ടില്ലാത്തതുകൊണ്ടുമാത്രം ഭാരതത്തെ മേല്‍പറഞ്ഞ് കാലുഷ്യം അത്രകണ്ട് ഗ്രസിച്ചിട്ടില്ല. എങ്കിലും ആത്മീയ ഗുരുക്കന്മാരും ശാസ്ത്രജ്ഞന്മാരും തമ്മില്‍ ഒരു സംവാദം ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണെന്ന് അവര്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.ജി. മാധവന്‍നായര്‍, കേരളാ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ.വി.എന്‍.രാജശേഖരന്‍പിള്ള, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ജെ.രാധാകൃഷ്ണന്‍, രാജീവ്ഗാന്ധി സെന്റര്‍ ഡയറക്ടര്‍ ഡോ.എന്‍.രാധാകൃഷ്ണപിള്ള, ഡോ.വി.പി.എന്‍ നമ്പൂതിരി എന്നിവര്‍ ഉള്‍പ്പെട്ട പാനലാണ് ചര്‍ച്ച നയിക്കുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പ്രമുഖരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിനിധികളായി പങ്കെടുക്കും.

ശാസ്ത്രസാങ്കേതികരംഗത്തെ ഗവേഷണമികവിന് ഡോ.എ.അജയഘോഷ്, ഡോ.സി.എ.ജയപ്രകാശ് എന്നിവരെ സ്വദേശി ഇന്നോവേഷന്‍ പുരസ്‌കാരം നല്‍കി സമ്മേളനത്തില്‍ ആദരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം